തിരുവനന്തപുരം: അരുവിക്കരയിൽ ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച സാദ്ധ്യതാ പട്ടികയിൽപ്പെട്ട വി.കെ. മധുവിന്റെ പേരിന് പകരം, സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനലിൽ ജി. സ്റ്റീഫനെ ഉൾപ്പെടുത്തിയതിൽ ഇന്നലെ ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റിയിൽ എതിർപ്പുയർന്നു.
സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ എതിർപ്പ് തള്ളിയെങ്കിലും അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാവുമെന്ന് വ്യക്തമാക്കി. രണ്ട് ടേം മത്സരിച്ചവരെ ഒഴിവാക്കുന്നത് കർശനമാക്കിയ തീരുമാനം വിശദീകരിച്ച കോടിയേരി, അടുത്ത തവണ മത്സരത്തിനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.
ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചത് മധുവിനെയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവിടെ പ്രവർത്തനവും തുടങ്ങിയെന്നും കരമന ഹരി, എസ്.എസ്. രാജലാൽ, എം.എം. ബഷീർ തുടങ്ങിയവർ വാദിച്ചു. എന്നാൽ, ജില്ലാ ഘടകത്തോട് സാദ്ധ്യതാപാനൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടാൽ അതെങ്ങനെ അന്തിമ തീരുമാനമാകുമെന്ന് കോടിയേരി ചോദിച്ചു. ജില്ലാ കമ്മിറ്റികൾ സമർപ്പിക്കുന്ന സാദ്ധ്യതാ പാനലുകളിൽ നിന്ന് ചില പേരുകൾ സ്വീകരിക്കും, ചിലത് ഒഴിവാക്കേണ്ടിവരും. ഒറ്റപ്പാലത്ത് മുമ്പ് എസ്. ശിവരാമൻ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചത് ഒന്നര ലക്ഷം വോട്ടിനായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ശിവരാമനെ സംസ്ഥാന കമ്മിറ്റി വീണ്ടും നിർദ്ദേശിച്ചപ്പോൾ, പോളിറ്റ്ബ്യൂറോ അത് വെട്ടി. എല്ലാ തിരഞ്ഞെടുപ്പിലും പതിവ് മുഖങ്ങൾ വരുന്നത് എവിടെയെങ്കിലും നിറുത്തലാക്കണ്ടേ. പശ്ചിമബംഗാളിൽ ഇടതുമുന്നണി ഭരിച്ച 30 കൊല്ലവും മന്ത്രിമാരായവർ തന്നെയാണ് മത്സരിച്ചത്. അവിടെയിപ്പോളെന്തായി? തോമസ് ഐസക്കും ജി. സുധാകരനും മന്ത്രിമാരാണ്. അവർ നാലും മൂന്നും ടേമുകളായി തുടർച്ചയായി മത്സരിച്ചു. പുതിയ ആളുകൾക്ക് അവസരം ലഭിക്കുമ്പോഴാണ് അവരുടെ കഴിവുകൾ തെളിയിക്കപ്പെടുക. മുമ്പ് എ. സമ്പത്തിനെ ആദ്യമായി ലോക്സഭയിലേക്ക് മത്സരിപ്പിച്ചപ്പോൾ ഇവിടെ ജില്ലാകമ്മിറ്റിയിൽ മൂന്ന് പേരല്ലേ അനുകൂലിച്ചത് - കോടിയേരി ചൂണ്ടിക്കാട്ടി.
അതേസമയം, സാമുദായിക സമവാക്യങ്ങൾ കുറയുന്നതടക്കമുള്ള പരിഗണനകൾ നോക്കിയാണെങ്കിൽ സംസ്ഥാനകമ്മിറ്റിക്ക് ഇത്തരം തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടെന്ന് ജി.സുഗുണൻ, വി. ജയപ്രകാശ്, ലെനിൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളിയുടെ പ്രവർത്തനം ഏകപക്ഷീയമായിരുന്നുവെന്ന് ചിലർ വിമർശിച്ചു.