തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടുത്തിടെ അസാമിലെ ബിശ്വനാഥിൽ സദുരു തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്കൊപ്പം തേയില നുള്ളാനിറങ്ങിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഓർമ്മയില്ലേ. തലയിൽ സ്കാർഫണിഞ്ഞ്, മുതുകിൽ കുട്ടയുമേന്തി തോട്ടത്തിലെ സ്ത്രീ തൊഴിലാളികൾക്കൊപ്പം കളി തമാശകൾ പറഞ്ഞും അവർക്കൊപ്പം നൃത്തച്ചുവടുകൾ വച്ചും ഭക്ഷണം കഴിച്ചും പ്രിയങ്ക തൊഴിലാളി സ്ത്രീകളുടെ സ്വന്തം ആളായി മാറിയിരുന്നു.
ഇതിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടുകയും ചെയ്തു. അസാമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ പോകുന്ന അഞ്ച് വാഗ്ദാനങ്ങളിൽ ഒന്ന് തേയിലത്തോട്ടം തൊഴിലാളികളുടെ ദിവസവേതനം 167 രൂപയിൽ നിന്ന് 365 ആക്കി ഉയർത്തുമെന്നതാണെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. അസാമിലെ തേയിലത്തോട്ട മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ജീവിത നിലവാരവും അവരുടെ വേതനവും തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്നാക്കി മാറ്റിയത് പ്രിയങ്ക മാത്രമല്ല.
അസാമിലെ ചെറിയ പാർട്ടികൾ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടമാണ് തേയിലത്തോട്ടങ്ങൾ. കാരണം, അസാമിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടതും അതേസമയം, പ്രധാന വോട്ട് ബാങ്കുമാണ് തോട്ടം മേഖലയിലെ പത്ത് ലക്ഷത്തോളം വരുന്ന തൊഴിലാളികൾ. സംസ്ഥാനത്തെ 126 സീറ്റുകളിലെ 40 ഓളം സീറ്റുകളിലെ നിർണായക ഘടകമാണിവർ. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം നിലനിൽക്കെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തൊഴിലാളികളുടെ വേതനം 167ൽ നിന്ന് 217യായി ഉയർത്തിയിരുന്നു.
ആരാണവർ ?
ഇന്ത്യയിൽ തേയിലെ ഉത്പാദനത്തിൽ പകുതിയും അസാമിൽ നിന്നാണ്. 1860ന് ശേഷം മദ്ധ്യപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ്, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ബ്രിട്ടീഷുകാർ അസാമിലെ വിശാലമായ തേയിലത്തോട്ടങ്ങളിലേക്കെത്തിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവരുടെ ജീവിതം ഇന്നും ദുരിതക്കയത്തിലാണ്. സാക്ഷരതയുടെയും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുടെയും അഭാവം ഇവരെ വേട്ടയാടുന്നു.
അവഭാജ്യ ഘടകം
അസാമിലെ ജനസംഖ്യയിൽ 17 ശതമാനവും തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. 800ലേറെ തോട്ടങ്ങളിലും നിരവധി ചെറു അസംഘടിത തോട്ടങ്ങളിലുമായി ഇവർ വ്യാപിച്ചിരിക്കുന്നു. തോട്ടങ്ങളോട് ചേർന്നുള്ള ഇടങ്ങളിൽ കൂട്ടമായാണ് ഇവർ താമസിക്കുന്നത്. കോൺഗ്രസിനെ മറികടന്ന് ഇവർക്കിടയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ ഇപ്പോൾ ബി.ജെ.പിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ തോട്ടം തൊഴിലാളികളുടെ വോട്ട് ബി.ജെ.പിയ്ക്ക് നിർണായക ശക്തിയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം
സോനോവാൾ സർക്കാർ തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് ക്ഷേമ പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. സോനോവാൾ സർക്കാർ തൊഴിലാളികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചിരുന്നു. എന്നാൽ, 217 ആയി വേതനം ഉയർത്തിയതും അവർക്കായി സൗജന്യ അരി വിതരണം ചെയ്യുന്നതും റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി മന്ത്രി ഹിമാന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. പ്രിയങ്കയെ പോലൊരു അതിഥിയെ സ്വീകരിക്കാൻ തോട്ടം മേഖലയ്ക്ക് കഴിഞ്ഞത് തന്നെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തങ്ങൾ നടത്തിയ വികസനത്തിന്റെ ഫലമാണെന്ന് ശർമ പറയുന്നു.