മൂന്നാർ: അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ബീഹാർ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബീഹാർ ദർവ ഗംഗ സ്വദേശി മുഹമ്മദ് കൈസാണ് (44) അറസ്റ്റിലായത്. ഇടുക്കി എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടയാർ റോഡിലെ തേവർ കോളനിയിലെ പ്രതി താമസിച്ചിരുന്ന വീട്ടിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിത പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഗുഡ്ക, ഹാൻസ്, ഗണേശ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ആറ് മുതൽ 10 രൂപ വരെ വിലയുള്ള ഉത്പന്നങ്ങൾ ടൗണിൽ ഇയാൾ നടത്തി വരുന്ന കമ്പിളി വസ്ത്ര വിൽപ്പന ശാലയിൽ വച്ച് 80 രൂപയ്ക്കാണ് ആവശ്യക്കാർക്ക് വിറ്റു വന്നത്. ബ്ലംഗ്ലൂരിൽ നിന്ന് കമ്പിളി വസ്ത്രങ്ങൾ എന്ന പേരിൽ ട്രെയിനിലാണ് ഇവ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് ഇയാൾ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ടൗണിൽ കമ്പിളി വ്യാപാരം നടത്തി വരികയാണ്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി. മറയൂർ എക്സൈസ് ഇൻസ്പെക്ടർ ടി. രഞ്ജിത്ത് കുമാർ, രഹസ്യാന്വേഷണ വിഭാഗം പ്രിവന്റീവ് ആഫീസർ എസ്. ബാലസുബ്രമണ്യൻ, പ്രിവന്റീവ് ആഫീസർമാരായ സി.സി. സാഗർ, പി.ജി.രാധാകൃഷ്ണൻ ,സി.ഇ.ഒമാരായ റോജൻ അഗസ്റ്റിൻ, വിനീത്, സി.കെ.മനീഷ് മോൻ, അഭിലാഷ്, വി.ആർ.ബിന്ദു മോൾ എന്നിവരുടെ നേതൃത്വത്തിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.