ആലപ്പുഴ: ആലപ്പുഴ നഗരസഭ അദ്ധ്യക്ഷയായി സൗമ്യ രാജിനെ തിരഞ്ഞെടുത്തതിനെതിരെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.എം സസ്പെൻഡ് ചെയ്തു. നെഹ്രുട്രോഫി വാർഡിലെ എ, സി, ഡി ബ്രാഞ്ച് സെക്രട്ടറിമാരായ പി. പ്രദീപ്, സുകേഷ്, പി.പി. മനോജ് എന്നിവർക്കെതിരെയാണ് നടപടി.
ഏരിയ സെക്രട്ടറി വി.ബി. അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിയിൽ സീനിയറായ, നെഹ്രുട്രോഫി വാർഡ് കൗൺസിലർ കെ.കെ. ജയമ്മയെ തഴഞ്ഞെന്നായിരുന്നു പ്രകടനക്കാരുടെ ആക്ഷേപം. നൂറോളം പ്രവർത്തകരാണ് നഗരത്തിൽ പ്രകടനം നടത്തിയത്. തീരുമാനം ഏകപക്ഷീയമാണെന്നുള്ള ആരോപണം നേതൃത്വം തള്ളി. പ്രതിഷേധത്തിന് മുൻകൈയെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിയെടുത്തുവെന്ന് അന്ന് അറിയിച്ചെങ്കിലും സംസ്ഥാന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ജില്ലാ നേതൃത്വം പിൻവാങ്ങി. അച്ചടക്കം ലംഘിച്ച് പാർട്ടിക്ക് അപകീർത്തികരമായ രീതിയിൽ പ്രകടനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് ഇപ്പോഴത്തെ നടപടി. പ്രകടനത്തിൽ പങ്കെടുത്ത മറ്റ് പാർട്ടി അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകും.