Kerala Kaumudi Online
Saturday, 25 May 2019 10.26 PM IST

ബുദ്ധി ശരിയായി ഉപയോഗിച്ചാൽ

guruprakasham-

ഈ ലോകത്ത് ഒരു തെറ്റെങ്കിലും ചെയ്യാത്തവരായിട്ട് ആരെങ്കിലുമുണ്ടാകുമോ? ഉണ്ടാവില്ലെന്നത് നിശ്ചയമാണ്. അതിനു കാരണം മനുഷ്യനുമേലുള്ള മനസിന്റെ മേധാവിത്വമാണ്. മനസാണു മനുഷ്യനെ നയിക്കുന്നത്. മനസ് ഒരു മലർവാടി പോലെയാണ്. അതിൽ പലപല വർണങ്ങളിലും വലിപ്പങ്ങളിലും ആകൃതികളിലുമുള്ള അനേകം ചെടികളുണ്ടാവും. ഗന്ധങ്ങളുടെ വൈവിധ്യങ്ങളുണ്ടാവും. കയ്പ്പും മധുരവും തരുന്ന ഇലകളും മുള്ളുകളും പടർപ്പുകളുമുണ്ടാവും. തേനീച്ചകളും ശലഭങ്ങളും വണ്ടുകളും തുടങ്ങി അനേകതരം പ്രാണിവർഗങ്ങൾ പറന്നു നടക്കുന്നുമുണ്ടാവും. ഇതിനെയെല്ലാം പോറ്റി നിർത്തുന്ന മലർവാടിയിലെ ഒരു ചെടിപോലെയാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ എല്ലായ്‌പ്പോഴും മനുഷ്യൻ മനസിനു അധീനനാണ്. ഈ പരിമിതി ഉള്ളിടത്തോളം കാലം മനുഷ്യന് തെറ്റിൽ നിന്നും അന്തിമമായ മോചനമുണ്ടാവുകയില്ല. എന്തെന്നാൽ വാസനാസങ്കല്പങ്ങളുടെയും രാഗദ്വേഷങ്ങളുടെയും ഒരു വലിയ കലവറയാണ് മനസ്. അവിടെ മതവും മാത്സര്യവും വിശ്വാസവുമെല്ലാം മാറിമാറി വരും. അങ്ങനെയുള്ള മനസിനെ ലാളിക്കാൻ പോയാൽ ലാളിക്കുന്നവൻ വഷളനായിത്തീരും. ഇതാണു എല്ലാ അസ്വാസ്ഥ്യങ്ങൾക്കും ദുരനുഭവങ്ങൾക്കും കാരണമായിത്തീരുന്നത്.


എന്നാൽ സ്വന്തം ഇച്ഛാശക്തികൊണ്ട് സ്വയം മനസിനെ മെരുക്കുന്നവനും നിയന്ത്രിക്കുന്നവനും ജീവിതത്തിൽ പരാജയത്തെ പരാജയപ്പെടുത്തുന്നവനും വിജയത്തിന്റെ കൊടികൾ നാട്ടുന്നവനുമാണ്. നമ്മുടെ മേലധികാരിയായി മനസിനെ വാഴുവാൻ അനുവദിക്കാതിരിക്കുകയും മനസിന്റെ മേലധികാരിയായി നമുക്കു വാഴുവാൻ സാധിക്കുകയും ചെയ്യുമ്പോഴാണു ഒരുവനു ബുദ്ധിസ്ഥിരത കൈവരുന്നത്. ബുദ്ധിസ്ഥിരതയുള്ളവനു മാത്രമേ ദൃഢനിശ്ചയനായി കർമ്മരംഗത്ത് വിജയിക്കാനാവൂ എന്നു ഭഗവദ്ഗീതയും സമർത്ഥിക്കുന്നുണ്ട്.
ഈ ലോകത്തിൽ എല്ലാവരും ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും അവരവർ ചെയ്യുന്ന പ്രവൃത്തികൾ വിജയകരമായിത്തീരണമെന്നാണ്. ഏതു പ്രവൃത്തിയിലും വിജയമുണ്ടാകണമെങ്കിൽ അതിനുള്ള ആഗ്രഹവും പ്രാർത്ഥനയും മാത്രം പോരാ. അതിനു ദൃഢനിശ്ചയം കൂടി വേണം. ആ ദൃഢനിശ്ചയത്തിലേക്കു വെളിച്ചം പരത്തുന്ന തെളിച്ചമുള്ള വിചാരം വേണം. നല്ല വിചാരമുള്ളവരിൽ നിന്നാണ് നല്ല പ്രവൃത്തികൾ ഉണ്ടാകുന്നതെന്ന സോക്രട്ടീസിന്റെ ഉപദേശസാരവും ഇവിടെയോർക്കാം.


സദ്‌വിചാരമുള്ളവനിൽ തെറ്റ് ചെയ്യുവാനുള്ള വാസനയ്ക്ക് ഇരിക്കുവാൻ ഇടം ഉണ്ടാവുകയില്ലെന്നതാണ് നേര്. അതുപോലെ തന്നെ അധമവിചാരത്തിനു കീഴ്‌പെട്ടവനിൽ ശരി ചെയ്യുവാനുള്ള വാസനയ്ക്ക് ഇരിക്കുവാനും ഇടമുണ്ടാവുകയില്ല. ശരിയിൽ നിന്നും തെറ്റിനെ വേർതിരിച്ചു നിർത്തുന്ന ഇടവരമ്പ് വളരെ നേർത്തതാണ്. അതിനാൽ അശ്രദ്ധയുടെ ഒരു ഇമവെട്ടൽ നേരം മതി ശരിയിൽ നിന്നും തെറ്റിലേക്ക് പതിക്കുവാൻ. എന്നാൽ തെറ്റിൽ നിന്നും ശരിയിലേക്കെത്തണമെങ്കിൽ ആയിരം ഇമവെട്ടൽ നേരവും പോരാതെ വരും. അതു മനസിലാക്കാൻ ഒരു സന്ദർഭം പറയാം.


ഒരാൾ ഒരു ശൈത്യകാലത്ത് ഒരു കൂട നിറയെ പനിനീർപ്പൂക്കളുമായി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ആ യാത്രയ്ക്കിടയിൽ ഒരു പെൺകുട്ടി വന്നു അയാളുടെ അരികിൽ ഇരുന്നു. തന്റെ മകളുടെ പ്രായത്തിലുള്ള ആ കുട്ടിയെ കണ്ടപ്പോൾ അയാളുടെ ഉള്ളം നിറയെ സ്‌നേഹവാത്സല്യങ്ങൾ പൂത്തലുഞ്ഞു. പനിനീർപ്പൂക്കളുടെ സൗരഭ്യത്തിലും അതിന്റെ മനോഹാരിതയിലും വളരെയധികം ആകർഷിക്കപ്പെട്ട അവൾ ആ പൂക്കൂടയിൽത്തന്നെ കണ്ണും നട്ടിരുന്നു.

അതു കണ്ട അയാൾക്ക് ആ പൂവിൽ അവൾക്ക് വലിയ ആഗ്രഹമുണ്ടെന്നു മനസിലായി. അടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ ആ പൂക്കുട അതുപോലെ തന്നെ അവൾക്ക് സമ്മാനിച്ചിട്ട് അയാൾ ഇറങ്ങി. എന്നിട്ട് അവിടെയുള്ള ഒരു മരത്തിനു മുന്നിൽ നിന്നു പ്രാർത്ഥിക്കുകയും വിതുമ്പിക്കരയുകയും ചെയ്തു. അതു കണ്ടിട്ടു ആ കുട്ടി വേഗം ഓടിയിറങ്ങി ആ പൂക്കൂട അയാൾക്കു നേരേ നീട്ടി. അപ്പോൾ അയാൾ പറഞ്ഞു.
'കുഞ്ഞേ നിന്റെ പ്രായമായിരുന്നു എന്റെ മകൾക്കും. അവൾ കഴിഞ്ഞ ശൈത്യകാലത്ത് ഇവിടെ വെച്ചുണ്ടായ ഒരപകടത്തിൽ മരണപ്പെടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച ഞാനാണ് അതിനുത്തരവാദി. പക്ഷേ അതിനുശേഷം ഞാൻ ഒരിക്കൽപ്പോലും മദ്യപിച്ചിട്ടില്ല.'


അയാളുടെ നിറഞ്ഞുതുളുമ്പിയ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നിട്ട് അവൾ ആ പൂക്കൂടയിലെ പനിനീർപ്പൂക്കളിൽ നിന്നു ഒന്നൊഴികെ ബാക്കിയെല്ലാമെടുത്തു ആ മരത്തിന് ചുവട്ടിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. അതിനുശേഷം മാറ്റി വെച്ച ആ ഒറ്റപ്പൂവുമെടുത്തു മടങ്ങുമ്പോൾ അവൾ ഗദ്ഗദത്തോടെ പറഞ്ഞു.
'ഈ പൂവ് എന്റെ അച്ഛനുള്ളതാണ്'
അതു കേട്ടിട്ട് അയാൾ പറഞ്ഞു. 'ഈ പൂക്കളെല്ലാം എന്റെ മകളുടെ അവസാനശ്വാസം വീണ് നനഞ്ഞ ഈ മരച്ചുവട്ടിൽ സമർപ്പിക്കുവാൻ കൊണ്ടുവന്നതായിരുന്നു. അതിപ്പോൾ കുട്ടിതന്നെ നിർവ്വഹിച്ചല്ലോ. മാറ്റിവെച്ച ഈ ഒറ്റപ്പൂവ് അച്ഛന് കൊടുക്കുമ്പോൾ എന്റെ മകളെക്കുറിച്ചും പറയണം.'
അതിനു മറുപടിയായി അച്ഛൻ ജീവിതത്തിനും മരണത്തിനുമിടയിലാണെന്നു അവൾ പറഞ്ഞു. അതിന്റെ കാരണം മദ്യപാനമാണെന്നും. പിന്നീട് അവർ രണ്ടുപേരും രണ്ടു വഴിക്കു മടങ്ങിപ്പോയി. വളരെ നാളുകൾക്കുശേഷം ഒരു പ്രഭാതത്തിൽ അവൾ അയാളെ കണ്ടുമുട്ടി. അപ്പോൾ ഓടിയെത്തി സന്തോഷത്തോടെ അവൾ ഇപ്രകാരം പറഞ്ഞു.
'ആ പൂവ് എനിക്കു എന്റെ അച്ഛനെ തിരികെ തന്നു.'


ചില കാര്യങ്ങൾ വിചാരങ്ങളിൽ നിന്നുണ്ടാകുന്നത് ഇങ്ങനെയാണ്. വന്നുപോയ ചില തെറ്റുകളിൽ സ്വയം ചില തിരുത്തലുകൾ വരുത്തിയാൽ അതു വലിയ ശരികളിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കും. ഇങ്ങനെ തെറ്റുപറ്റുമ്പോൾ അതു തിരിച്ചറിയാനും തിരുത്താനും അതിൽ നിന്ന് ശരികളിലേക്ക് എത്താനും നമുക്ക് കഴിയണം. അതിനു സഹായിക്കുന്ന വലിയൊരു മൂലികയാണ് സദ്‌വിചാരം. അതുകൊണ്ടാണ് ഗുരുക്കന്മാരെല്ലാം നമ്മെ സദ്‌വിചാരത്തിന്റെ മണ്ഡലത്തിലേക്ക് നയിക്കുന്നത്. കാരണം തിരുത്തലുകളും ശരികളും വിചാരമണ്ഡലത്തിലൂടെയല്ലാതെ ഒരാൾക്കും പ്രാപ്യമാവുകയില്ല എന്നതാണ്.


'ഹൃദയത്തെ നല്ലവണ്ണം സൂക്ഷിച്ചില്ലെങ്കിൽ അവരവരോടും മറ്റുള്ളവരോടും അനുകമ്പ ഉണ്ടാവുകയില്ല. പിന്നെ തലയെയാണ് നല്ലവണ്ണം പരിപാലിക്കേണ്ടത്. എന്തു വിചാരിക്കുന്നതും ചെയ്യുന്നതും ബുദ്ധി ശരിയായി ഉപയോഗിച്ചു ചെയ്യണം' എന്ന തൃപ്പാദങ്ങളുടെ ഉദ്‌ബോധനം സദ് വിചാരത്തിലേക്കു പ്രവേശിക്കുവാൻ വേണ്ട തെളിച്ചവും വെളിച്ചവും നമുക്ക് പ്രദാനം ചെയ്യുന്നതായിത്തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GURUPRAKASHAM, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY