SignIn
Kerala Kaumudi Online
Thursday, 27 January 2022 10.25 AM IST

അണ്ണാനും ആ വർത്തമാനവും

annan

''ചിൽ ചിൽ..... ചിൽ ചിൽ .......ചിൽ ചിൽ ...""

മനു തിരിഞ്ഞുനോക്കി. മുറ്റത്തൊരു അണ്ണാൻ. മനുവിനാദ്യം ഓർമവന്നത് രണ്ടാം ക്ലാസിൽ രണ്ടാം പാഠമായി പഠിച്ച മൈനയുടെ കഥയാണ്! ഭാഗ്യം അണ്ണാൻ ക്ലി ക്ലി ക്ലി....ക്ലൂ ക്ലൂ ക്ലൂ ഒന്നും പഠിച്ചിട്ടില്ല. രണ്ടാം ക്ലാസ്സുവരെ എത്തിയിട്ടുണ്ടാവില്ല!
''ഹായ് അണ്ണനെ...""
ദ്രുതനാവിന്റെ പിഴയാവാം മനുവിന് തെറ്റി.
''അണ്ണനെ.. അല്ല 'അണ്ണാനെ എന്നതാ ശരി ""

അണ്ണാൻ മുരണ്ടു.
''എന്ത് ...നിനക്ക് സംസാരിക്കാനറിയോ...?""

മനു തെല്ല് അടുത്തെകാഞ്ഞു അണ്ണാനെ സൂക്ഷിച്ചു നോക്കി.
''മലയാളം പഠിച്ചിട്ടില്ല എന്നാലും എനിക്കും നന്നായി മലയാളം വഴങ്ങും. ഒന്നുമില്ലേലും ഞാനും ഈ മലയാളനാട്ടിൽ പിറന്നതല്ലേ?ചിൽ ചിൽ ...""
കൈയിലിരുന്ന വവ്വാലുറിഞ്ചിയ ജാതിക്ക അൽപ്പം താഴ്‌ത്തി തലയുയർത്തി അണ്ണാൻ പറഞ്ഞു. അവനതു പറയുമ്പോൾ പീലിവിടർത്തിയ അവന്റെ ഭംഗിയുള്ള വാൽ രണ്ടു തവണ അവൻറ്റെ പുറംതലയിൽ തലോടി!
''നീയൊരതിശയം തന്നാണാലോടാ...""

വിശ്വസിക്കാനാവാതെ മനു വീണ്ടും മുന്നോടടുത്തു.
ജാതിക്ക വലതുകൈയിൽ ബാലൻസുചെയ്തു ഇടതു കൈ പ്ലാവിന്റെ വേരിലൂന്നി അണ്ണാൻ അടുത്ത പ്ലാവിനെ ലാക്കാക്കി വലത്തേക്ക് തിരിഞ്ഞു. ''വേണ്ട....വേണ്ട നീ പോകേണ്ട. നമുക്ക് സംസാരിക്കാം...""
മനു മുമ്പോട്ടു വച്ച കാൽ പുറകിലേക്കെടുത്തു നടുവ് നിവർത്തി.
''ഓ എന്ത് സംസാരിക്കാനാ...നിങ്ങളോടൊക്കെ എന്ത് പറയാനാ.""
അല്പമൊരാശ്വാസത്തിൽ വലത്തേക്ക് ചരിഞ്ഞ ജാതിക്കയിൽ ഇടതുകൈ എടുത്തുവച്ചവൻ പറഞ്ഞു.
''അല്ല... നീ എന്തെങ്കിലും പറയൂ...""
ഞാനാദ്യമായാണ് സംസാരിക്കുന്ന ഒരു അണ്ണാനെ കാണുന്നത്. നീ ഒരു വാർത്തയാകുന്നതിന് മുമ്പ് നിന്നെ എനിക്കൊന്നു വൈറലാക്കണം.""
മനു പാന്റിന്റെ പോക്കറ്റിലെന്നോണം വലതു കൈ കടത്തി മൊബൈൽ എടുക്കാനാഞ്ഞു.
''ഓ...""

വീട്ടിലായതുകാരണം കളസത്തിലാണ്
അതിനാണേൽ പോക്കറ്റുമില്ല. അതുകൊണ്ടു മൊബൈൽ വീടിനുള്ളിലാണ്. ഒന്ന് കേറിയെടുത്തുവന്നാലോ? വേണ്ട ...
അതിനുള്ളിൽ ഇവൻ സ്ഥലം വിട്ടാലോ? മനു ത്രിശങ്കുമനഃസ്ഥിതനായി.
''പേരു പറഞ്ഞില്ല.""

അണ്ണാൻ ജാതിക്കയുടെ തൊലി പൊളിഞ്ഞിളകിയ ഭാഗത്തൊന്നു മണപ്പിച്ചുകൊണ്ടു ചോദിച്ചു.
''ഞാൻ....ഞാൻ...മനു.""
''ഓ ....എന്നാൽ സ്‌മൃതിയിൽ വയ്‌ക്കാം ...ചിൽ""
കൈയിലിരുന്ന ജാതിക്ക പ്ലാവിന്റെ വേരിലേക്കു താങ്ങിവയ്‌ക്കുന്നതിനിടയിൽ മുഖമുയർത്തി ഊറിച്ചിരിച്ചുകൊണ്ട് അണ്ണാൻ പറഞ്ഞു.
''എന്ത് ....നീ ആ പുസ്‌തകം വായിച്ചിട്ടുണ്ടോ?""
മനുവിന്റെ ജിജ്ഞാസയേറി വന്നു.
''ഇല്ല. എനിക്ക് വായിക്കാൻ നന്നായി അറിയില്ല.""
''അറിഞ്ഞിട്ടെന്തുകാര്യം?""
''ആ പുസ്തകം ആരോ മുൻപേ കത്തിച്ചില്ലേ?""
''അത് നന്നായി എന്ന് കേട്ടിട്ടുണ്ട് !""
മനുവിന്റെ മുഖം വിടർന്നു
''നന്നായോ?""
''പുസ്തകം നല്ലതാണ് എന്നല്ല .... കത്തിച്ചത് നന്നായി എന്നാണ് ഞാൻ ഉദേശിച്ചത്....""

അണ്ണാൻ താഴെവച്ച ജാതിക്കയിൽ രണ്ടുകയ്യും കുത്തി അവനൊന്നു നിവർന്നുനിന്നു നിഗൂഢസ്‌മിതത്തോടെ പറഞ്ഞു.
അറിവില്ലാത്ത കാര്യങ്ങളിലേക്ക് കടന്നു വിവരമില്ലായ്‌മ കാണിക്കേണ്ട ...മനു കരുതി. അണ്ണാനോട് വാചകമടിച്ചു തോറ്റു എന്ന് വേണ്ട. അവനറിവുള്ള എന്തെങ്കിലും സംസാരിക്കാം.
''ജാതിക നിനക്കിഷ്ടമാണോ?""
''എനിക്കെല്ലാ പഴങ്ങളും ഇഷ്‌ടമാണ്.""
അണ്ണാൻ താഴെ ഇരുന്ന ജാതിക്കയിൽ രണ്ടുകൈയും കുത്തി ഒന്നുകൂടെ നിവർന്നു നിന്നു ജാതികയിലൊന്നു നോക്കി, മുഖം അല്പം ചരിച്ചു കടക്കണ്ണിൽ മനുവിനെ നോക്കി അണ്ണാൻ പറഞ്ഞു.

''നല്ലൊരു പഴം.... പക്ഷേ അതിന്റെ പേരിലും നിങ്ങൾ വേണ്ടാത്തത് ചേർത്തു!""
മനു ശ്രദ്ധിച്ചു പക്ഷെ ഇത്തവണ ചിൽ ചിൽ ശബ്‌ദം അവൻ കേട്ടില്ല.
അണ്ണാന്റെ മുഖത്ത് മാറി മറിഞ്ഞ ഭാവമാറ്റം മനു ശ്രദ്ധിച്ചു.
മനു വിഷയം മാറ്റാൻ ശ്രമിച്ചു.
നിന്റെയൊരു 'ചിൽ ചിൽ...'
എന്തിനാ നീയിതെപ്പോഴും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്.
മനു അണ്ണാനെ ഒന്ന് മുട്ടുകുത്തിക്കാൻ ശ്രമിച്ചു.
''ഓ...അതോ ന്യൂജൻ ആയിട്ടും....അതിനർത്ഥം നിനക്കറിയില്ലേ മനു...?""
അണ്ണാന്റെ മുഖത്ത് തികഞ്ഞ പുച്‌ഛം.
അവൻറ്റെ മീശരോമഗ്രങ്ങൾ പുറകിലോട്ടു വളഞ്ഞു.
''അത് ആംഗലേയമാടോ..... നിങ്ങൾ അതിപ്പോഴാ പറഞ്ഞു തുടങ്ങിയത്. ഞങ്ങൾ എത്രയോ തലമുറയായി.
ചിൽ ....ചിൽ....ചിൽ.""
ജീവിതം എത്ര ലാഘവം എന്ന പോലെ ജാതിക്ക വലതു കൈയിൽ നിന്നും ഇടതുകൈലേക്കവൻ അമ്മാനമാടി.
തത്സമയം അണ്ണാന്റെ മീശരോമങ്ങൾ വിരിഞ്ഞു നിർത്തമാടി. അസ്‌തമയസൂര്യൻ വർണ്ണം വിതറിയ അവന്റെ വാൽ രോമങ്ങൾ വെഞ്ചാമരം പോലെ അവന്റെ തലയിൽ മൂന്നു തവണ തലോടി.
ഇവനോട് വാചകമടിച്ചു ജയിക്കാനിവില്ലെന്നു മനുവിന് മനസിലായി.
''ചില്ലകൾ തോറും ചാടി നടക്കുമ്പോൾ പറക്കുന്നതായി തോന്നാറില്ലേ?""
പറക്കാനാഗ്രഹിക്കുന്ന പറക്കാനറിയാത്ത മനു ചോദിച്ചു
''ഓ .... അങ്ങനെയൊന്നുമില്ല.....നിങ്ങൾ ഹൈ ഹീൽ ചെരിപ്പിട്ടു നടക്കുന്നപോലെയേയുള്ളൂ.""
പിന്നെ എന്റെ മീശ, അവൻ പറക്കാറുണ്ട്.
''ചിൽ ചിൽ.""
വലതുഭാഗത്തു അലസമായി നിന്ന ഒരു മീശരോമത്തെ വലതുകൈ കൊണ്ട് തഴുകി താഴ്‌ത്തി
അണ്ണാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
കൈ താഴ്ന്നപ്പോൾ നൂഴ്ന്നിറങ്ങിയ മീശരോമം വീണ്ടും എഴുന്നുനിന്നു.
വിടർന്നാടിയ വാൽരോമങ്ങൾ രണ്ടുതവണ അവൻറ്റെ പുറത്തലയിൽ തലോടി.
''പറക്കാൻ പോയിട്ട് ഇപ്പോൾ സ്വസ്ഥമായി ചാടാൻ പോലും വയ്യാതായി.""
ജാതിക്ക കയ്യിലെടുത്തവൻ വലത്തേയ്‌ക്കു നടന്നു.
''നീയെന്തേ അങ്ങനെ പറഞ്ഞത്...?""
മനു അവന്റെ മുന്നിൽ മുട്ടു കുത്തിയിരുന്ന് ചോദിച്ചു. അണ്ണാൻ മുഖം താഴ്‌ത്തി വീണ്ടും രണ്ടു ചുവടു വച്ച്.. രണ്ടു മാസം മുൻപ് മുറിച്ച പേരമരത്തിന്റെ കുറ്റിയിലേക്ക് കയറിയിരുന്നു.
അപ്പോഴും ജാതിക്ക അവന്റെ കൈയിൽ സുരക്ഷിതമായിരുന്നു.
''അല്ല നീ മറുപടി പറഞ്ഞില്ല.""

മനു അക്ഷമനായി!
''ഞാൻ എവിടെ ഓടാനും ചാടാനുമാണ്......ഈ കുറ്റിയിൽ നിന്ന് താഴേക്കോ?""
അണ്ണാന്റെ മീശരോമങ്ങൾ വല്ലാതെ വിറച്ചു
''പേരയ്‌ക്ക ....ജാതിക്കാകളും എനിക്കു പ്രിയപ്പെട്ടതായിരുന്നു.""
അത് പറയുമ്പോൾ അണ്ണാന്റെ കണ്ണിൽ നനവുപോടിഞ്ഞോ?
മനു മുഖം താഴ്‌ത്തി.
''ചിൽ....ചിൽ.""
പേരയുടെ കുറ്റിയിൽ നിന്നും വഴുതിയിറങ്ങി കുറച്ചു പിന്നോട്ടോടിയ അണ്ണാൻ ഇടത്തേക്ക് മാറി
കുറച്ചു തിരഞ്ഞു
പിന്നെ ......കൈകൾ കൊണ്ട് മണ്ണിൽ ചെറിയൊരു കുഴി കുത്തി കയ്യിലിരുന്ന ജാതിക്ക അതിലിറക്കിവച്ചു.
കൈകൾ കൊണ്ട് മണ്ണിട്ടതിനെ ഭംഗിയായി മൂടി.
പിന്നെ അതിന്റെ മേളിലിരുന്ന് രണ്ടു കയ്യും കൂടിപിടിച്ചു അണ്ണാൻ പറഞ്ഞു
''ചിൽ ചിൽ...""
അവന്റെ വാൽ അവനെ രണ്ടു തവണ തലോടി.
''എന്തെ ....നിനക്കതു വേണ്ടേ....... നീയെത്രെ ഭദ്രമായാണ് അതിത്രയും നേരം കൈപ്പിടിയിൽ വച്ചിരുന്നത്.
ഓ ...പിന്നെ തിന്നാനാവും.""
''അതേ ....നനഞ്ഞ മണ്ണാണവിടെയുള്ളത്. അവിടെ കിടന്നാൽ അത് രണ്ടു ദിവസത്തിനുള്ളിൽ മുളച്ചുവരും.""

മനു അണ്ണാനെ ഉപദേശിച്ചു.
അല്പം മുന്നോട്ടാഞ്ഞു മനുവിന്റെ മുൻപിലെത്തി അണ്ണാൻ രണ്ടും കയ്യും കൂടിപിടിച്ചു.
അവൻറ്റെ മീശരോമങ്ങൾ വിറയ്‌ക്കുന്നുണ്ടായിരുന്നു .
വിതുമ്പിയ അധരങ്ങൾ ബലമായി കൂർപ്പിച്ചു അതോടൊപ്പം തലയുയർത്തി അണ്ണാൻ ചോദിച്ചു.
''സേതുബന്ധനസമയത്ത് നിങ്ങളുടെ രാമൻ എന്റെ കാർന്നോരോട് പറഞ്ഞതോർമ്മയുണ്ടോ?""
മനു ഒരു നിമിഷം ആലോചിച്ചു....അവന്റെ ഇടതുകൈ പുറംതല ചൊറിഞ്ഞു.
''അതേ.... അദ്ദേഹത്തിന്റെ മടിയിലിരുത്തി....ദേ ....ഈ മൂന്ന് വര വരയ്‌ക്കുന്നതിനിടയിൽ ....അദ്ദേഹം പറഞ്ഞത്....മറന്നോ?""
മുതുകുവളച്ചവൻ വരകൾ കാട്ടി മനുവിനോട് ചോദിച്ചു.
''ങ്ങ...അത് .....അണ്ണാറക്കണ്ണനും.....തന്നാലായത്....എന്നല്ലേ?""
''അതന്നെ ....അത്രയേ ഞാനും ചെയ്‌തോള്ളൂ. ചിൽ ചിൽ...""
അവൻറ്റെ വാൽ അവൻറ്റെ പുറം തലയിൽ തലോടാൻ കാത്തു നിൽക്കാതെ അണ്ണാൻ തിരിഞ്ഞുനടക്കുമ്പോളും മനു ചിന്തിക്കുകയിരുന്നു.
''എന്താ അവൻ പറഞ്ഞത്.... അങ്ങട്ട് മനസിലാവുന്നില്ലല്ലോ.""
മനു ആലോചിച്ചു നിൽക്കുന്നതിനിടയിൽ, ഇടതു ഭാഗത്തു ഉയർന്നു നിന്ന പ്ലാവിന്റെ വേരിൽ ഒന്ന് വട്ടം കറങ്ങി പ്ലാവിൽ മേലോട്ടു കുതിച്ച അണ്ണാനെ നോക്കി മനു വിളിച്ചുപറഞ്ഞു.
''ഹേ ....നിൽക്കൂ. നീയെവിടെ പോവുകയാണ്.....നമുക്ക് കുറച്ചുകൂടെ സംസാരിക്കാം.""
''ഇല്ല.....എനിക്ക് സമയമില്ല ....എനിക്കിനിയും പണിയുണ്ട് .""

മറുപടി കാത്തുനിൽക്കാതെ അണ്ണാൻ പ്ലാവിലകൾക്കിടയിൽ മറഞ്ഞു.
ദുരെ കേട്ടത് ഇത്രമാത്രം.....
''ചിൽ ...ചിൽ ചിൽ.""

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, FEATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.