SignIn
Kerala Kaumudi Online
Thursday, 28 March 2024 9.05 PM IST

അടുക്കുന്നു വിധിദിനം, മിടിക്കുന്നു നെഞ്ചകം

t

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മറ്റന്നാൾ വൈകിട്ട് ആറിന് അവസാനിക്കൊനിരിക്കെ, അവസാനഘട്ടത്തിൽ പ്രയോഗിക്കാൻ അണിയറയിൽ കരുതിവച്ചിരുന്ന തന്ത്രങ്ങൾക്ക് മൂർച്ചകൂട്ടി 'മുഹൂർത്ത'ത്തിനായി കാത്തിരിക്കുകയാണ് മുന്നണികൾ. ഇനിയുള്ള ഓരോ മണിക്കൂറും വിധി നിർണ്ണായകമാണ്. ഒരു വാക്കോ പ്രവൃത്തിയോ കൈവിട്ടു പോയാൽ നൽകേണ്ടി വരുന്നത് വലിയ വില തന്നെയാവുമെന്നതിൽ തർക്കമില്ല. ആവേശം തുളുമ്പി നിൽക്കുന്ന പ്രവർത്തകരെ നേതാക്കളും പ്രസംഗമദ്ധ്യേ വികടസരസ്വതി വിളയാട‌ാൻ സാദ്ധ്യതയുള്ള പ്രാദേശിക നേതാക്കളെ മുതിർന്ന നേതാക്കളും കൃത്യമായി നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഒപ്പത്തിനൊപ്പമുണ്ട് നേതാക്കളും പ്രവർത്തകരും. അനൗൺസ്മെന്റ് വാഹനങ്ങൾ ഇടതടവില്ലാതെ പായുന്നു. കോർണർ യോഗങ്ങളാണ് മറ്റൊരു ആയുധം. പ്രാദേശിക നേതാക്കൾക്ക് പ്രസംഗിച്ച് തെളിയാനുള്ള അവസരം കൂടിയാണ് ഇത്തരം യോഗങ്ങൾ. രണ്ടു മൂന്ന് ദിവസങ്ങളായി പകൽനേരം കനത്ത വെയിൽ ഇല്ലെങ്കിലും അസഹനീയമായ അന്തരീക്ഷ ആർദ്രത തളർത്തിക്കളയുകയാണ് സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും. പകലന്തിയോളം വിയർത്തു കുളിച്ചാണ് വോട്ടുപിടിത്തം. സ്വീകരണ കേന്ദ്രങ്ങളിൽ സംഭാരം ഉൾപ്പെടെയുള്ള ദാഹശമനികൾ കരുതിയാണ് സംഘാടകർ സ്ഥാനാർത്ഥിയെയും കൂട്ടരെയും കാത്തിരിക്കുന്നത്.

അണികൾക്ക് ആവേശം പകരാൻ ദേശീയ, സംസ്ഥാന നേതാക്കളുടെ പ്രവാഹമാണ്. യു.ഡി.എഫിന് വേണ്ടി എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയും യോഗങ്ങളും പ്രവർത്തകരെ ആവേശത്തിലാക്കി. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം.ഹസൻ ഉൾപ്പെടെയുള്ള നേതാക്കളും വിവിധ യോഗങ്ങളിൽ പങ്കെടുത്തു. സംസ്ഥാനത്ത് തുടർഭരണം ഉറപ്പാക്കാനായി തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വരവ് ജില്ലയിലെ ഇടതുമുന്നണി പ്രവർത്തകരുടെയും സ്ഥാനാർത്ഥികളുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. സി.പി.എം മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, മന്ത്രിമാരായ ജി.സുധാകരൻ, ഡോ. ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ എന്നവരും പ്രചാരണയോഗങ്ങളിൽ പങ്കെടുത്തു. എൻ.ഡി.എയ്ക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ എത്തി. അടുത്ത ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തും. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കളും പ്രചാരണ രംഗത്ത് സജീവമാണ്.

 പ്രതീക്ഷിക്കുന്നു ബോംബുകൾ!

പോളിംഗ് ബൂത്തിൽ എത്താൻ ഇനി നാലു നാൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും നെഞ്ചിടിപ്പ് ഇരട്ടിക്കുകയാണ്. ഏതു നിമിഷവും ഒരു 'ബോംബ്' പൊട്ടാമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും ആശങ്കയ്ക്ക് കാരണമായി.

ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ത്രികോണ മത്സരമാണെന്നതിനാൽ അല്പം പോലും ആലസ്യം കാട്ടാൻ ആർക്കുമാവില്ലെന്ന അവസ്ഥയാണ്. എൽ.ഡി.എഫിന്റെ അഞ്ചു സിറ്റിംഗ് സീറ്റിംഗ് സീറ്റുകളിൽ ഇക്കുറി പുതുമുഖങ്ങളാണ് രംഗത്തുള്ളത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിരീക്ഷകർ പലവിധത്തിലാണ് ഈ മണ്ഡലങ്ങളെ വിശകലനം ചെയ്യുന്നത്.

....................................

ഭവനസന്ദർശനത്തിനും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിനുമാണ് മുൻതൂക്കം. ഇതിനോടകം സ്ഥാനാർത്ഥികൾ മൂന്നിലധികം തവണ പഞ്ചായത്തുകളിൽ പര്യടനം നടത്തി. കുടുംബയോഗങ്ങളും സംഘടിപ്പിച്ചു

ആർ.നാസർ, ജില്ലാ കൺവീനർ, എൽ.ഡി.എഫ്

..............................

മഴ തടസപ്പെടുത്തിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി പര്യടനം പൂർത്തീകരിക്കാനും പരമാവധി കുടുംബയോഗങ്ങൾ സംഘടിപ്പിക്കാനുമാണ് പരിശ്രമം. ഭവന സന്ദർശനം, പ്രധാന വ്യക്തികൾ പങ്കെടുക്കുന്ന യോഗങ്ങൾ എന്നിവയാണ് വരുന്ന ദിവസങ്ങളിൽ നടത്തുന്നത്

അഡ്വ. ബി.രാജശേഖരൻ, ജില്ലാ കൺവീനർ, യു.ഡി.എഫ്

.................................

സ്ഥാനാർത്ഥി പര്യടനം ഇന്ന് പൂർത്തീകരിക്കും. റോഡ് ഷോ, മെഗാ ബൈക്ക് റാലി, റാലി എന്നിവയും ഭവന സന്ദർശനവും പരമാവധി സ്ഥാനാർത്ഥികളുടെ ഓട്ടപ്രദക്ഷിണവും നടത്തും

പി.കെ.വാസുദേവൻ, ജില്ലാ കൺവീനർ, എൻ.ഡി.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.