SignIn
Kerala Kaumudi Online
Friday, 29 March 2024 6.35 PM IST

പാക്ക താനെ പോണേ ഇന്ത മലനാട്ടിൻ ആട്ടത്തെ...

election

കൽപ്പറ്റ: ചുരത്തിന് മുകളിലെ രാഷ്ട്രീയക്കാറ്റിന് പ്രത്യേക ദിശയൊന്നുമില്ല. രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് ആ ദിക്കിലേക്ക് കാറ്റ് ആഞ്ഞുവീശുന്നതാണ് പതിവ്. ഇടതു, വലത് മുന്നണികളുടെ നേർക്കുനേർ പോരിനിടെ എൻ.ഡി.എ പിടിക്കുന്ന വോട്ടുകളും നിർണായകമാകുമ്പോൾ വയനാട്ടിലെ പോര് പ്രവചനാതീതമാകുന്നു. ഘടക കക്ഷികളുടെ വരവും പോക്കും നേതാക്കളുടെ കൂടുമാറ്റവുമടക്കം ദർശിച്ച ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വയനാട് ജില്ലയെ ഏതളവിൽ സ്വാധീനിക്കുമെന്നതും രാഷ്ട്രീയകേരളം ഉറ്രുനോക്കുന്നു. ലോക് താന്ത്രിക് ജനതാദൾ അദ്ധ്യക്ഷൻ മത്സരിക്കുന്ന മണ്ഡലമുൾപ്പെട്ട ജില്ല. കല്പറ്റയിൽ കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം ഇക്കുറി ഇടതുസ്ഥാനാർത്ഥി. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. റോസക്കുട്ടിയുടെ കൂടുമാറ്റവും ബത്തേരിയിൽ കോൺഗ്രസ് വിട്ടെത്തിയ മുൻ കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനെ ഇടതുസ്ഥാനാർത്ഥിയാക്കിയതും മണ്ഡലത്തിൽ ചർച്ചാവിഷയമാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ചത് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയമസഭാമണ്ഡലങ്ങളുൾപ്പെട്ട വയനാട് പാർലമെന്റ് മണ്ഡലമായിരുന്നു. കേരളത്തിൽ യു.ഡി.എഫിന് ഏറ്റവും വളക്കൂറുള്ള മണ്ണെന്ന വിശേഷണമുണ്ട് പതിറ്റാണ്ടുകളായി വയനാടിന്. അപവാദമായി മണ്ണൊലിപ്പും നേരിട്ടിട്ടുണ്ട് യു.ഡി.എഫിന്. 2006-ലെ തിരഞ്ഞെടുപ്പിൽ ഇൗ മലനാട്ടിലെ മൂന്ന് മണ്ഡലങ്ങളും ചുവന്നത് ഉദാഹരണം.

കഴിഞ്ഞ തവണയും മേൽക്കൈ ഇടതുപക്ഷത്തിനായിരുന്നു. ഏക ജനറൽ മണ്ഡലമായ കല്പറ്റ സി.പി.എമ്മിന്റെ ജനകീയ നേതാവ് സി.കെ.ശശീന്ദ്രനിലൂടെ പിടിച്ചടക്കിയപ്പോൾ മാനന്തവാടിയും ഇടതിനൊപ്പം ചേർന്നു. സുൽത്താൻ ബത്തേരി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു യു.ഡി.എഫിന്. ഇത്തവണ തിരിച്ചുവരവിനായി യു.ഡി.എഫ് കഠിനാദ്ധ്വാനം ചെയ്യുന്നതിനിടയിലാണ് ഉന്നത നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

എൽ.ജെ.ഡി, കേരളകോൺഗ്രസ് (എം) കക്ഷികളുടെ വരവിന് പുറമേ, സർക്കാരിന്റെ ക്ഷേമ, വികസന നേട്ടങ്ങളുമാകുമ്പോൾ ഇടത്തുതന്നെ ജില്ല ചാഞ്ഞുനിൽക്കുമെന്നാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. ഏതാനും ചില നേതാക്കളുടെ കൊഴിഞ്ഞുപോക്കൊന്നും വിജയസാദ്ധ്യത ഇല്ലാതാക്കില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശവാദം. സർക്കാർവിരുദ്ധ വികാരം അനുകൂലമാകുമെന്നവർ കണക്കുകൂട്ടുന്നു. സുൽത്താൻ ബത്തേരിയും മാനന്തവാടിയും സംവരണ മണ്ഡലങ്ങളാണ്.

 കൽപ്പറ്റ

ജില്ലാ ആസ്ഥാനമായ കൽപ്പറ്റ 2016ൽ ജനകീയനായ സി.കെ.ശശീന്ദ്രനിലൂടെയാണ് ചുവന്നത്. ഇത്തവണയും തനിയാവർത്തനമെന്ന് കരുതിയിരുന്നപ്പോഴാണ് എൽ.ഡി.എഫിലേക്കുള്ള എൽ.ജെ.ഡിയുടെ തിരിച്ചുവരവ്. മുന്നണിമര്യാദയുടെ പേരിൽ സി.കെ.ശശീന്ദ്രൻ പഴയ എതിരാളി എം.വി.ശ്രേയാംസ് കുമാറിനായി മണ്ഡലം ഒഴിഞ്ഞു കൊടുത്തു. ഇപ്പോൾ ശശീന്ദ്രനാണ് ശ്രേയാംസ് കുമാറിന്റെ തേരാളി. കോൺഗ്രസിൽ കൽപ്പറ്റ മോഹിക്കാത്തവരായി ആരുമില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പേരും ഉയർന്നുകേട്ടു. വയനാട്ടിൽ നിന്നു മാത്രം ഒരു ഡസനോളം പേർ കൽപ്പറ്റയ്ക്കായി കൊതിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിത്വം രാഹുൽഗാന്ധിക്കായി ഒഴിഞ്ഞുകൊടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖിനാണൊടുവിൽ നറുക്കുവീണത്. എൻ.ഡി.എയിലെ ടി.​എം.​സു​ബീ​ഷും മണ്ഡലത്തിൽ സജീവമാണ്.

 ബത്തേരി

ഡി.സി.സി അദ്ധ്യക്ഷൻ ഐ.സി. ബാലകൃഷ്ണൻ മൂന്നാമതും ജനവിധി തേടുമ്പോൾ ഇടതുപക്ഷത്തെ മുഖ്യഎതിരാളി കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ചെത്തിയ എം.എസ്. വിശ്വനാഥനാണ്. കുറുമ സമുദായത്തെ യു.ഡി.എഫ് തഴയുന്നുവെന്ന ആക്ഷേപമുയർത്തിയാണ് വിശ്വനാഥൻ വോട്ട് തേടുന്നത്. ഇടക്കാലത്ത് എൻ.ഡി.എ യിൽ നിന്ന് അകന്നുമാറിയ ആദിവാസി സമരനായിക സി.കെ.ജാനു വീണ്ടും തിരിച്ചെത്തി താമര ചിഹ്നത്തിൽ മത്സരിക്കുന്നത് ഇരുമുന്നണികൾക്കും വെല്ലുവിളിയാണ്.

 മാനന്തവാടി

സിറ്റിംഗ് എം.എൽ.എ ഒ.ആർ.കേളുവിനെ വീണ്ടും നേരിടുന്നത് മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയാണ്. 2016-ൽ ജയലക്ഷ്മിയെ 1306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേളു തോൽപ്പിച്ചത്. അഞ്ച് വർഷം കൊണ്ട് കേളു മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. വയനാട് മെഡിക്കൽ കോളേജിന്റെ കാര്യത്തിലുണ്ടായ തീരുമാനവും എടുത്തുകാട്ടുന്നു.

കഴിഞ്ഞ തവണ പറ്റിയ വീഴ്ച ഇക്കുറിയുണ്ടാവില്ലെന്നുറപ്പിച്ചാണ് ജയലക്ഷ്മിയുടെ പ്രചാരണം. പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ എം.ബി.എക്കാരൻ മണിക്കുട്ടനെയാണ് എൻ.ഡി.എ ദേശീയ നേതൃത്വം ആദ്യമിവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. താൻ പോലുമറിയാതെ പ്രഖ്യാപനമെന്ന് വ്യക്തമാക്കി തൊട്ടടുത്ത പ്രഭാതത്തിൽ മണിക്കുട്ടൻ രംഗത്തെത്തിയതോടെ വെട്ടിലായ ബി.ജെ.പി നേതൃത്വം ഒറ്റ രാത്രികൊണ്ട് സ്ഥാനാർത്ഥിയെ മാറ്റാൻ നിർബന്ധിതരായി. കല്പറ്റയിൽ നിന്നുള്ള മുകുന്ദൻ പള്ളിയറയാണിപ്പോൾ സ്ഥാനാർത്ഥി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, ELECTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.