SignIn
Kerala Kaumudi Online
Thursday, 28 March 2024 11.08 PM IST

പ​റ​വൂ​രി​ൽ​ ​തു​ട​ർ​ച്ച​യോ,​ അതോ അട്ടിമറിയോ?

election

കൊച്ചി: പറവൂരിലെ ജനത കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും എടുത്ത തീരുമാനത്തിൽ മാറ്റമുണ്ടാക്കാൻ എൽ.ഡി.എഫും എൻ.ഡി.എയും പരിശ്രമിക്കുമ്പോഴും പ്രചരണത്തിന്റെ അവസാന ദിനങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി.സതീശൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

2001-ൽ ഈ മണ്ഡലത്തിൽ ആദ്യ മത്സരത്തിനെത്തിയ ശേഷം സതീശനെ പറവൂരുകാർ കൈവിട്ടില്ല. സതീശനെ തളയ്ക്കാൻ ഇത്തവണ എൽ.ഡി.എഫ് രംഗത്തിറക്കിയത് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി.നിക്സനെയാണ്.

എൻ.ഡി.എയുടെ ജില്ലാ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ എ.ബി.ജയപ്രകാശിനെയാണ് ദേശീയ ജനാധിപത്യ സഖ്യം രംഗത്തിറക്കിയത്.

വേറിട്ട നേതാവ്

സാമ്പത്തികകാര്യങ്ങളെ കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള സതീശൻ വേറിട്ട പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിൽ വേരുറപ്പിച്ച നേതാവാണ്. പ്രളയ, കൊവിഡ് കാലങ്ങളി​ൽ സമാനതകളില്ലാത്ത സേവനാ പ്രവർത്തനങ്ങളാണ് സതീശന്റെ നേതൃത്വത്തിൽ നടന്നതെന്നും പറവൂരിലെ ജനങ്ങൾ സതീശനെ വീണ്ടും നിയമസഭയിലേക്കയക്കുമെന്നും യു.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നു. വാണിയേക്കാട് ജുമാ മസ്ജിദിൽ വിശ്വാസികളെ സന്ദർശിക്കാനെത്തിയ സതീശൻ ആത്മവിശ്വാസം പങ്ക് വെച്ചു.

മണ്ഡലത്തിലെ ജനങ്ങൾക്ക് എന്നെ അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് തരംഗത്തിലും ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് എന്നെ നിയമസഭയിലേക്കയച്ചത്. ഇത്തവണ പറവൂരിലെ ഈ വിജയഗാഥ സംസ്ഥാനത്താകെ നമുക്ക് കാണാൻ കഴിയും. തിരഞ്ഞെടുപ്പ് സർവേകൾക്കപ്പുറത്താണ് യാഥാർത്ഥ്യം. സതീശൻ പറഞ്ഞു.

1967 മുതൽ പറവൂരിലെ എം.എൽ.എയും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന കെ.ടി.ജോർജ്ജിന്റെ ചരമദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പ്രണാമമർപ്പിക്കാനും സതീശനെത്തി. കഴിഞ്ഞ 25 വർഷമായി ഏപ്രിൽ 3 ന് സതീശൻ ഇവിടെയെത്താറുണ്ട്.

ഉജ്ജ്വല പ്രകടനത്തിന് എൻ.ഡി.എ.

മണ്ഡലത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന സ്ക്വാഡ് പ്രവർത്തനം വമ്പിച്ച പ്രതികരണമാണ് നൽകുന്നതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി.ജയപ്രകാശ് പറഞ്ഞു. ബി.ജെ. പി നേതാവ് അനിൽ ചിറവക്കാട്ടിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ പ്രവർത്തകരോടൊപ്പം കണ്ടാകർണ്ണൻവെളിയി​ൽ വീടുകൾ കയറുന്നതിനിടയിൽ പ്രവർത്തനങ്ങളിലെ ആവേശം ജയപ്രകാശ് പങ്ക് വെച്ചു.

എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളിയുടെയും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെയും നേതൃത്വത്തിൽ നടന്ന രണ്ട് റോഡ് ഷോകൾ വലിയ ആത്മവിശ്വാസമേകി​. തുടർച്ചയായി നാല് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാൾ പറവൂരിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ഓരുവെള്ളത്തിന്റെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനായില്ല. കുടിവെള്ള പ്രശ്നം മണ്ഡലത്തിൽ രൂക്ഷമാണ്. മുപ്പത് വർഷം മുമ്പ് തുടങ്ങിയ റോഡുകളുടെയും പാലങ്ങളുടെയും പണി പൂർത്തിയാക്കാനായില്ല. മാലിന്യപ്രശ്നം മൂലം രോഗികളാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കയർ, കൈത്തറി, കള്ളുചെത്ത്, മത്സ്യത്തൊഴിലാളി മേഖലകളിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. എൻ.ഡി.എ വിജയിച്ചാൽ കേന്ദ്ര പദ്ധതികളിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും.

മണ്ഡലം പിടിക്കാനുറച്ച്

2001 മുതൽ കൈപ്പിടിയിലാക്കിയ മണ്ഡലത്തെ യു.ഡി.എഫിൽ നിന്ന് മോചിപ്പിക്കുമെന്ന ഉറപ്പിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി.നിക്സന്റെ പ്രവർത്തനം അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്. ഗൃഹ സസർക്കങ്ങളും തിരഞ്ഞെടുപ്പ് റാലികളും പൂർത്തിയാക്കി. ഇടത് വിദ്യാർത്ഥി സംഘടനകളുടെ റോഡ് ഷോ നടന്നു. ഇന്നലെ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടന്നത്. രാവിലെ 8 മണിക്ക് വരാപ്പുഴ കുരിശ് മുറ്റത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം കവല വഴി പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സമാപിച്ചു.

കുടിവെള്ള പ്രശ്നം മുതൽ വെള്ളക്കെട്ട് വരെയുള്ള പരാതികൾ പരിഹരിക്കാൻ കഴിയാത്ത ജനപ്രതിനിധിയെ ജനങ്ങൾ നിയമസഭയിലേക്കയക്കില്ല. നിക്സൻ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PARAVUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.