നല്ല ഗൃഹനാഥൻ
നൂറ് ശതമാനം നല്ല വ്യക്തിയും നല്ല ഗൃഹനാഥനുമാണ് അദ്ദേഹം. ഭർത്താവെന്ന നിലയിൽ എല്ലാ കാര്യങ്ങളിലും ശ്രദ്ധയുണ്ട്. മക്കളെ നന്നായി സ്നേഹിക്കുന്ന അച്ഛനുമാണ്. എവിടെയായാലും എന്നും വിളിക്കാറുണ്ട്. രാഷ്ട്രീയ കാര്യങ്ങൾ വീട്ടിൽ അധികം സംസാരിക്കാറില്ല. എത്ര വലിയ രാഷ്ട്രീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന അവസ്ഥയിലായാലും വീട്ടിൽ അതൊന്നും പ്രകടിപ്പിക്കുന്ന പതിവില്ല. എല്ലാ ജനുവരി ഒന്നിനും ഏതെങ്കിലും ഒരു ആദിവാസി ഗ്രാമത്തിൽ ഞങ്ങൾ പോകാറുണ്ട്.രണ്ട് മൂന്ന് ആദിവാസി കുട്ടികളെ അദ്ദേഹം സ്വന്തം ചെലവിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു.
രമേശ് ചെന്നിത്തലയുടെ ഭാര്യ അനിത രമേശ്
തിരക്കൊഴിഞ്ഞ നേരമില്ല
അദ്ദേഹം വീട്ടിൽ എന്നല്ല, ഇരിങ്ങാലക്കുടയിൽ എപ്പോൾ വരുമെന്നു പോലും അറിയില്ല... ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥിയായതോടെ ഞാനും നല്ല തിരക്കിലാണ്.വീട്ടുകാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നയാളാണ്. എല്ലാകാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. ഓട്ടപ്പാച്ചിലിനിടയിൽ കഴിഞ്ഞദിവസം ഇരിങ്ങാലക്കുടയിലെ വീട്ടിൽ വന്നിരുന്നു. പെട്ടെന്ന് പോയി. പ്രചാരണത്തിന്റെ ഭാഗമായാണ് ഞാൻ ഇരിങ്ങാലക്കുടയിൽ താമസിക്കുന്നത്.
എ.വിജയരാഘവന്റെ ഭാര്യ ഡോ. ബിന്ദു
എല്ലാമൊന്ന് കണ്ണോടിക്കും
വീട്ടുകാര്യങ്ങളിൽ ചന്ദ്രേട്ടൻ എല്ലാമൊന്ന് കണ്ണോടിക്കും. കൂടുതൽ ശ്രദ്ധിക്കാൻ സമയംകിട്ടാറില്ല. പണ്ടേ അങ്ങനെ തന്നെയാണ്. മന്ത്രിയായ ശേഷം തിരക്ക് പിന്നെയും കൂടി. അത് കൊണ്ട് നമുക്ക് ഒരു പ്രശ്നവുമില്ല. നാടിന് വേണ്ടിയല്ലേ, സന്തോഷമേയുള്ളൂ. പെരുമ്പളയിലെ വീട്ടിൽ ഞാനും മോളും മാത്രമാണ്. ഞാൻ ഇടയ്ക്ക് തിരുവനന്തപുരത്തേക്ക് പോകും. അവിടെ അധികമൊന്നും നിൽക്കാൻ കഴിയില്ലപ്പാ...
ഇ. ചന്ദ്രശേഖരന്റെ ഭാര്യ വി. സാവിത്രി
എല്ലാം എന്റെ കൈയിൽ ഭദ്രം
കുടുംബത്തിലെ മുഴുവൻ കാര്യങ്ങളും എന്നെ ഏൽപ്പിച്ചിട്ടാണ് പൊതു പ്രവർത്തനം നടത്തുന്നത്. ബാങ്കിൽ ജോലി ഉണ്ടായിരുന്നപ്പോഴും വീട്ടിലെ മുഴുവൻ കാര്യങ്ങളും ഞാൻ ചെയ്യുമായിരുന്നു. അതുകൊണ്ട് സ്വസ്ഥമായി പൊതു പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
തിരുവഞ്ചൂർരാധാകൃഷ്ണന്റെ
ഭാര്യ ലളിതാംബിക
ഭർതൃപക്ഷം
ഇപ്പോൾ തിരക്കോട് തിരക്കല്ലേ
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എനിക്ക് രണ്ട് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുണ്ട്. ഭാര്യ മത്സരിക്കുന്ന കുണ്ടറയിലും പിന്നെ ജന്മദേശമായ ചാത്തന്നൂരിലും.ഞങ്ങൾ അതിരാവിലെ വീട്ടിൽ നിന്നിറങ്ങും. രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുന്നത്. എന്നാലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്തിട്ടേ ഉറങ്ങാറുള്ളൂ.
ജെ. മേഴ്സിക്കുട്ടിഅമ്മയുടെ ഭർത്താവ് ബി. തുളസീധരക്കുറുപ്പ്
വീട്ടിലും രാഷ്ട്രീയമാണ് ചർച്ച
ആരോഗ്യമന്ത്രിയായതിൽ പിന്നെ രണ്ടാഴ്ചയിലൊരിക്കലേ ശൈലജ വീട്ടിൽ വരാറുള്ളൂ. വീട്ടിലെത്തിയാൽ തനി വീട്ടമ്മയാണ്.എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങൾ വിളിച്ച് അന്വേഷിക്കാൻ മറക്കാറില്ല.മന്ത്രിയാകുന്നതിന് മുൻപ് വീട്ടിലെ പാചകമൊക്കെ ചെയ്തിരുന്നത് ടീച്ചറാണ്.
കെ.കെ ശൈലജയുടെ ഭർത്താവ്
കെ. ഭാസ്കരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |