SignIn
Kerala Kaumudi Online
Wednesday, 16 June 2021 7.12 AM IST

തിരഞ്ഞെടുപ്പിലെ മാറുന്ന കാലാവസ്ഥ

pala

പതിനഞ്ചാം കേരള നിയമസഭയെയും പുതിയ സംസ്ഥാന ഭരണസാരഥികളെയും തിരഞ്ഞെടുക്കുന്നതിനുള്ള നിർണായകമായ വിധിയെഴുത്തിലേക്ക് രാഷ്ട്രീയകേരളം കടക്കുകയാണ്. ശക്തമായ ത്രികോണമത്സര ചിത്രം കുറഞ്ഞത് മുപ്പത് മണ്ഡലങ്ങളിലെങ്കിലും കാഴ്ചവയ്ക്കാനുള്ള ശേമുഷിയുമായി ബി.ജെ.പി- ബി.ഡി.ജെ.എസ് സഖ്യം നയിക്കുന്ന ദേശീയ ജനാധിപത്യമുന്നണി ഇറങ്ങിയതാണ് പതിവിന് വിരുദ്ധമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിരിമുറുക്കം വർദ്ധിപ്പിക്കുന്നത്. പരമ്പരാഗത മുന്നണികളായ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ജയ- പരാജയ സാദ്ധ്യതകൾ എത്രത്തോളമെന്ന് കൃത്യമായി പ്രവചിക്കുക അസാദ്ധ്യം.

എണ്ണമറ്റ അഴിമതിയാരോപണങ്ങൾ പ്രതിപക്ഷം, പ്രത്യേകിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒന്നിന് പിറകെ മറ്റൊന്നായി ഉയർത്തിക്കൊണ്ടുവന്നിട്ടും കൊവിഡ് പ്രതിരോധകാലത്തടക്കം സംസ്ഥാന സർക്കാർ നടത്തിയ ചാരിറ്റി മോഡൽ ക്ഷേമ, വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരം ഇത്തവണ അസാദ്ധ്യമാക്കി. തിരഞ്ഞെടുപ്പ് പോരാട്ടത്തെ പ്രവചനാതീതമാക്കുന്ന ഒരു ഘടകം ഇതാണ്. മറ്റൊന്ന് പല മണ്ഡലങ്ങളിലും ത്രികോണപ്പോര് കടുപ്പിക്കുന്ന ബി.ജെ.പിയുടെ സാന്നിദ്ധ്യം. മൂന്നാമതൊരു ഘടകം, പ്രത്യേകിച്ചും എറണാകുളം ജില്ലയിൽ, ട്വന്റി-20യുടെ ഓളമാണ്. എറണാകുളം ജില്ലയിൽ കുന്നത്തുനാട് മണ്ഡലത്തിൽ ഇടത്, വലത് മുന്നണികളെ ഒരുപോലെ വിറപ്പിക്കുന്നുണ്ട് ട്വന്റി-20. എട്ടിടത്ത് അവർ ഏറ്റുമുട്ടുന്നു. കുന്നത്തുനാട് കഴിഞ്ഞാൽ പെരുമ്പാവൂരും തൃക്കാക്കരയിലും കോതമംഗലത്തുമാണ് ട്വന്റി- 20 സ്വാധീനം ചെലുത്താനിടയുള്ള മണ്ഡലങ്ങൾ. തദ്ദേശ തിരഞ്ഞടുപ്പിൽ അവരുണ്ടാക്കിയെടുത്ത നേട്ടങ്ങളും ശ്രീനിവാസനെയും സിദ്ദിഖിനെയും പോലുള്ള സിനിമാതാരങ്ങൾ പോലും അവരെ പ്രകീർത്തിച്ച് കൂടെ ചേർന്നതുമെല്ലാം ട്വന്റി-20 എന്ന പ്രസ്ഥാനത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചിരിക്കുന്നു. സാമാന്യജനതയെ ആകർഷിക്കാനുതകുന്ന ക്ഷേമപ്രവർത്തനങ്ങൾ വാരിക്കോരി നൽകാൻ കോർപ്പറേറ്റ് സ്വാധീനത്താൽ നിയന്ത്രിക്കപ്പെടുന്ന ട്വന്റി-20ക്ക് എളുപ്പത്തിൽ സാധിക്കും. അതുണ്ടാക്കുന്ന അപകടം സമൂഹത്തെ തികഞ്ഞ അരാഷ്ട്രീയതയിലേക്ക് തള്ളിവിടുമെന്നതാണ്. എന്നാൽ, ട്വന്റി-20 ഉണ്ടാക്കിയെടുത്ത സ്വാധീനത്തെ പിൻപറ്റുന്ന വിധത്തിൽ ക്ഷേമാനുകൂല്യപ്രഖ്യാപനങ്ങൾക്കായി പരമ്പരാഗത മുന്നണികളും മത്സരിക്കുന്ന കാഴ്ച കേരള രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റി വരയ്ക്കുന്ന തരത്തിലായി. തമിഴ്നാട് മോഡൽ രാഷ്ട്രീയത്തിലേക്ക് കേരളരാഷ്ട്രീയവും മാറുന്നോയെന്ന ചോദ്യമുയരുന്നുണ്ട്. തമിഴ്നാട്ടിൽ ടെലിവിഷനും സൈക്കിളും കമ്പ്യൂട്ടറുമെല്ലാമാണ് രാഷ്ട്രീയകക്ഷികൾ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ജനങ്ങൾക്ക് നൽകുന്നത്. കേരളത്തിൽ അത്രത്തോളമെത്തിയില്ലെങ്കിൽ പോലും ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപെൻഷനുമൊക്കെ അതിന്റെ ചെറുരൂപങ്ങൾ തന്നെയാണ്. ഒരർത്ഥത്തിൽ ജനതയെ ഷണ്ഡീകരിക്കുന്ന നീക്കങ്ങളിലൂടെ സമൂഹത്തെ അരാഷ്ട്രീയവത്കരിക്കുകയാണെന്ന് ചിന്തിച്ചാൽ കുറ്റം പറയാനാവില്ല.

ട്വന്റി- 20യുടേത് രാഷ്ട്രീയത്തിൽ നിന്ന് തീർത്തും ഭിന്നമായ കാഴ്ചപ്പാടും സമീപനങ്ങളുമാണെന്നാണ് പരമ്പരാഗത രാഷ്ട്രീയനേതൃത്വങ്ങൾ നിരീക്ഷിക്കുന്നത്. പ്രകടനപത്രികയിൽ അടക്കം ക്ഷേമ, വികസന നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമ്പോഴും സമൂഹത്തിന്റെ രാഷ്ട്രീയബോധത്തെ അടിച്ചമർത്തുന്ന ഇടപെടലുകൾ തങ്ങളിൽ നിന്നുണ്ടാകുന്നില്ലെന്ന് രാഷ്ട്രീയനേതൃത്വങ്ങൾ ചിന്തിക്കുന്നുണ്ട്. ട്വന്റി- 20 പക്ഷേ അങ്ങനെയല്ല. അതിലേക്ക് ജനത വഴിമാറിപ്പോകുന്നെങ്കിൽ, പരമ്പരാഗത രാഷ്ട്രീയനേതൃത്വങ്ങളിൽ ഉണ്ടായിട്ടുള്ള ചില അനഭിലഷണീയ പ്രവണതകളും കാരണമായിട്ടുണ്ടെന്ന് കരുതേണ്ടി വരും. കറയറ്റ രാഷ്ട്രീയം പയറ്റുന്ന നിലയിലേക്ക് രാഷ്ട്രീയകക്ഷികൾ ഉയർന്ന ബോധനിലവാരം പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ട്വന്റി-20യുടെ സ്വീകാര്യത നമ്മെ ഓർമ്മപ്പെടുത്തുന്നു. അടുത്ത തിരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും ഇത്തരത്തിൽ മാറിച്ചിന്തിച്ചില്ലെങ്കിൽ ട്വന്റി-20 മോഡൽ പ്രസ്ഥാനങ്ങൾ സമൂഹത്തിൽ മേൽക്കൈ നേടുമെന്നതിൽ തർക്കമില്ല. രാഷ്ട്രീയകക്ഷികൾ ഉണരേണ്ടിയിരിക്കുന്നു.

2011 മുതലിങ്ങോട്ട് നോക്കുമ്പോൾ

തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് വീണ്ടും വരാം. കേരളത്തിൽ 2011 മുതലിങ്ങോട്ടുള്ള തിരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കുമ്പോൾ നമുക്ക് ബോദ്ധ്യമാകുന്നത് കേരളരാഷ്ട്രീയം മാറി മാറി ഇടത്, വലത് മുന്നണികളെ പരീക്ഷിക്കുന്ന കാലം കഴിഞ്ഞുവെന്നാണ്. 2006ലെ തിരഞ്ഞെടുപ്പിലുണ്ടായത് ഒരു ഇടതു തരംഗമാണ്. അക്കുറി വി.എസ്. അച്യുതാനന്ദന് സി.പി.എം സ്ഥാനാർത്ഥിത്വം ആദ്യം നിഷേധിച്ചതും തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം പരസ്യപ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്തത് വലിയ സംഭവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുമ്പുമറയെ പൊളിച്ച് അണികൾ തെരുവിലിറങ്ങുന്ന കാഴ്ച അസാധാരണമായിരുന്നു.

അച്യുതാനന്ദന് അങ്ങനെ മലമ്പുഴയിൽ സ്ഥാനാർത്ഥിത്വം ലഭിച്ചു. അച്യുതാനന്ദൻ തന്നെ പിന്നീട് കേരളത്തിലുടനീളം ഇടതുമുന്നണിയുടെ താരപ്രചാരകനായി ഓളം തീർത്തു. ആ ഘട്ടത്തിലെ യു.ഡി.എഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കൂടിയായപ്പോൾ 2006ലെ തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകളോടെയാണ് ഇടതുതരംഗം ആഞ്ഞുവീശിയത്. അച്യുതാനന്ദൻ സർക്കാരിന്റേത് സാമാന്യം മോശമല്ലാത്ത പ്രതിച്ഛായയായിരുന്നു. വി.എസിന്റെ നേരിട്ടുള്ള മുൻകൈയിൽ മൂന്നാറിൽ നടന്ന കൈയേറ്റമൊഴിപ്പിക്കൽ പരിസ്ഥിതിരാഷ്ട്രീയത്തിന് പുതിയ മാനം നൽകുന്നതായി. പ്രബുദ്ധകേരളം അതിനെ പ്രകീർത്തിച്ചപ്പോൾ ഇടത്, വലത് മുന്നണികളിൽ പെട്ട രാഷ്ട്രീയകക്ഷികൾക്ക് പലപ്പോഴും പൊള്ളി. കുടിയേറ്റലോബിയുടെ സമ്മർദ്ദം അതിഭീകരമായി. മൂന്നാർ ദൗത്യം ഒരു ഘട്ടമെത്തിയപ്പോൾ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും അത് അച്യുതാനന്ദന്റെ പ്രതിച്ഛായയെ വീണ്ടും പതിന്മടങ്ങ് ഉയർത്തി. സാമാന്യം മികച്ച ധനമാനേജ്മെന്റും അച്യുതാനന്ദൻ സർക്കാരിന് തുണയായി. മന്ത്രിമാരാരും പഴി കേൾപ്പിച്ചില്ല. മോശമല്ലാത്ത ഭരണവും അവർ കാഴ്ചവച്ചു.

2011ലെ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനമുണ്ടായി. മാറിമാറി മുന്നണികളെ മാറ്റിപ്പരീക്ഷിക്കുന്നത് തുടർന്നുവെങ്കിലും, പ്രകടമായ മേൽക്കൈ പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫിന് ലഭിച്ചില്ല. ഇഞ്ചോടിഞ്ച് നില. ഇടതുമുന്നണി 68 സീറ്റുകൾ വരെ പിടിച്ചെടുത്ത് ഞെട്ടിച്ചു. രണ്ട് സീറ്റുകളുടെ ബലത്തിൽ കഷ്ടിച്ചാണ് യു.ഡി.എഫ് അധികാരത്തിലേറിയത്.

അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടി തുടക്കത്തിൽ ക്ഷേമ, വികസന പ്രവർത്തനങ്ങളിലൂടെ പ്രതിച്ഛായ ഉയർത്താൻ ശ്രമിച്ചെങ്കിലും മൂന്ന് വർഷമായപ്പോഴേക്കും സംഗതി മാറി. സോളാർ, ബാർ കോഴ കേസുകൾ സർക്കാരിനെ വരിഞ്ഞുമുറുക്കി. അവസാനകാലത്തെ ചില മന്ത്രിസഭാ തീരുമാനങ്ങൾക്കെതിരെ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ തന്നെ നെറ്റി ചുളിച്ചതും ആറന്മുള വിമാനത്താവളത്തിന് ഭൂമിയേറ്റെടുത്ത വിഷയവുമെല്ലാം യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. 2016ൽ 90 സീറ്റുകളോടെ ഇടതുമുന്നണിയെ അത് അധികാരത്തിലെത്തിച്ചു.

പിന്നീടിങ്ങോട്ട് ആരോപണങ്ങൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. 2016ൽ ഇടതുപ്രചരണത്തെ നയിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നു. മുഖ്യമന്ത്രിയായെത്തിയത് പിണറായി വിജയൻ. അദ്ദേഹത്തിന്റെ നേതൃപാടവം ഭരണരംഗത്ത് മികവ് കാട്ടാൻ വഴിയൊരുക്കിയെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ കല്ലുകടിയായി വിവാദങ്ങൾ ഒന്നിന് പിറകേ ഒന്നായി വന്നു. അച്യുതാനന്ദൻ ഭരണകാലത്ത് സങ്കല്പിക്കാൻ പറ്റാത്ത നിലയിലായിരുന്നു കാര്യങ്ങൾ. സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ പ്രതിയായത് പ്രതിച്ഛായാഭംഗം സൃഷ്ടിച്ചു.

മുഖ്യമന്ത്രി കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പിൽ പൊലീസ് കസ്റ്റഡി മരണങ്ങളും മാവോയിസ്റ്റ് വേട്ടകളും രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതുമെല്ലാം വൻവിവാദങ്ങളായി.

ദുരന്തകാലത്താണല്ലോ ഒരു ഭരണാധികാരിയുടെ യഥാർത്ഥ മികവ് പ്രകടമാവുക. പ്രളയകാലത്തും കൊവിഡ് കാലത്തും പിണറായി വിജയൻ നടത്തിയ നിരന്തരമായ ഇടപെടലുകൾ അദ്ദേഹത്തിന് അനുകൂലമായ വികാരം വളർത്തിയെടുത്തു. അതിന്റെ തണലിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ, വി.എസിന്റെ അഭാവത്തിൽ നായകത്വം വഹിക്കുമ്പോൾ കിട്ടുന്ന സ്വീകാര്യത വലുതാണ്. പിണറായി പങ്കെടുത്ത പ്രചരണയോഗങ്ങളിലെ ആൾക്കൂട്ടം കഴിഞ്ഞ രണ്ട്, മൂന്ന് തിരഞ്ഞെടുപ്പ് കാലങ്ങളിലെ വി.എസിന്റെ കാലത്തെ ഓർമ്മിപ്പിക്കുന്നതായി.

അവിടെ നിന്നുകൊണ്ടാണ് ഭരണത്തുടർച്ചയെന്ന സ്വപ്നത്തിലേക്ക് ഇടതുമുന്നണി സഞ്ചരിക്കുന്നത്. സർവ്വേകൾ അത് പ്രവചിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം പ്രവചിച്ചിട്ടില്ല. അതിന് ശേഷം ഉണർന്നു പ്രവർത്തിച്ച യു.ഡി.എഫ് പുതുമുഖങ്ങളെ സ്ഥാനാർത്ഥികളായി പരീക്ഷിച്ച് കളം നിറയാൻ ശ്രമിക്കുന്നതാണ് കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കളം തിരിച്ചുപിടിച്ചത് പോലും സ്ഥാനാർത്ഥിനിർണ്ണയത്തിലൂടെയായിരുന്നു.

അവിടെ നിന്നുകൊണ്ടാണിപ്പോൾ യു.ഡി.എഫ് പൊരുതുന്നത്. ഇടത് തുടർഭരണം അസാദ്ധ്യമാക്കാൻ. കൊവിഡ് കാലത്തെ പ്രതിരോധ ഇടപെടലുകളിലും ക്ഷേമപ്രവർത്തനങ്ങളിലും പൂർണ്ണ പ്രതീക്ഷയർപ്പിക്കുന്ന ഇടതുമുന്നണി, അതിൽ നിന്ന് നേട്ടം പ്രതീക്ഷിക്കുമ്പോൾ തീർച്ചയായും 2011ലെ കാലാവസ്ഥയിലേക്ക് കേരളം മാറുന്ന കാഴ്ചയാണ് കാണുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.