ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഛത്തീസ്‌ഗഢില്‍ എത്തും. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കും. ഛത്തീസ്‌ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്മാരേയും അമിത് ഷാ സന്ദര്‍ശിക്കും.
രാവിലെ പത്തരയോടെ അദ്ദേഹം സംസ്ഥാനത്ത് എത്തും. ഉച്ചയ്ക്ക് ഒരുമണിയോടെ ബസഗുഡയിലെ സിആര്‍പിഎഫ് ക്യാമ്പിലെത്തുന്ന അമിത് ഷാ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുമായും സിആര്‍പിഎഫ് ജവാന്മാരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിക്കും. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അസാമിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ഇന്നലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ അമിത്ഷാ ഉന്നതതല യോഗം വിളിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് ബല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും തടസ്സം നില്‍ക്കുന്നവക്കെതിരെ കേന്ദ്രം ശക്തമായ പോരാട്ടം തുടരുമെന്ന് അമിത് ഷാ പറഞ്ഞു. നമ്മുടെ സുരക്ഷാസൈനികര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇത് പൊറുക്കാനാവുന്നതല്ല, അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. തട്ടിക്കൊണ്ടു പോയ ജവാന്മാരെ വധിച്ചശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തോക്കും ആയുധങ്ങളും ഷൂസും ഊരിയെടുത്താണ് മാവോയിസ്റ്റുകൾ പോയത്. കാണാതായ ഒരു ജവാനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്ന് സി.ആര്‍.പി.എഫ്. വൃത്തങ്ങള്‍ അറിയിച്ചു.
ഒരു വനിതയടക്കം 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സംഭവത്തില്‍ രഹസ്യാന്വേഷണ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍പ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |