കേരളം ആര് ഭരിക്കണമെന്ന് വിധിയെഴുതാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ പോളിംഗ് കേന്ദ്രത്തിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം നടക്കുമ്പോൾ, ഇത് കൊവിഡ് വ്യാപനത്തിന്റെ കാലമാണെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? ഇല്ല , ആ കാഴ്ച കണ്ടാലറിയാം എല്ലാവരും കൊവിഡിനെ മറന്നുവെന്ന്.
എല്ലാ നടപടിക്രമങ്ങളും കൊവിഡ് നിയന്ത്രണം പാലിച്ചു വേണമെന്ന് നിർദേശമുണ്ടായിരിക്കെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ പൂരമായിരുന്നു. നഗരത്തിലാണെങ്കിൽ തിരക്കൊഴിഞ്ഞ ഇടമില്ല. പേരിനൊരു മാസ്ക് മുഖത്തും ബാഗിലൊരു സാനിറ്റൈസറുമുണ്ടെങ്കിൽ എല്ലാമായി എന്നു കരുതുന്നവരാണേറെയും. സാമൂഹിക അകലം എന്ന വാചകം തന്നെ എല്ലാവരും മറന്നു.
കൊട്ടിക്കലാശവും ബൈക്ക് റാലികളും ആരവങ്ങളുമില്ലാതെയൊണ് പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്. അത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായിരുന്നു. എന്നാലും പോരാട്ടത്തിന്റെ വീറും വാശിയും ചോർന്നില്ല. പലയിടങ്ങളിലും പ്രവർത്തകരും അനുഭാവികളും കൂട്ടംകൂടി. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലെ ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം വോട്ടർമാർക്കിടയിൽ നിരന്നപ്പോൾ കൊവിഡിനെ എല്ലാവരും മറന്നു.
പ്രതിദിന കൊവിഡ് കേസുകൾ ആദ്യമായി ഒരു ലക്ഷം പിന്നിട്ട ദിവസമാണ് ഈ കാഴ്ച. 478 പേർ രോഗബാധയെ തുടർന്ന് മരിച്ചുവെന്ന വാർത്തയും പുറത്തു വന്നിരുന്നു. വാക്സിൻ ലഭിച്ചുവെന്ന അമിത ആത്മവിശ്വാസമാണ് ഭൂരിഭാഗത്തേയും നയിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ വാക്സിൻ എടുത്താലും ജാഗ്രത തുടരണമെന്ന സന്ദേശം ആരും ചെവിക്കൊള്ളുന്നില്ല.
ആര് ജയിക്കും?
കൊവിഡിനെക്കുറിച്ച് ചിന്തിക്കുന്നവരും ആകുലപ്പെടുന്നവരും ചുരുക്കമായിരിക്കുന്നു. ആരാകും എം.എൽ.എ? കേരളം ആര് ഭരിക്കും? എല്ലാവരുടേയും മനസിലുളള ആകാംക്ഷ അതുമാത്രമാണ്. അതുകൊണ്ടു തന്നെ മുന്നണികൾ ഉറച്ച പ്രതീക്ഷ പുലർത്തുന്നു. കണക്കുക്കൂട്ടൽ തെറ്റിക്കുമെന്ന ആത്മവിശ്വാസത്തോടെ ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ എൻ.ഡി.എ രംഗത്തുള്ളതിനാൽ മത്സരം പ്രവചനാതീതം.
മുഖ്യമന്ത്രി ഒഴികെ, നാടിളക്കാൻ കഴിയുന്ന താരപ്രചാരകരില്ല എന്ന പരിമിതി ബാധിക്കില്ലെന്ന വിശ്വാസമാണ് ഇടതുമുന്നണിക്കുള്ളത്. തുടർഭരണമെന്ന ചർച്ചകളും സർവേകളും ഇടതുമുന്നണിക്ക് നൽകിയ മുൻതൂക്കം പ്രതിഫലിക്കില്ലെന്ന് യു.ഡി.എഫും കരുതുന്നു. ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന്റെ ക്ഷീണമെല്ലാം മറികടന്ന് പ്രചാരണത്തിൽ മുന്നേറിയതായാണ് എൻ.ഡി.എയുടെ പ്രത്യാശ.
തൃശൂരിൽ ശ്രദ്ധേയമായ ചില മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് തൃശൂർ. ശക്തമായ ത്രികോണ മത്സരമാണിവിടെ. എൽ.ഡി.എഫിന്റെ ഉറച്ച വോട്ടുകൾ നിലനിറുത്തി, ഭരണമികവിന്റെ പേരിൽ നേടിയ വോട്ടുകളിലൂടെ പി. ബാലചന്ദ്രൻ ജയിച്ചുകയറുമെന്ന് ഇടതുപക്ഷം. ഗ്രൂപ്പുകൾ മറന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും പൂർണമായും കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസവും ലീഡറുടെ മകൾ എന്ന പ്രതിച്ഛായയും പത്മജ വേണുഗോപാലിനെ ജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സുരേഷ് ഗോപിയുടെ വരവ് കാരണം താരമണ്ഡലമായതും വികസനവാഗ്ദാനങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയതുമാണ് എൻ.ഡി.എയുടെ വിജയപ്രതീക്ഷ.
മത്സരരംഗത്തുള്ള ജില്ലയിലെ ഏകമന്ത്രി എ.സി മൊയ്തീന്റെ മത്സരം എൽ.ഡി.എഫിന് കുന്നംകുളത്ത് അഭിമാനപ്രശ്നമാണ്. വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സിറ്റിംഗ് എം.എൽ.എയായ മന്ത്രി വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടത് ക്യാമ്പ്. വികസന മുരടിപ്പ് എടുത്തുപറഞ്ഞ്, ജനപ്രിയനായ നേതാവ് കെ. ജയശങ്കറിന്റെ പ്രതിച്ഛായ വിജയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്. കരുതുന്നു. ഇരുമുന്നണികളെയും അട്ടിമറിക്കാൻ അനുഭവസമ്പത്തുള്ള ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന് കഴിയുമെന്ന പ്രത്യാശയുണ്ട് എൻ.ഡി.എയ്ക്ക്.
വടക്കാഞ്ചേരിയിൽ ലൈഫ് കിട്ടാൻ
വടക്കാഞ്ചേരിയാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. സേവ്യർ ചിറ്റിലപ്പിള്ളി എന്ന പുതുമുഖത്തിന്റെ പ്രതിച്ഛായ മാത്രം മതി ജയിക്കാനെന്ന വിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. ലൈഫ് മിഷൻ പ്രശ്നം ഉയർത്തിക്കൊണ്ടുവന്ന എം.എൽ.എ ആയതിനാൽ അനിൽ അക്കര ജയിക്കുമെന്ന് യു.ഡി.എഫും വിശ്വസിക്കുന്നു. ലൈഫ് മിഷനിൽ സർക്കാരിനും കോൺഗ്രസിനുമെതിരെ തിരിഞ്ഞ് വോട്ടുനേടാനുള്ള അടിത്തറ ഉല്ലാസ് ബാബു സൃഷ്ടിച്ചിട്ടുണ്ടെന്ന് എൻ.ഡി.എയും ആശ്വസിക്കുന്നു.
ഗുരുവായൂരിൽ, എൽ.ഡി.എഫിലെ എൻ.കെ അക്ബർ സി.പി.എം ഏരിയാ സെക്രട്ടറിയെന്ന നിലയിൽ മണ്ഡലം മുഴുവൻ സുപരിചിതനാണെന്ന് അവർ വിശ്വസിക്കുമ്പോൾ, നിയമസഭാ സാമാജികനെന്ന നിലയിൽ മൂന്നുഘട്ടങ്ങളിലായി ലഭിച്ച പ്രവർത്തനപരിചയമാണ് യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദറിന്റെ അനുകൂല ഘടകം. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.സി. നിവേദിതയുടെ പത്രിക തള്ളിയെങ്കിലും ഡി.എസ്.ജെ.പി. സ്ഥാനാർത്ഥി ദിലീപ് നായർക്ക് എൻ.ഡി.എ പിന്തുണ നൽകിയതോടെ മുന്നണി സജീവമായി. പക്ഷേ ബി.ജെ.പി വോട്ട് മുഴുവനായി ദിലീപിന് കിട്ടിയില്ലെങ്കിൽ ബാക്കി ആർക്ക് ലഭിക്കുമെന്നത് നിർണായകമാകും.
ഇരിങ്ങാലക്കുടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു മുന്നണി, പാർട്ടി സംവിധാനങ്ങളുടെ ശക്തമായ പിന്തുണയോടെയാണ് പ്രചാരണത്തിലുളളത്. ഇവിടെ ജനിച്ചുവളർന്നതിന്റെ വ്യക്തിബന്ധങ്ങൾ സ്ഥാനാർത്ഥിയെ തുണയ്ക്കുമെന്ന് ഇടത് ക്യാമ്പ് കരുതുന്നു. കാൽനൂറ്റാണ്ടായി മണ്ഡലത്തിൽ പരിചിതനാണെന്നത് എടുത്തുപറഞ്ഞാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ വിജയസാദ്ധ്യത ചൂണ്ടിക്കാട്ടുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി ജേക്കബ് തോമസിന്റെ ആധുനികരീതിയിലുളള പ്രചാരണവും പ്രതിച്ഛായയും സംസ്ഥാന ശ്രദ്ധയിലെത്തിച്ചതായും അത് തുണയാകുമെന്നും അവർ കരുതുന്നു.
ഒല്ലൂരിൽ പട്ടയം വിതരണവും സുവോളജിക്കൽ പാർക്കും അടക്കമുള്ള വികസനപ്രവർത്തനങ്ങളുടെ തുടർച്ച ചൂണ്ടിക്കാട്ടി വോട്ടുതേടുന്ന കെ. രാജൻ ഒല്ലൂർ വീണ്ടും ഇടതിനൊപ്പമാക്കുമെന്ന് അവർ കരുതുന്നു. ഒല്ലൂരിലെ സാമുദായിക സ്വഭാവം കണക്കിലെടുത്ത് ഇവിടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്ന നേതാവായ ജോസ് വള്ളൂരിനെ മത്സരിപ്പിക്കാനായെന്ന പ്രത്യാശയിലാണ് യു.ഡി.എഫ്. ലോക്സഭാ തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതം ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ വിജയപ്രതീക്ഷ പുലർത്തുന്നത്. പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പ്പമംഗലം, മണലൂർ, നാട്ടിക മണ്ഡലങ്ങളിലും പോരാട്ടച്ചൂടിന് ഒട്ടും കുറവില്ല. ഫലം പ്രവചിക്കാനാവുന്ന മണ്ഡലങ്ങൾ ഇല്ലെന്നു തന്നെ വേണം പറയാൻ.