ഇടുക്കി: വോട്ടർ പട്ടികയിൽ പോസ്റ്റൽ വോട്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വോട്ട് ചെയ്യാനാവാതെ ഓട്ടോറിക്ഷാ ഡ്രൈവർ മടങ്ങി. ഉടുമ്പൻചോല മണ്ഡലത്തിലെ മുണ്ടിയെരുമ ഗവ.എൽ.പി സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ വോട്ടുള്ള തൂക്കുപാലം കുന്നേൽ അനിൽകുമാറിനാണ് സാങ്കേതിക പിഴവ് മൂലം വോട്ട് നഷ്ടപ്പെട്ടത്. അഞ്ച് കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്താതെ അനിൽകുമാറിനൊപ്പം തിരച്ചിറങ്ങി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ നിർബന്ധത്തിന് വഴങ്ങി അനിൽകുമാറിന്റെ കുടുംബാംഗങ്ങൾ വോട്ടുചെയ്തു.
അടിമാലി ബൈസൺവാലി ടീ കമ്പനി 180 മായൽത്ത മാത ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധ ദമ്പതികളുടെ വോട്ട് പോസ്റ്റൽ ബാലറ്റു വഴി രേഖപ്പെടുത്തിയതായി രേഖ. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടില്ലെന്നും പ്രായം 76 വയസിന് താഴെയാണെന്നും പറഞ്ഞെങ്കിലും വോട്ട് അനുവദിച്ചില്ല.
ഇടുക്കി ന്യൂമാൻ എൽ.പി സ്കൂളിലെ 98-ാം നമ്പർ ബൂത്തിൽ നാരകക്കാനം അമ്പലത്തറ മേരി ജോസിന്റെ വോട്ട് മാറ്റാരോ നേരത്തെയെത്തി രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് മേരിജോസ് വോട്ടുചെയ്യാനെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. പരാതി നൽകിയതിനെത്തുടർന്ന് ടെന്റർ വോട്ട് അനുവദിച്ചു.