ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മൽപ്പിടുത്തം നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ട് യുവതാരം അപ്പാനി ശരത്ത്. തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നടൻ പുറത്തുവിട്ടത്. പ്രശസ്ത സംവിധായകൻ വിനോദ് ഗുരുവായൂർ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ അപ്പാനി ശരത്താണ് നായകൻ. ജെല്ലിക്കെട്ട് പ്രമേയമായുള്ള ചിത്രത്തിന്റെ പരിശീലനം പഴനിയിൽ നടക്കുകയാണ്. ജെല്ലിക്കെട്ട് കാളയോടൊപ്പം കഴിയുന്ന ഒരു അപരിഷ്കൃത യുവാവായ 'മാട' എന്ന കഥാപാത്രമായാണ് ശരത്ത് ചിത്രത്തിൽ എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ പരുക്കൻ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ശരത്തിന്റെ 'മാട' ആരെയും വിസ്മയിപ്പിക്കും. ചരിത്രപരവും സാമൂഹികവുമായി ഏറെ ഗൗരവമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്.
ജെല്ലിക്കെട്ട് കാളയുമായുള്ള പരിശീലനം തന്റെ അഭിനയജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു. "വന്യമൃഗങ്ങളെപ്പോലും നമുക്ക് പരിശീലിപ്പിച്ചെടുക്കാം. പക്ഷേ ജെല്ലിക്കെട്ട് കാളകൾ പേടിപ്പിക്കുന്നവയാണ്. അടുത്തേക്ക് ചെല്ലാൻ പോലും പേടിയാണ്. ജീവൻ പണയംവച്ചാണ് ഞാൻ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്. പരിശീലകൻ ഉണ്ടെങ്കിലും ഞാൻ തന്നെയാണ് എല്ലാം ചെയ്യുന്നത്. ഭായാനകമായ ഭാവമായതിനാലാണ് ജെല്ലിക്കെട്ട് കാളയെ എല്ലാവരും ഭയക്കുന്നത്. എനിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ ഞാൻ ചെയ്യുമെന്ന് ആത്മവിശ്വാസമുണ്ട്." ശരത്ത് പറഞ്ഞു. മലയാളത്തിലും തമിഴിലും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്ത അപ്പാനി ശരത്തിന് തമിഴിലും വലിയ സ്വീകാര്യതയുണ്ട്. പേരിടാത്ത ഈ തമിഴ് ചിത്രത്തിന്റെ ചിത്രീകരണം മെയ് ആദ്യവാരം തുടങ്ങുമെന്നാണ് സൂചന. കഥ, തിരക്കഥ, സംഭാഷണം എഴുതി ചിത്രം നിർമ്മിക്കുന്നത് പഴനിയിലെ റിച്ച് മൾട്ടി മീഡിയ ഡയറക്ടർ ഡോ.ജയറാമാണ്. പി.ആർ.ഒ: പി.ആർ.സുമേരൻ.