കേരളം, തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്കാണ്.
എട്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ അവശേഷിക്കുന്ന 5 ഘട്ടങ്ങളിലായി 203 മണ്ഡലങ്ങളിലാണ് പോരാട്ടം.
അധികാരം നിലനിറുത്താൻ മമതയ്ക്കും പിടിക്കാൻ ബി.ജെ.പിക്കും ഒരുപോലെ നിർണായകമായ നോർത്ത് 24 പർഗാന, സൗത്ത് 24 പർഗാന, ഹൗറ ,ഹൂഗ്ലി, കൂച്ച്ബെഹാർ, അലിപുർദ്വാർ തുടങ്ങിയ ജില്ലകളാണ് ഇനി തീപാറും മത്സരത്തിന് വേദിയാകുക.
2016ൽ നോർത്ത് 24 പർഗാന, സൗത്ത് 24 പർഗാന, ഹൗറ, കൂച്ച് ബെഹാർ, ആലിപുർദ്വാർ ജില്ലകളിലെല്ലാം മേൽക്കൈ തൃണമൂലിനായിരുന്നു.
എന്നാൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലകളിലെല്ലാം ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായി. കൂച്ച്ബെഹാർ, അലിപുർദ്വാർ ലോക്സഭാ മണ്ഡലങ്ങളും നോർത്ത് 24 പർഗാനയിലെ ബംഗാവ്, ബരക്പുർ ലോക്സഭാ സീറ്റും ബി.ജെ.പി നേടിയ ഈ മേഖലകളിലെ വിജയം ഇരുവർക്കും നിർണായകമാണ്. നന്ദിഗ്രാം പോലെ ഇടതുപക്ഷത്തെ താഴെയിറക്കാൻ മമതയെ സഹായിച്ച വിവാദ ടാറ്റ നാനോ കാർഫാക്ടറി നിന്ന സിംഗൂരിൽ ഏപ്രിൽ10നാണ് പോളിംഗ്. നന്ദിഗ്രാമിന് ശേഷം മമതയും ബി.ജെ.പിയും അഭിമാനപോരാട്ടം നടത്തുന്ന മണ്ഡലം കൂടിയാണ് സിംഗൂർ.
മമതയ്ക്ക് മുന്നിൽ വെല്ലുവിളികളേറെ
ചില നേതാക്കൾ കൂറുമാറിയതും ഭരണവിരുദ്ധ വികാരവും മമതയ്ക്ക് വെല്ലുവിളിയാണ്. അർജുൻ സിംഗ്, സബ്യസാജി ദത്ത, ദീപക് ഹൽദർ, സോണാലി ഗുഹ, രജിബ് ബാനർജി, രതിൻ ചക്രബർത്തി, ജട്ടു ലാഹിരി തുടങ്ങിയ നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറിയത് തൃണമൂലിന്റെ സംഘടനാ സംവിധാനത്തെ ദുർബലമാക്കി.ചുഴലിക്കാറ്റിനിരയായവർക്കുള്ള നഷ്ടപരിഹാരവും കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളും മേഖലയിൽ വ്യാപകമായി തൃണമൂൽവിരുദ്ധ വികാരമുയർത്തിയിട്ടുണ്ട്. അധികാരം നിലനിറുത്തണമെങ്കിൽ മുസ്ലിം വോട്ടുകളിൽ നല്ലൊരു ഭാഗവും മമതയ്ക്ക് ലഭിക്കണം. പൗരത്വഭേദഗതി നിയമം ഏറെ ചർച്ച ചെയ്യപ്പെടുന്ന മേഖലകൾ കൂടിയാണിത്.
2019ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടർമാർ 40 ശതമാനത്തിലേറെയുള്ള 74 മണ്ഡലങ്ങളിൽ 60ലും തൃണമൂലിനായിരുന്നു മേൽകൈ. ഇതിൽ നോർത്ത് 24 പർഗാനയിലെ 9, സൗത്ത് 24ലെ 11, ഹൗറയിലെ 2 മണ്ഡലങ്ങളും ഉൾപ്പെടുന്നു. എന്നാൽ മുസ്ലിം മതനേതാവായ അബ്ബാസ് സിദ്ദിഖിയുടെ ഐ.എസ്.എഫ് ഇടതുപക്ഷവും കോൺഗ്രസും ഉൾപ്പെടുന്ന സംയുക്ത മുന്നണിയുടെ ഭാഗമായത് മമതയുടെ മോഹങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങളാണ് ബി.ജെ.പിയെ വലയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും മുൻനിറുത്തിയാണ് ബി.ജെ.പിയുടെ പ്രചാരണം. ഹിന്ദുഭൂരിപക്ഷ വോട്ടുകളിൽ ബി.ജെ.പി കാര്യമായ സ്വാധീനമുറപ്പിച്ചിട്ടുണ്ട്.
ഇനി വോട്ടെടുപ്പ്
നാലാംഘട്ടം - ഏപ്രിൽ 10- ഹൗറ, സൗത്ത് 24 പർഗാന, ഹൂഗ്ലി, കൂച്ച് ബെഹാർ, അലിപുർദ്വാർ എന്നീ ജില്ലകളിലെ 44 മണ്ഡലങ്ങളിൽ
അഞ്ചാംഘട്ടം - ഏപ്രിൽ 17 - നോർത്ത് പർഗാന, ഡാർജലിംഗ്, നാദിയ, പൂർവബർദ്ധമാൻ 8, കാലിംപോംഗ് 1, ജൽപാൽഗുഡി എന്നിവിടങ്ങളിലെ 45 മണ്ഡലങ്ങളിൽ
ആറാംഘട്ടം - ഏപ്രിൽ 22 - നോർത്ത് പർഗാന, നാദിയ, പൂർവ ബർദ്ധമാൻ,ഉത്തർ ദിനാജ്പുർ എന്നിവിടങ്ങളിലെ 43 മണ്ഡലങ്ങൾ
ഏഴാംഘട്ടം- ഏപ്രിൽ 26 - മാൽഡ, മുർഷിദാബാദ്, പശ്ചിമ ബർദ്ധമാൻ, കൽക്കത്ത സൗത്ത്, ദക്ഷിണ ദിനാജ്പുർ എന്നിവിടങ്ങളിലെ 36 മണ്ഡലങ്ങൾ
എട്ടാംഘട്ടം - ഏപ്രിൽ 29- ബിർഭൂം, മുർഷിദാബാദ്, കൽക്കത്ത നോർഡത്ത്, മാൽഡ എന്നീ 4 ജില്ലകളിലെ 35 മണ്ഡലങ്ങൾ