മുംബയ് : ഐ.പി.എൽ 14–ാം സീസൺ നാളെ തുടങ്ങാനിരിക്കെ, കൊവിഡ് വീണ്ടും ആശങ്ക ഉയർത്തുന്നു. അവസാന നിമിഷം ഒരു വേദിമാറ്റം വേണ്ടിവരുമോ എന്ന പേടിയിലാണ് ബി.സി.സി.ഐ.ആദ്യ മത്സരത്തിന് വേദിയാകുന്ന മുംബയ്യിൽ വൻ തോതിൽ കൊവിഡ് കേസുകൾ ഉയരുന്നതും ലോക്ഡൗൺ മാർഗങ്ങൾ ആലോചിക്കുന്നതുമാണ് പ്രശ്നമാകുന്നത്. വാങ്കഡെ സ്റ്റേഡിയത്തിലെ നിരവധി ഗ്രൗണ്ട് സ്റ്റാഫുകൾക്കും താരങ്ങളായ അക്ഷർ പട്ടേൽ,നിതീഷ് റാണ തുടങ്ങിയ കളിക്കാർക്കാർക്കും മുംബയ് ഇന്ത്യൻസിന്റെ പരിശീലക സംഘത്തിലുള്ള മുൻ ഇന്ത്യൻ താരം കിരൺ മോറെയ്ക്കും വൈറസ് ബാധയുണ്ടായതോടെ തികഞ്ഞ ജാഗ്രതയിലാണ് ബി.സി.സി.ഐ.
അതേസമയം കൊവിഡ് ബാധിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ രോഗവിമുക്തനായി. പക്ഷേ മറ്റൊരു താരമായ ഡാനിയേൽ സാംസിന് വൈറസ് ബാധ സ്ഥിരീകരിച്ചു.
മാർച്ച് 22ന് കൊവിഡ് സ്ഥിരീകരിച്ചിരുന്ന ദേവ്ദത്ത് ബെംഗളൂരുവിലെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. നെഗറ്റീവായതോടെ ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നു.എന്നാൽ നാളെ നടക്കുന്ന മുംബയ് ഇന്ത്യൻസിനെതിരായ റോയൽ ചാലഞ്ചേഴ്സിന്റെ ഉദ്ഘാടന മത്സരം നഷ്ടമാകും.
സാംസിന് ഇന്ത്യയിലെത്തിയ ഏപ്രിൽ മൂന്നിന് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു. ക്വാറന്റൈനിൽ കഴിയവേ ഇന്നലെ നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവായത്.