റായ്പൂർ:ഛത്തീസ്ഗഢിലെ ബസ്തർ വനത്തിൽ നടന്ന ഏറ്റുമുട്ടലിനിടെ ബന്ദിയാക്കിയ സി.ആർ.പി.എഫ് കോബ്ര യൂണിറ്റ് കമാൻഡർ രാകേശ്വർ സിംഗ് മാൻഹാസിന്റെ ചിത്രം മാവോയിസ്റ്റുകൾ ഇന്നലെ പുറത്തുവിട്ടു. ജവാന്റെ മോചനത്തിന് സോപാധിക മദ്ധ്യസ്ഥ ചർച്ച ആകാമെന്ന് മാവോയിസ്റ്റുകൾ അറിയിച്ചിട്ടുണ്ട്.
രാകേശ്വർ സിംഗിനെ തങ്ങൾ പിടികൂടിയതായി മാവോയിസ്റ്റ് ദണ്ഡകാരണ്യ ദളം വക്താവ് വികല്പ് ചൊവ്വാഴ്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചിരുന്നു. അതിന്റെ തെളിവായാണ് ഇന്നലെ ചിത്രം പുറത്ത് വിട്ടത്. താൽക്കാലികമായി കെട്ടിയ ഓലഷെഡ്ഡിൽ രാകേശ്വർ സിംഗ് പ്ലാസ്റ്റിക് പായയിൽ ഇരിക്കുന്നതാണ് ചിത്രം. ഇത് മാവോയിസറ്റ് ക്യാമ്പ് ആകാമെന്നാണ് വിലയിരുത്തൽ.
രാകേശ്വർ സിംഗിന് വെടിയേറ്റെന്നും ചികിത്സ നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു. ജവാന്റെ മോചനത്തിന് ചർച്ചയാകാം. മദ്ധ്യസ്ഥരുടെ പേരുകൾ സർക്കാർ മുൻകൂട്ടി പ്രഖ്യാപിക്കണം. ചില നിബന്ധനകൾ പാലിച്ചാൽ ജവാനെ വിട്ടയ്ക്കാം. അതുവരെ അദ്ദേഹം ഞങ്ങൾക്കൊപ്പം സുരക്ഷിതനായിരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഉപാധികൾ വെളിപ്പെടുത്തിയിട്ടില്ല.
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ സ്ത്രീ ഉൾപ്പെടെ അഞ്ചു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ആക്രമണത്തിൽ 23 സൈനികർ വീരമൃത്യുവരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ 24 ജവാൻമാരെ വധിച്ചെന്നും 31 പേർക്ക് പരിക്കേറ്റെന്നും സേനയുടെ 14 ആയുധങ്ങളും രണ്ടായിരത്തിലധികം വെടിയുണ്ടകളും മറ്റ് വസ്തുക്കളും ശേഖരിച്ചെന്നും പ്രസ്താവനയിൽ അവകാശപ്പെട്ടു.
പ്രസ്താവനയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് ബസ്തർ റേഞ്ച് ഐ.ജി ഒ.പി സുന്ദർരാജ് പറഞ്ഞു. മാൻഹാസിനെ കണ്ടെത്തിയിട്ടില്ലെന്നും തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു.
ജവാനെ മോചിപ്പിക്കണമെന്ന് ബസ്തറിലെ ആദിവാസി ആക്ടിവിസ്റ്റായ സോണി സോരി മാവോയിസ്റ്റുകളോട് അഭ്യർത്ഥിച്ചു. മോചനം വൈകിയാൽ ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലത്തേക്ക് താൻ പോകുമെന്നും മാവോയ്സ്റ്റുകളോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഭർത്താവിനെ അടിയന്തരമായി മോചിപ്പിക്കണമെന്ന് അഭ്യത്ഥിച്ച് രാകേശ്വറിന്റെ ഭാര്യ മീനു പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു. ജവാന്റെ മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ഇന്നലെ ജമ്മുകാശ്മീർ- പൂഞ്ച് ഹൈവേ ഉപരോധിച്ചു.