തിരുവനന്തപുരം: കയർ ഫാക്ടറി തൊഴിലാളികൾക്കുള്ള 2020 വർഷത്തെ അവസാന ബോണസ് അഡിഷണൽ ലേബർ കമ്മിഷണറുടെ (ഇൻഡസ്ട്രിയൽ റിലേഷൻസ്) അദ്ധ്യക്ഷതയിൽ ചേർന്ന തൊഴിലുടമ-തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ നിശ്ചയിച്ചു.
ഒത്തുതീർപ്പനുസരിച്ച് ബോണസ് 0.03% വർദ്ധിച്ച് 30.28 ആയി മാറും. തൊഴിലാളികളുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 10.28 ശതമാനം ഇൻസന്റീവും എന്ന നിലയിലാണ് ഫൈനൽ ബോണസ് കണക്കാക്കുന്നത്. 2020 വർഷത്തെ ഓണം-ക്രിസ്മസ് അഡ്വാൻസ് ബോണസ് തുകകൾ ഫൈനൽ ബോണസിൽ നിന്നു കിഴിച്ച് ശേഷിക്കുന്ന തുക തൊഴിലാളികൾക്ക് നൽകും.
ബോണസ് തുക 12 നകം വിതരണം ചെയ്യുന്നതിനും തീരുമാനമായി. ഈ വ്യവസ്ഥകൾ സഹകരണ പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ബാധകമായിരിക്കും.
ഹാക്കത്തോൺ രജിസ്ട്രേഷൻ കാലാവധി 30വരെ നീട്ടി
തിരുവനന്തപുരം: കേരള പൊലീസിന്റെ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക്പി 2021ലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. ടെക്കികൾക്കും ഇൻഫർമേഷൻ ടെക്നോളജി പ്രേമികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരാനും, ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ എന്നിവ ഉറപ്പാക്കാൻ ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പൊലീസ് അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://hackp.kerala.gov.in സന്ദർശിക്കുക.
സായി എൻ.സി.ഒ.ഇ യിൽ വേനൽ അവധി
തിരുവനന്തപുരം : കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കാര്യവട്ടത്തെ സായി എൽ.എൻ.സി.പി.ഇ (ലക്ഷ്മീബായി കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ) കാമ്പസിൽ പ്രവർത്തിക്കുന്ന സായി എൻ.സി.ഒ.ഇ കേന്ദ്രം വേനൽ അവധിക്കായി അടച്ചതായി അധികൃതർ അറിയിച്ചു. വർദ്ധിച്ചുവരുന്ന കൊവിഡിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി പരിശീലനം നടത്തുന്ന കായിക താരങ്ങളെയും പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർത്ഥികളെയും കാമ്പസിൽ തുടരാൻ അനുവദിക്കും. അതേസമയം കുട്ടികൾക്കായി സംഘടിപ്പിക്കാറുള്ള അവധിക്കാല കായികപരിശീലന ക്യാമ്പ് ഈവർഷവും ഉണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
കുസാറ്റിൽ വിദേശഭാഷാ കോഴ്സുകൾ
കളമശേരി: കുസാറ്റ് വിദേശഭാഷാവിഭാഗം നടത്തുന്ന ഓൺലൈൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് ഹ്രസ്വകാല സായാഹ്ന കോഴ്സുകൾ 19ന് ആരംഭിക്കും. ഫീസ് യഥാക്രമം 7100, 9200, 8200 രൂപ. പ്ലസ്ടു/പ്രീഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം.പ്രായപരിധി ഇല്ല. ഫോൺ: 6282167298. ഇമെയിൽ - DEFL@cusat.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |