തിരുവനന്തപുരം: സെക്കന്തരാബാദിനടുത്ത് കാസിപ്പേട്ടിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ നിന്ന് ഇതുവഴി കടന്നുപോകുന്ന നാല് ദീർഘദൂര ട്രെയിനുകൾ 23 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
കൊച്ചുവേളിയിൽ നിന്ന് ഗോരഖ്പൂരിലേക്കുള്ള ത്രൈവാരഎക്സ്പ്രസ്, എറണാകുളത്തുനിന്ന് ബാറുണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ്, തിരുവനന്തപുരത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള പ്രതിവാരഎക്സ്പ്രസ്, കൊച്ചുവേളിയിൽ നിന്ന് കോർബയിലേക്കുള്ള ദ്വൈവാര എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇൗ ട്രെയിനുകളുടെ കേരളത്തിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
കൊച്ചുവേളി - ഗോരഖ്പൂർ
സ്പെഷ്യൽ ജൂൺ വരെ നീട്ടി
തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉത്തർപ്രദേശിലെ ഗോരഖ് പൂരിലേക്ക് സർവീസ് നടത്തുന്ന അവധിക്കാല സ്പെഷ്യൽ ട്രെയിൻ സർവീസ് ജൂൺ 30 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. ഇതിൽ ഒരു സെക്കൻഡ് എ.സി, മൂന്ന് തേർഡ് എ.സി, 11 സ്ളീപ്പർ കോച്ചുകൾക്ക് പുറമെ നാല് ജനറൽ കോച്ചുകളുമുണ്ടാകും. എന്നാൽ റെയിൽവേയുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഇൗ കോച്ചുകളിലും റിസർവ് ചെയ്തവർക്കേ യാത്ര അനുവദിക്കൂ.
കണ്ണൂർ എക്സിക്യൂട്ടീവ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും
തിരുവനന്തപുരം: എറണാകുളത്തുനിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് 14 മുതൽ 30 വരെ ഷൊർണൂർ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. പാലക്കാട് റെയിൽവേ ഡിവിഷനിൽ സുരക്ഷാ ജോലികൾ നടക്കുന്നതിനാലാണിത്. ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചുമായിരിക്കും സർവീസ്. സമയക്രമത്തിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |