SignIn
Kerala Kaumudi Online
Thursday, 06 May 2021 7.20 AM IST

മൻസൂർ വധം മുതൽ കെ.ടി. ജലീൽ വരെ: കലങ്ങിമറിഞ്ഞ് രാഷ്ട്രീയ കേരളംകൊല്ലപ്പെടുന്നവരോടൊപ്പം കൊല്ലുന്നവനും ജീവൻ നഷ്ടമാകുന്നു, രാഷ്ട്രീയ കൊലപാതകങ്ങളും ഭരണകൂട സംശുദ്ധിയും ചർച്ചയിൽ

crime

കണ്ണൂർ: തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി വിവാദങ്ങളെ ചൊല്ലി കേരള രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു. ടി.പി. ചന്ദ്രശേഖരൻ വധത്തിന് ശേഷം കേരളം ഏറെ ചർച്ച ചെയ്തതും കോളിളക്കം സൃഷ്ടിച്ചതും മട്ടന്നൂരിലെ യൂത്ത്‌ കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകമായിരുന്നു. തുടർന്നാണ് പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തിക്ക് ഇരയാകുന്നത്. ചന്ദ്രശേഖരനും ഷുഹൈബും പെരിയയിലെ കൃപേഷും ശരത് ലാലും സജീവ രാഷ്ട്രീയ പ്രവർത്തകരായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പാനൂരിലെ മൻസൂറിന്റെ പിന്നാമ്പുറം അങ്ങനെയല്ല. സഹോദരൻ ലീഗ് പ്രവർത്തകനും പ്രാദേശിക നേതാവുമായത് കൊണ്ട് മൻസൂറും ലീഗിനോട് ചേർന്ന് നടക്കുകയായിരുന്നു. ജ്യേഷ്ഠനെ വകവരുത്താൻ എത്തിയ കൊലയാളി സംഘം അനുജന്റെ ജീവൻ കവർന്നാണ് രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് മൻസൂർ വധം ചർച്ചയായതും.

സാമ്പിൾ വെടിക്കെട്ടായി മൻസൂർ വധം

തിരഞ്ഞെടുപ്പ് കാഹളം അവസാനിച്ചപ്പോൾ ഉടലെടുത്ത പ്രധാന വിവാദമായി മാറി മൻസൂറിന്റെ കൊല. കൊലപാതക രാഷ്ട്രീയം സജീവ ചർച്ചയാകുന്നതിനിടെയാണ് രാഷ്ട്രീയ കേരളത്തെ ഇളക്കി മറിച്ച് ജലീലിനെതിരെ ലോകായുക്ത വിധി പുറത്തുവന്നത്. ബന്ധുനിയമന ആരോപണത്തിൽ കെ.ടി. ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാൻ അർഹനല്ലെന്നുമാണ് ലോകായുക്ത വിധിച്ചത്.

ബാങ്ക് ഉദ്യോഗസ്ഥനായ മന്ത്രിയുടെ ബന്ധു കെ.ടി. അദീബിനെ കോർപ്പറേഷനിലെ ജനറൽ മാനേജരായി നിയമിക്കാൻ യോഗ്യതകളിൽ ഇളവ് വരുത്തിയെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. കോർപ്പറേഷൻ ആവശ്യപ്പെടാതെ മന്ത്രി നേരിട്ട് ഇടപെട്ട് ബന്ധുവിന് നിയമനം ലഭിക്കാൻ വേണ്ടി മാത്രമായി യോഗ്യതയിൽ മാറ്റം വരുത്തിയെന്നും ഉത്തരവിൽ പറയുന്നു. മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് വ്യക്തമാക്കിയ ലോകായുക്ത വിധി നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി.കെ. മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് ലോകായുക്ത ഉത്തരവ്. ഏറെ നാളത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു വിധി. വാദം നേരത്തെ പൂർത്തിയായെങ്കിലും വിധി പ്രഖ്യാപനം വോട്ടെടുപ്പിന് ശേഷമേ പാടുള്ളൂവെന്ന് ജലീലിന്റെ അഭിഭാഷൻ വാദിച്ചിരുന്നു.

മദ്ധ്യകേരളത്തെയും തിരുവിതാംകൂറിനെയും അപേക്ഷിച്ച് വടക്കൻ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പാർട്ടികളോടും പ്രവർത്തനങ്ങളോടും ജീവിതംപോലെ ഒട്ടിച്ചേർന്നു നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലത്തേക്കൾ അപ്പുറം മലബാറിലെ ജില്ലകളിൽ ഇപ്പോൾ നടക്കുന്ന ചർച്ച രാഷ്ട്രീയ കൊലപാതകങ്ങളും രാഷ്ട്രീയത്തിലെയും ഭരണകൂട സംശുദ്ധിയേയും കുറിച്ചായത്.

കൊല്ലാനും ചാവാനും 'വിധിക്കപ്പെട്ട വർഗ്ഗം", ഭരണത്തിൽ നിന്നകലെ

കൊലക്കേസുകളിൽ പാർട്ടി കൊടുക്കുന്ന ലിസ്റ്റ് പ്രകാരമോ എതിരാളികൾ നൽകുന്ന പട്ടികയിൽ സ്ഥാനം പിടിക്കുന്ന ദരിദ്ര കുടുംബ പശ്ചാത്തലമുള്ളവർക്ക് ജീവിതം വഴിമുട്ടുമ്പോൾ ഒന്നുകിൽ സ്വയം ജീവനൊടുക്കുകയോ അല്ലെങ്കിൽ വീണ്ടും വെട്ടാനും കൊല്ലാനും പോവുകയോ മാത്രമേ വഴിയുള്ളൂ. അതാണ് രാഷ്ട്രീയ ക്രിമിനലുകളുടെ പട്ടികയിൽ മിക്കപ്പോഴും വരുന്ന പേരുകൾ ആവർത്തിക്കപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഒരു ചരിത്രമുണ്ട്. കൊല്ലപ്പെടുന്നവരോടൊപ്പം കൊല്ലുന്നവനും ജീവൻ നഷ്ടപ്പെടുന്നുവെന്നതാണ് അതിന്റെ ചരിത്രം. പ്രത്യേക വർഗത്തിലെ ആരും ഭരണം കൈയാളുന്നതിന്റെ നാലയലത്ത് പോലും എത്താറില്ല, എത്തിക്കില്ല എന്നതാണ് ചരിത്രം.

മുസ്ലിം ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂരിലെ മൻസൂറിന്റെ കൊലപാതക കേസിൽ കുറ്റാരോപിതനായ കൂലോത്ത് രതീഷ് ജീവനൊടുക്കിയപ്പോഴും ആ ചരിത്രം ആവർത്തിക്കുക തന്നെയാണ്.

തലശേരിയിലെ ഫസൽ വധ കേസിന് ശേഷം രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ന്യൂമാഹിയിലെ പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും ദൂരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞിരുന്നു. സി.പി.എമ്മിൽ നിന്ന് എൻ.ഡി.എഫ് പ്രവർത്തകനായി മാറിയതാണ് ഫസലിനെ വധിക്കാൻ കാരണമായത്. ഒരു ചെറിയ പെരുന്നാൾ ദിവസം തേജസ് പത്രത്തിന്റെ ഏജന്റും വിതരണക്കാരനുമായ ഫസലിനെ പത്രവിതരണത്തിനിടെയാണ് സൈദാർ പള്ളിയിൽ വച്ച് പുലർച്ചെ അഞ്ചു മണിയോടെ വെട്ടി ക്കൊല്ലുന്നത്.

പഴി ആർ.എസ്.എസിന് മേൽ ആക്കാൻ ശ്രമം

ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴി ഉപയോഗിച്ച് കേസ് ആർ.എസ്.എസിന് മേൽ പഴിചാരാൻ പൊലീസിനെ ഉപയോഗിച്ചു നടത്തിയ ശ്രമം ലക്ഷ്യം കണ്ടില്ല. പാർട്ടികൾക്കായി ആയുധമെടുത്തവർ പാർട്ടിക്കെതിരെ തിരിഞ്ഞാൽ സ്വന്തം പിതാവിനെ പോലും വെട്ടി മലർത്താൻ മടിയില്ലാത്തവരാണ് മലബാറിലെ ചാവേറുകളായ രാഷ്ട്രീയ പാർട്ടികളുടെ അണികൾ.

വ്യത്യസ്തങ്ങളായ കൊലപാതക കേസുകളിൽപെട്ട അനിലിനെ എടന്നൂരിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടതും മട്ടന്നൂരിൽ സി.പി.എം ഓഫീസിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട കുട്ടന്റെ മരണത്തിലെ ദുരൂഹതയും ഇപ്പോഴും തുടരുകയാണ്. സി.പി.എം പ്രവർത്തകരായ റയീസ്, കെ.പി ജിജേഷ്, യു.കെ സലീം എന്നിവരുടെ മരണങ്ങളെ ചൊല്ലി ഉയർന്ന ആരോപണങ്ങൾക്കും ഇതേവരെ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫസൽ വധക്കേസിനെ കുറിച്ച് കൃത്യമായി ധാരണയുള്ളവരാണ് ഇവരെന്നതാണ് മൂന്നുപേരുടെയും സവിശേഷത.

കൊലയാളികളായ ചെഗുവേര ആക്ഷൻ സംഘങ്ങൾ

പാർട്ടിച്ചൂളയിൽ കത്തിച്ചാമ്പലാകുന്നവർ വെട്ടാനും ചാകാനും പോകുന്നവരെ ആക്ഷൻ സംഘങ്ങൾ എന്ന ഓമന പേരിലാണ് അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ ഡിഫൻസ് ടീമായും ചെഗുവേര സ്‌ക്വാഡായും അറിയപ്പെടുന്നുണ്ട്. ഇത്തരം കില്ലർ സംഘങ്ങൾ ഒരിക്കലും നിയമത്തിന് മുന്നിൽ എത്താറില്ല. എത്തുകയുമില്ല. അതുകൊണ്ടുതന്നെ വരാൻ പോകുന്ന ദിവസങ്ങളെ കുറിച്ച് വർത്തമാന കേരളം ഭയത്തോടും വിഹ്വലതയോടുമാണ് നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പ് ഫലം ഇടതിനോ വലതിനോ പ്രതികൂലമോ, അനുകൂലമോ ആയാലും സംഭവിക്കാൻ പോകുന്നതിന്റെ സാമ്പിൾ വെടിക്കെട്ടായാണ് മൻസൂർ വധത്തെ നോക്കികാണുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.