SignIn
Kerala Kaumudi Online
Saturday, 16 October 2021 7.14 AM IST

പൂരമെത്തും മുൻപേ പൊടിപൂരം

thrissur

വോട്ടെടുപ്പിന് പിന്നാലെ എല്ലാവരും പ്രതീക്ഷിച്ചതുപോലെ കൊവിഡിൻ്റെ ഭൂരിപക്ഷം കൂടി. പോസിറ്റിവിറ്റി നിരക്ക് 'പോസിറ്റീവ് ' ട്രെൻഡിലായി. തിരഞ്ഞെടുപ്പുകാലത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ സമ്മതമായിരുന്നു, തൃശൂർ പൂരം കൊണ്ടാടാൻ. കാരണം പൂരം ഒരു വികാരമാണ്. ജനങ്ങളുടെ വികാരങ്ങളെ മാനിച്ചില്ലെങ്കിൽ പണിപാളുമെന്ന് അവർക്കറിയാം. എല്ലാ രാഷ്ട്രീയപാർട്ടികളും നേതാക്കളും സ്ഥാനാർത്ഥികളും പൂരമെന്ന വികാരം നെഞ്ചേറ്റിയവരാണ്. അതുകൊണ്ടു തന്നെ പൂരം പൊടിപൂരമാക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞു. കൊവിഡിൻ്റെ മേൽ ഉണ്ടായിരുന്ന പിടി വിട്ടു. അപ്പോഴേയ്ക്കും പൂരത്തിൻ്റെ ഒരുങ്ങളെല്ലാം ഇരുദേവസ്വങ്ങളും നടത്തി. ഇനി കൊണ്ടാടുകയേ വേണ്ടൂ. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ

കൊവിഡ് വ്യാപനം മുന്നിൽ കണ്ട് തൃശൂർ പൂരം നടന്നാൽ രോഗികൾ കൂടുമെന്ന് ഡി.എം.ഒ റിപ്പോർട്ട് നൽകി. ഇതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പ്രതിഷേധവുമായെത്തി. താന്ത്രികചടങ്ങുകൾക്ക് തുടക്കമിട്ടെന്നും ഇനി എല്ലാ ആചാരങ്ങളോടെയും പൂരം നടത്തേണ്ടതുണ്ടെന്നും പാറമേക്കാവും ജനങ്ങളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ദേവസ്വങ്ങൾക്കല്ല, അത് ഭരണകൂടവും പൊലീസുമാണ് നിറവേറ്റേണ്ടതെന്നും തിരുവമ്പാടി ദേവസ്വവും വ്യക്തമാക്കി.

അതേസമയം, തൃശൂർ പൂരം മുൻവർഷങ്ങളിലേതു പോലെ പ്രൗഢഗംഭീരമായി നടത്തുമെന്നും നേരത്തെതന്നെ സർക്കാർ അനുമതി നൽകിയിരുന്നതായും മന്ത്രി വി.എസ് സുനിൽകുമാറും പ്രസ്താവന നടത്തി. എന്നാൽ, തൃശൂർ പൂരം നടത്തിയാൽ കൊവിഡ് ബാധിച്ചുള്ള മരണം കൂടുമെന്ന മുന്നറിയിപ്പിൽ ഉറച്ചുനിൽക്കുകയായിരുന്നു ഡി.എം.ഒ. രോഗവ്യാപനം രൂക്ഷമായാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പിന് മുമ്പേ ഡി.എം.ഒ വ്യക്തമാക്കിയിരുന്നു. എന്നാൽ, മരണനിരക്ക് ഊതിപ്പെരുപ്പിച്ച് അവതരിപ്പിക്കുകയാണെന്നും പൂരം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ദേവസ്വം ഭാരവാഹികൾ ആരോപിച്ചു.
കൊവിഡ് കാരണം കഴിഞ്ഞ വർഷം പൂരം മുടങ്ങിയിരുന്നുവെങ്കിലും ഈയാണ്ടിൽ, പന്തൽ നിർമ്മാണവും പൂരം പ്രദർശനവും തുടങ്ങിയിട്ടുണ്ട്. സ്റ്റാളുകൾ പൂർണ്ണമായി ഒരുക്കാത്തതിനാൽ പ്രദർശനത്തിന് ജനങ്ങളെ പ്രവേശിപ്പിച്ചിട്ടില്ല. ഘടകക്ഷേത്രങ്ങളിലും പൂരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പൂരദിനമായ ഏപ്രിൽ 23 ലേയ്ക്കുളള ദിനങ്ങൾ എണ്ണിയെണ്ണി നടക്കുന്നതിനിടെയാണ് കൊവിഡ് രോഗികൾ അഞ്ഞൂറ് കവിയുന്നത്. ഇതിനിടെ, കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് പൂരം പ്രൗഢിയോടെയും അതേസമയം കൊവിഡ് മാനദണ്ഡം പാലിച്ചും നടത്തുന്നതിനായി മാർഗ രേഖ തയ്യാറാക്കണമെന്നഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറിക്ക് ജില്ലാ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. പൂരം സുഗമമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൂരത്തിനെത്തുന്ന ജനങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വങ്ങളുമായി കൂടിയാലോചിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ എല്ലാം കൂടി ചേർന്നപ്പോൾ പൂരത്തിന് മുൻപേ വിവാദങ്ങളുടെ പൊടിപൂരം.

കാണികളെ ആര് നിയന്ത്രിക്കും?

പൂരത്തിന് കാണികളെ നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തമാണ് പ്രധാനപ്രശ്‌നങ്ങളിലൊന്ന്. ജനങ്ങളെ നിയന്ത്രിക്കുന്നത് ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. കാഴ്ചക്കാരെ ദേവസ്വങ്ങൾ നിയന്ത്രിക്കണമെന്ന ആവശ്യം ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും അവർ പറയുന്നു. കഴിഞ്ഞ വർഷം കൊവിഡ് കാരണം പൂരം ഉപേക്ഷിച്ചിരുന്നു. ക്ഷേത്രത്തിനുള്ളിൽ ചടങ്ങ് മാത്രമാണ് നടത്തിയത്.

അതേസമയം, പൂരം പ്രദർശനത്തിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഉടൻ ഉണ്ടാകില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമെന്നാണ് കരുതുന്നത്. സ്റ്റാളുകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. പ്രദർശനത്തിനുള്ള അനുമതി വൈകിയതിനാൽ പണികളും വൈകിയിരുന്നു. സ്റ്റാളുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. മുപ്പത് രൂപയായിരിക്കും പ്രവേശനിരക്ക്. 2019ൽ 25 രൂപയായിരുന്നു.

അതിവേഗം ക്രഷിംഗ് ദ കർവ്

പൂരം ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിനിടെ, പരമാവധി പേരെ കൊവിഡ് വാക്‌സിൻ എടുപ്പിച്ച് രോഗ വ്യാപനം തടഞ്ഞ്, ഗുരുതരാവസ്ഥ ഒഴിവാക്കി രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള ക്രഷിംഗ് ദി കർവിനുള്ള നടപടികളുമായി ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും രംഗത്തുണ്ട്. രണ്ടാം തരംഗത്തിൽ രോഗവ്യാപനം വളരെ വേഗത്തിലാണെന്നും ഈ മാസം അതിനിർണ്ണായകമാണെന്നുമുളള വിലയിരുത്തലിനെ തുടർന്നാണിത്. രോഗികളുടെ എണ്ണം കൂടിയാൽ ആരോഗ്യ സംവിധാനങ്ങളും തകിടം മറിയും. ജില്ലയിലെ 45 വയസിന് മുകളിലുള്ള പരമാവധി പേർക്ക് ഈ മാസം തന്നെ വാക്‌സിൻ നൽകി രോഗ വ്യാപന തീവ്രത ഇല്ലാതാക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിനായി മാസ് വാക്‌സിനേഷൻ ക്യാമ്പുകളടക്കം സജ്ജീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ പൊതുജനത്തിന് ബോധവത്കരണവും വ്യാപകമാക്കുന്നുണ്ട്. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയ്ക്കിടെ കുത്തനെ ഉയർന്നിരുന്നു. മാർച്ച് 15 വരെ രണ്ടിൽ താഴെയായിരുന്ന പൊസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനത്തിന് മുകളിലെത്തിയിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നെഹ്‌റു പാർക്ക് തുറക്കാനാവില്ലെന്നാണ് കോർപറേഷനിൽ ചേർന്ന യോഗം വിലയിരുത്തിയത്. പൂരത്തോടനുബന്ധിച്ച് പ്രദർശനം ഉൾപ്പെടെ നടത്തുന്ന സാഹചര്യത്തിൽ പാർക്ക് തുറക്കാനുള്ള ജനങ്ങളുടെ സമ്മർദ്ദം കണക്കിലെടുത്താണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും കൗൺസിലർമാരുടെയും യോഗം വിളിച്ചു ചേർത്തത്. കൊവിഡ് രണ്ടാംഘട്ടത്തിന്റെ രൂക്ഷമായ വ്യാപനം കണക്കിലെടുത്താണ് പാർക്ക് തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സർക്കാരിന്റെ ഉത്തരവ് വരുന്ന മുറയ്ക്ക് മറ്റു നടപടികൾ സ്വീകരിക്കുമെന്നും പറയുന്നു. ചുരുക്കത്തിൽ ലോക്ക് ഡൗൺ ഇല്ലെങ്കിലും വീണ്ടും ലോക്കാവുമോ എന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POORAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.