വീടിന്റെ വിസ്തീർണ്ണം അർഹതാ മാനണ്ഡത്തിൽ നിന്ന് ഒഴിവാക്കി
2000 രൂപ വരെ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെൻഷൻ
45,24,370 : നിലവിൽ സാമൂഹ്യ പെൻഷൻ വാങ്ങുന്നവർ
കൊല്ലം: വലിയ വീടുള്ളവർക്കും ഇനി സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കും. വീടിന്റെ തറവിസ്തീർണം പെൻഷനുള്ള അർഹതാ മാനദണ്ഡത്തിൽ നിന്നൊഴിവാക്കി സർക്കാർ ഉത്തരവായി. 2000 രൂപ വരെ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യസുരക്ഷ, ക്ഷേമിധി ബോർഡ് പെൻഷനുകൾ ലഭിക്കും.
അനർഹർ കൈപ്പറ്റുന്നെന്ന വ്യാപക പരാതിയെ തുടർന്ന് ധനവകുപ്പ് കഴിഞ്ഞ ജൂലായിൽ സാമൂഹ്യസുരക്ഷാ പെൻഷന് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിരുന്നു. 1200 ചതുരശ്ര അടിയലധികം വിസ്തീർണമുള്ള വീടുള്ളവരെയും 1000 സി.സിയിൽ കൂടുതൽ എൻജിൻ ശേഷിയുള്ള വാഹനമുള്ളവരെയും ഒഴിവാക്കി. ഇ.പി.എഫ് പെൻഷനോ ക്ഷേമനിധി പെൻഷനോ വാങ്ങുന്നവർക്ക് (പുതിയ അപേക്ഷകർക്ക്) ഏതെങ്കിലുമൊരു സാമൂഹ്യസുരക്ഷാ പെൻഷൻ മാത്രം 600 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു.
തദ്ദേശ സ്ഥാപനങ്ങൾ രേഖകൾ പരിശോധിച്ച് ഈ വിഭാഗങ്ങളിൽ പ്പെട്ടവരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ പരാതി വ്യാപകമായി. തുടർന്നാണ് ധനവകുപ്പ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയത്.
1200 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള വീടുള്ളതിന്റെ പേരിൽ ഒഴിവാക്കപ്പെട്ടവർ വീണ്ടും അപേക്ഷിച്ചാൽ പെൻഷൻ ലഭിക്കും. ഇ.പി.എഫ് പെൻഷൻകാർക്കും പുതുതായി അപേക്ഷിക്കാം. എന്നാൽ, 2000 രൂപയ്ക്ക് മുകളിൽ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്ക് എതെങ്കിലും ഒരു സാമൂഹ്യ പെൻഷനോ, ക്ഷേമനിധി പെൻഷനോ 600 രൂപ വീതം ലഭിക്കും.
ഇപ്പോൾ വിതരണം നടക്കുന്ന ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള പെൻഷന് പുതിയ മാനദണ്ഡം ബാധകമല്ല. മേയ് മുതലുള്ള പെൻഷൻ പുതിയ മാനദണ്ഡ പ്രകാരം അർഹരാകുന്നവർക്കും ലഭിക്കും.
ഡിസംബറിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിലും പുതുക്കിയ പെൻഷന് അർഹതയുണ്ടാവും
പഴയ വ്യവസ്ഥകൾ
1. വീടിന്റെ വിസ്തൃതി 1200 ചതുരശ്ര അടിയിൽ കൂടിയാൽ പെൻഷന് അർഹതയില്ല
2. ഇ. പി. എഫ് പെൻഷനോ, സാമൂഹ്യ സുരക്ഷാ പെൻഷനോ വാങ്ങുന്നവർക്ക് ഏതെങ്കിലും ഒരു ക്ഷേമപെൻഷൻ പ്രകാരം 600 രൂപ മാത്രം അനുവദിക്കും
3. 1000 സി. സിയിൽ കൂടുതൽ എൻജിൻ ശേഷിയുള്ള വാഹനത്തിന്റെ ഉടമയാണെങ്കിൽ പെൻഷന് അർഹതയില്ല.
പുതിയ വ്യവസ്ഥകൾ
1. വീടിന്റെ വിസ്തൃതി പരിഗണിക്കാതെ പെൻഷൻ അനുവദിക്കും
2. ഇ. പി. എഫ് പെൻഷൻ 2000 രൂപവരെ വാങ്ങുന്നവർക്ക് ക്ഷേമപെൻഷൻ തുകയായ 1200 രൂപയും ലഭിക്കും. അതിൽ കൂടുതൽ വാങ്ങുന്നവർക്ക് പഴയ ഉപാധി ബാധകം.
3. വാഹന ഉപാധിയിൽ ഇളവില്ല
4.ഡിസംബറിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിലും പുതുക്കിയ പെൻഷന് അർഹതയുണ്ടാവും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |