Kerala Kaumudi Online
Saturday, 25 May 2019 10.22 PM IST

ആയിരം പീഡന ദിനങ്ങൾ

v-muraleedharan

ഒരു സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പ്രധാനമായും വിലയിരുത്തപ്പെടുന്നത് ആ സംസ്ഥാനത്തെ ക്രമസമാധാനപാലനം എങ്ങിനെയെന്നു നോക്കിയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, കാർഷിക,വികസന മേഖലകളിലെടുത്ത നടപടികളാണ് മറ്രൊന്ന് . കാസർകോട്ടെ ഇരട്ടക്കൊലപാതകമാണ് ഈ സർക്കാർ ആയിരം ദിനങ്ങൾ പൂർത്തിയാക്കുമ്പോൾ ജനങ്ങൾക്ക് തന്ന സമ്മാനം. അതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുക, പൊലീസിനെ ഒന്നുകിൽ നിഷ്ക്രിയരാക്കുക അല്ലെങ്കിൽ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കുക എന്നിവയാണ് സർക്കാർ ചെയ്തത്. ക്രമസമാധാന ത്തകർച്ചയ്ക്ക് പേരുകേട്ട പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ നടപടികളിലൂടെ സംഘടിത അക്രമിസംഘങ്ങളെ അമർച്ച ചെയ്തപ്പോൾ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും നമ്മുടെ പ്രബുദ്ധതയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്. കണ്ണൂർ മോഡൽ രാഷ്ട്രീയ കൊലപാതകങ്ങളാണ് ഈ സർക്കാരിന്റെ മുഖമുദ്ര. ക്രമസമാധാന ത്തകർച്ചയാണ് ഈ സർക്കാരിന്റെ ഏറ്രവും വലിയ വീഴ്ച . അതിനെ മറയ്ക്കാൻ എവിടെ നിന്നെങ്കിലുമുള്ള ഒരു സർട്ടിഫിക്കറ്രും അംഗീകാരവും കൊണ്ടുവന്നിട്ടു കാര്യമില്ല. അതേ സമയം ഇപ്പോൾ പ്രതിപക്ഷത്തിരുന്ന് മുതലക്കണ്ണീർ വാർക്കുന്നവരാണ് തങ്ങളധികാരത്തിലിരുന്നപ്പോൾ ടി.പി.ചന്ദ്രശേഖരൻ കേസിലും ഷൂക്കൂർ വധക്കേസിലുമൊക്കെ സി.പി.എം ഉന്നതരെ രക്ഷിച്ചതെന്ന കാര്യം മറക്കരുത്.

കേരളത്തിലെ മുന്നണി സംവിധാനത്തിന്റെ ആന്തരിക വൈരുദ്ധ്യമുപയോഗിച്ച് ഭരണവിരുദ്ധ വികാരം ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷം അധികാരത്തിൽ വന്നത്. മുൻ കോൺഗ്രസ് മുന്നണി സർക്കാരിന്റെ അഴിമതി , വ‌ർഗീയ പ്രീണനം, അസാന്മാർഗിക പ്രവർത്തനം ഇവയെല്ലാം കണ്ടുമടുത്ത ഒരു ജനത ഇടതുപക്ഷത്തെ സ്വീകരിക്കാൻ നിർബന്ധിതമാവുകയായിരുന്നു. അത് ഇടതുപക്ഷത്തിനുള്ള ഒരു പോസിറ്രീവ് വോട്ടായിരുന്നില്ല. ഒരു തിന്മയെ മടുത്ത അവർ അടുത്ത തിന്മയെ വരിക്കാൻ മനസ്സില്ലാതെ തയ്യാറാവുകയാണ്. ഈ സന്ദർഭം രണ്ടുമുന്നണികളും മാറി മാറി ഉപയോഗിക്കുന്നു എന്നു മാത്രം.

സംസ്ഥാനത്തെ സമഗ്രമായ വികസനത്തിലേക്ക് നയിക്കേണ്ട ദീർഘ-ഹ്രസ്വകാല നടപടികൾക്ക് പകരം വിവാദങ്ങളിലും രാഷ്ട്രീയ അക്രമങ്ങളിലും വ്യാപൃതമാകുകയാണ് സർക്കാർ ചെയ്തത്. ഏതൊക്കെവിഷയങ്ങളിൽ സർക്കാർ ഇടപെട്ടോ അതിലൊക്കെ സ്ഥാപിത താല്പര്യക്കാർക്കനുകൂലമായി നിലപാടാണ് സർക്കാർ കൈക്കൊണ്ടത്..

ഓഖി ദുരന്തമുണ്ടായപ്പോൾ ജനങ്ങൾക്ക് വേണ്ടി നിലപാടെടുക്കാൻ സർക്കാരുണ്ടായില്ല. വാഗ്ദാനങ്ങൾ പാലിച്ചില്ല. എല്ലാം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ രോഷം മുഖ്യമന്ത്രിക്ക് നേരിട്ടനുഭവിക്കേണ്ടി വന്നതാണല്ലോ. 2000കോടി രൂപയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചിട്ട് അതെവിടെയെന്ന് പ്രഖ്യാപിച്ചവർക്ക് പോലും അറിയില്ല.

പ്രളയദുരന്തമുണ്ടായപ്പോഴും വാചകമടിയും കേന്ദ്രവിരുദ്ധ സമീപനവുമല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായില്ല സർക്കാർ വാഗ്ദാനം ചെയ്ത 10,000 രൂപ അടിയന്തരാശ്വാസം പോലും കൃത്യമായി ഗുണഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞില്ല. നവ കേരള നിർമ്മാണം വെറും പ്രഹനമാക്കി . .

മാറി മാറി വരുന്ന മുന്നണികൾ പാക്കേജുകളുടെ പേരിൽ കോടികൾ ധൂർത്തടിക്കുകയാണ് ചെയ്തത്. അത് ലക്ഷ്യം വച്ച മാറ്രങ്ങൾക്കായോ അതിന്റെ ഗുണഭോക്താക്കളാകേണ്ടിയിരുന്നവർക്കോ ഒന്നും ലഭിച്ചില്ല. കുട്ടനാട് പാക്കേജ് ഇതിന്റെ ഒരുദാഹരണം മാത്രം. എന്നിട്ടും വീണ്ടും പദ്ധതികളും പാക്കേജുകളും സർക്കാർ പ്രഖ്യാപിക്കുകയാണ്.

മതമേലദ്ധ്യക്ഷന്മാർ പ്രതികളായ കേസുകളിൽ പൊലീസ് ഉരുണ്ടു കളിച്ചത് നമ്മൾ കണ്ടതാണ്. കീശയിൽ കനമുള്ളവന്റെകൂടെയേ കേരളത്തിലെ പോലീസും അധികാരികളും ഉണ്ടാവൂ എന്ന് സർക്കാർ തെളിയിച്ചുകഴിഞ്ഞു.

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നീതി കിട്ടുന്നകാര്യത്തിൽ , വരാപ്പുഴയിലെ ചെറുപ്പക്കാരന്റെ കൊലപാതകത്തിലുമെല്ലാം ഈ സർക്കാരിന്റെ നയവും നിലപാടുമെന്താണെന്ന് കേരളീയർ കണ്ടതാണ്. തോമസ് ചാണ്ടിയുടെ കായൽ കൈയേറ്രത്തിന്റെ കാര്യത്തിൽ സർക്കാർ ചെയ്തതെന്ന് നാം കണ്ടല്ലോ. ഇടുക്കിയിലെ കൈയേറ്രകാരുടെ കൂടെയാണ് സർക്കാർ നിന്നത്. നീതിക്ക് വേണ്ടി നിലകൊണ്ട ഐ.എ. എസ് ഉദ്യോസ്ഥാന്മാരെ വരെ രായ്ക്കുരാമാനം സ്ഥലം മാറ്രി അപ്രധാന സ്ഥലത്തേക്കയച്ച സർക്കാർ കൈയേറ്രക്കാർക്ക് കൂട്ടുനിൽക്കുകയും കൈയേറ്രത്തെ എതിർക്കുന്നവർക്ക് കൃത്യമായ സൂചനകൾ നൽകുകയും ചെയ്തു.

വൈര നിര്യാതന ബുദ്ധി മാത്രമാണ് ഈ സർക്കാരിനുള്ളത്. ടി.പി.സെൻകുമാറിനോട് കാണിച്ചതെന്താണ്. പൊലീസ് ഹെഡക്വാർട്ടേഴ്സിൽ പോലും ബിനാമികളെ വച്ചുകളിച്ചു. വിജിലൻസിന്റെ പല്ലും നഖവും എടുത്തുകളഞ്ഞു. അഴിമതിയുടെയും ക്രമക്കേടുകളുടെയും പര്യായമായ പല ഉദ്യോഗസ്ഥന്മാരും ഈ സർക്കാർ വരുമ്പോൾ എല്ലാവരുടെയും തലപ്പത്തെത്തുന്നു.

കേന്ദ്രപദ്ധതികൾ നടത്താതിരിക്കുകയോ പേര് മാറ്രി ജനങ്ങളെ പറ്റിക്കുകയോ ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷമാൻ ഭാരതിൽ ആദ്യം പങ്കെടുക്കില്ല എന്നാണ് സർക്കാർ പറഞ്ഞത്. കേന്ദ്രസർക്കാർ പദ്ധതിയായി സ്വദേശ് ദർശൻ പദ്ധതിയെ സ്വദേശി ദർശൻ എന്ന പേരിൽ സംസ്ഥാന സർക്കാർ പദ്ധതിയാക്കി. .

സംസ്ഥാനത്തെ വ്യവസായങ്ങളെല്ലാം തകർന്നു.പരമ്പരാഗത വ്യവസായങ്ങളും നശിച്ചു. പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കാൻ മറ്റ് സംസ്ഥാനങ്ങൾ പല നല്ല നടപടികളെടുത്തിട്ടും ഇവിടെയിപ്പോഴും റേഷൻ സാധനങ്ങൾ കടത്തുന്നു. പൊതുമേഖലാസ്ഥാപനങ്ങൾ കള്ളലാഭക്കണക്കുണ്ടാക്കി നിലനിൽക്കുന്നു എന്നല്ലാതെ ഇപ്പോഴും പ്രവർത്തനക്ഷമമല്ല. കെ.എസ്. ആർ.ടി.സി ഇത്രയധികം കുത്തഴിഞ്ഞതാക്കി മാറ്രിയത് സർക്കാരും ട്രേ‌ഡ യൂണിയനുകളും ചേർന്നാണ്.

ജീവനക്കാരുടെ മേലുള്ള മർക്കട മുഷ്ടി നമ്മൾ സാലറി ചാലഞ്ചിലൂടെ കണ്ടതാണ്. തൊഴിലാളി സംഘടനാ നേതൃത്വവും സർവീസ് സംഘടനകളുമാണ് സർക്കാരോഫീസുൾ നിയന്ത്രിക്കുന്നത്. തങ്ങളുടെ ചൊല്പടിക്ക് നിൽക്കാത്ത ജീവനക്കാരെ അന്യായമായി തലങ്ങും വിലങ്ങും സ്ഥലം മാറ്രുന്നു. പൊലീസിനെ പ്പോലും രാഷ്ട്രീയവത്കരിച്ചു. പൊലീസ് അസോസിയേഷനെ സി.പി.എം പോഷക സംഘടനയാക്കി. എസ്. എഫ്.ഐക്കാരൻ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ പരസ്യമായി അക്രമിച്ചാലും നടപടിയില്ല.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കാര്യമായ മുന്നേറ്രമുണ്ടാകാമായിരുന്നിട്ടും ഒന്നും നടക്കുന്നില്ല.

ഇപ്പോഴും വിദേശ മലയാളികളയക്കുന്ന പണം കൊണ്ടാണ് നാംജീവിക്കുന്നത്. കടം വാങ്ങാൻ മാത്രമേ നമ്മുടെ ധനമന്ത്രിക്കറിയുകയുളളു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സ്വാർത്ഥ താല്പര്യത്തോടെ ലോക കേരള സഭപോലുളള ദുർവ്യയങ്ങൾ നടത്തുന്നു. പ്രതിപക്ഷവും ഇതിന് കൂട്ടുനിൽക്കുകയാണ്. സഹകരണ നിയമങ്ങളെ കാറ്രിൽ പറത്തിയാണ് കേരള ബാങ്ക് രൂപീകരണം നടത്തുന്നത്.

ദിനം പ്രതി കർഷക ആത്മഹത്യകൾ നടക്കുന്നു. ആദിവാസി മരണം , ആദിവാസി പീ‌ഡനം എന്നിവ വ്യാപകം. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ആദിവാസി യുവാക്കൾക്ക് മോഷണം നടത്തേണ്ടി വരുന്നു. അവരെ പേപ്പട്ടികളെ പോലെ തല്ലിക്കൊല്ലുന്നു. കോടികൾ ചെലവഴിച്ചിട്ടും ആദിവാസി കുട്ടികൾ പോഷകാഹാരം കിട്ടാതെ മരിക്കുന്നു. ഏതെങ്കിലും കടലാസ് സംഘടനകളുടെ അവാർഡ് കിട്ടിയത് കൊട്ടിഘോഷിച്ച് ഭരണ പരാജയം മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഏറ്റവുമൊടുവിൽ ശബരിമലയിലെ വിശ്വാസികളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തത്. തങ്ങൾ സുപ്രീംകോടതിവിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് പറയുന്നവർ ഫാത്തിമ രഹ്മനമാരെയും മറ്രും പൊലീസ് വേഷത്തിൽ മലകയറ്രി. വിശ്വാസികളോട് യുദ്ധപ്രഖ്യാപനം ചെയ്തു. റിവ്യൂ ഹർജി പരിഗണിക്കുമ്പോഴും യുവതികളെ കയറ്രണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. ദേവസ്വംബോർഡിനെ സി.പി.എം പോഷക സംഘടനയെ പ്പോലെ പ്രവർത്തിപ്പിച്ചു. വിശ്വാസികളെ അടിച്ചമർത്തി. 30,000 ഓളം പേർക്കെതിരെ കേസെടുത്തു. കെ.സുരേന്ദ്രനുൾപ്പെടെയുള്ള നേതാക്കളെ ജനാധിപത്യവിരുദ്ധമായ രീതിയിൽ ജയിലിലടച്ചു പീഡിപ്പിച്ചു. ആയിരം പീഡന ദിവസങ്ങളായിട്ടേ കേരളീയർക്ക് ഈ സർക്കാരിന്റെ അധികാര കാലത്തെ കാണാൻ കഴിയൂ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, OPINION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY