കോട്ടയം: തന്റെ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ചശേഷം നിറുത്താതെ പോയ വാഹനത്തിന്റെ ഉടമയെ ഫേസ് ബുക്ക് പോസ്റ്റിട്ട് കണ്ടെത്തി സംവിധായകൻ ജൂഡ് ആന്റണി. ഒടുവിൽ ഒരുമിച്ചൊരു ലൈവും.
കഴിഞ്ഞദിവസം രാത്രി പത്തോടെ കോട്ടയം കുടമാളൂരിനടുത്തുള്ള അമ്പാടിയിൽ ഭാര്യ വീടിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ജൂഡിന്റെ കാറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചു. ആ വാഹനം നിറുത്താതെ പോവുകയും ചെയ്തു. രാവിലെ അപകടവിവരം അറിഞ്ഞ ജൂഡ് എട്ട് മണിയോടെ ഈ സംഭവം വിവരിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടു. ഇൻഷ്വറൻസ് ക്ലെയിം കിട്ടാൻ ഇടിച്ച കാറിന്റെ ഉടമ സഹകരിക്കണമെന്നും പോസ്റ്റിലുണ്ടായിരുന്നു.
ജൂഡിന്റെ പോസ്റ്റ് വൈറലായി. നാലു മണിക്കൂർ കഴിഞ്ഞതോടെ കുറ്റമേറ്റ് പ്രദേശവാസിയായ രോഹിത് ജൂഡിനെ സമീപിച്ചു.
'ഒരു പൂച്ച കുറുകെ ചാടിയതിനെത്തുടർന്ന് വണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നായിരുന്നു രോഹിതിന്റെ മറുപടി. രാത്രിയായതിനാലും പെട്ടെന്നുണ്ടായ പേടിയിലും വാഹനം നിറുത്താതെ പോവുകയായിരുന്നെന്നും യുവാവ് ജൂഡിനോട് പറഞ്ഞു. സംഭവം തുറന്നുപറഞ്ഞ് മുന്നോട്ടുവന്നതിന് നന്ദിയറിച്ചും അഭിനന്ദിച്ചും രോഹിതിനൊപ്പം ജൂഡ് ലൈവിലെത്തുകയും ചെയ്തു. പോസ്റ്റിനോട് സഭ്യമല്ലാതെ പ്രതികരിച്ചവരെ പതിവുപോലെ ജൂഡ് കൗണ്ടർ കൊണ്ട് നേരിടുകയും ചെയ്തു!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |