കാസർകോട്: നഗരമദ്ധ്യത്തിലെ അശ്വിനി നഗറിൽ കിംസ് സൺറൈസ് ആശുപത്രിയിൽ എയർകണ്ടീഷൻ ചെയ്ത കംപ്യൂട്ടർ മുറിയിൽ തീപിടിത്തം. എയർകണ്ടീഷനിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അഗ്നിശമന സേന. സമീപ മുറികളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ചികിത്സ തേടിയെത്തിയവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായതോടെ പ്രദേശമാകെ പുകപടലം വ്യാപിച്ചു.
ഇത് രോഗികളെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. കെട്ടിടത്തിലെ ഇലക്ട്രിക്കൽ വയറിംഗ് ഭാഗികമായി കത്തിനശിച്ചു. തകരാർ എവിടെല്ലാമെന്ന് കണ്ടുപിടിക്കാനായി ആശുപത്രിയിൽ ഇലക്ട്രീഷ്യനുമുണ്ടായില്ല. ഇതിനായി രണ്ട് ജീവനക്കാരുണ്ടെന്നും ഇരുവരും അവധിയിലാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ പരിശോധന നടത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ ഉപകരണം സ്ഥാപിച്ച് ഉപയോഗസജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ചക്കുള്ളിൽ പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനൽകിയ ആശുപത്രി അധികൃതർ ഇത് പാലിച്ചില്ലെന്ന പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |