SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.37 AM IST

ഇൻഡോർ ചെടികളെ ഇങ്ങനെ നട്ടുവളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ga

വീടിന് മുന്നിൽ, മുറ്റത്തിന്റെ ഒത്ത നടുവിലായുള്ള തുളസിത്തറ, മുറ്റത്തിന്റെ നാലുകോണിലും വളർത്ത് തഴച്ച് പൂത്ത് നിൽക്കുന്ന ജമന്തിയും വാടാമല്ലി. പത്തു മണിയാകാൻ കാത്ത് വിരിയാനൊരുങ്ങി നിൽക്കുന്ന വാടാമല്ലികൾ. രാത്രിയുടെ ഏതോ യാമങ്ങളിൽ കൂമ്പിവിരിഞ്ഞ ആലസ്യത്തിൽ സുഗന്ധം പരത്തിനിൽക്കുന്ന നിശാഗന്ധിയും മുല്ലയും പിച്ചിയും. വിവിധനിറത്തിൽ വിരിഞ്ഞു നിൽക്കുന്ന ഉത്സാഹിയായ ചെമ്പരത്തികൾ. പൂവിട്ടില്ലേലും കായ്ച്ചില്ലേയും നമ്മൾക്ക് ഒരു കൊഴപ്പൊം ഇല്ലെന്ന് ചങ്കൂറ്റത്തോടെ പച്ചപ്പ് പരത്തി നിൽക്കുന്ന ഓർണമെന്റൽ ചെടികൾ.... നല്ലൊരു പ്രഭാതത്തിന്റെ കുളിർമ സമ്മാനിക്കാൻ ഇതും വലിയ കണിയെന്ത് വേണം.

എന്നാൽ ഇന്ന് ഈ കണികാണാനുള്ള ഭാഗ്യം പലർക്കുമില്ല. ആളുകൾ കൂടി, വീടുകൾ കൂടി, പറമ്പുകൾ ഇല്ലാതെയായി ചെടികളൊക്കെ വീടുകളിലേക്ക് ചേക്കേറി ഒരുവിഭാഗം. എന്ന് കരുതി ഇവയൊന്നും വേണ്ടെന്ന് വയ്‌ക്കേണ്ടതില്ലെന്നതിന്റെ നല്ല ഉത്തരമാണ് ഇൻഡോർ ചെടികൾ. ഇൻഡോർ ചെടി എന്ന സംസ്‌കാരം മലയാളികൾ ആർജിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇൻഡോർ ചെടികൾ നടുമ്പോൾ ലഭിക്കുന്നത് പച്ചപ്പുമാത്രമല്ല, ശുദ്ധവായുവും പോസിറ്റീവ് എനർജിയുമാണ്. മാസിക സമ്മർദ്ദം കുറയ്ക്കുകയും, വീട്ടിൽ വരുന്ന അതിഥികൾക്ക് ഊഷ്മള വരവേൽപ്പ് നൽകാനും വീടിനുള്ളിൽ നിറയുന്ന പച്ചനിറം മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും. ഇൻഡോർ ചെടികൾ നടുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇൻഡോർ ചെടി വിശേഷങ്ങളാണ് ഇത്തവണ.
ഗൃഹപ്രവേശത്തിന്റെ ചരിത്രം
ചെടികൾക്ക് വീട്ടിനുള്ളിൽ സ്ഥാനം ലഭിച്ചതിനെക്കുറിച്ചുള്ള ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കാ പ്രകാരം മൺചട്ടികളിൽ വീട്ടിനുള്ളിൽ ചെടിവളർത്തുന്ന രീതി ആദ്യം ആരംഭിച്ചത് ഗ്രീക്കിലും റോമിലുമാണ്. മറ്റുരാജ്യക്കാർ ചെടികളെ വളർത്തിയപ്പോൾ ജപ്പാൻകാർ മരങ്ങളെയാണ് മെരുക്കിയെടുത്ത് ബോൺസായിയാക്കി വീട്ടിനുള്ളിൽ എത്തിച്ചത്. ശേഷം പതിനേഴാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ഇവയ്ക്ക് അമിതപ്രാധാന്യം ലഭിച്ചുതുടങ്ങി.1652ൽ സർ ഹ്യൂഗ് പ്രാറ്റ് എന്ന കാർഷിക വിദഗ്ജൻ എഴുതിയ 'ദ ഗാർഡൻ ഒഫ് ഏദൻ' എന്ന പുസ്തകത്തിൽ ഇംഗ്ലണ്ടിൽ അക്കാലത്ത് നിലനിന്നിരുന്ന ഗ്രീൻഹൗസിൽ ചെടിവളർത്തുന്ന രീതികളെക്കുറിച്ചും അകത്തളത്തിൽ ചെടിവളർത്തുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. സഞ്ചാരിയായ കൊളംബസ് ലോകം ചുറ്റി തിരിച്ചെത്തിയപ്പോൾ കൊണ്ടുന്ന ട്രോപ്പിക്കൽ ചെടികളെയാണ് ഇത്തരത്തിൽ പരിപാലിച്ചിരുന്നത്രേ.1800 റോടെ ഇൻഡോർ പ്ലാറ്റുകൾ വീടുകൾക്കുള്ളിലെ അഭിഭാജ്യ ഘടകമായി മാറി.ഇതിന് തെളിവാണ് അക്കാലത്തെ നാടകങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളിൽ ചെടികളുടെ സാന്നിദ്ധ്യം. ശേഷം 19ാം നൂറ്റാണ്ടോടെ ലോകത്ത് ഇൻഡോർ ചെടികൾ സർവസാധാരണമായി.
ഈ ചെടികൾ നട്ടാലോ?
മണി പ്ലാന്റ് : വളരുന്നതിനു മണ്ണും സൂര്യപ്രകാശവും തീരെ ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളത്തിലും വളരും. വിവിധ തരത്തിലുള്ള മണി പ്ലാന്റുകളുണ്ട്. മറ്റു ഇൻഡോർ പ്ലാന്റുകൾക്ക് ആവശ്യമുള്ള അത്ര പോലും സൂര്യപ്രകാശം ഇവക്കു ആവശ്യമില്ല. അതുകൊണ്ടുതന്നെ കൂടുതൽ ദിവസം ഇവയ്ക്ക് വീട്ടിനുള്ളിൽ വളരാൻ സാധിക്കും
കലേഡിയം: ചേമ്പുവർഗത്തിൽപെട്ട മനോഹരമായ ചെടികളാണിവ. ഹൃദയാകൃതിയിലുള്ള ഇലകളാണ് ഈ ചെടികളുടെ ഏറ്റവും വലിയ ആകർഷണം. പല നിറങ്ങളിലുള്ള ആയിരത്തിലധികം ഇനങ്ങൾ ഈ കുടുംബത്തിലുണ്ട്.
കറ്റാർവാഴ: വീടിനുള്ളിൽ വളർത്താവുന്ന ചെടികളിൽ പ്രധാനം ആണ് അലോവേര അഥവാ കറ്റാർവാഴ. വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപ്പൽ, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

gg

ബാംബൂ പാം:വീട്ടിനുള്ളിൽ വയ്ക്കാൻ ഏറ്റവും മനോഹരമായ ഈ ചെടിക്ക് ദീർഘനാൾ ജലം ഇല്ലാതെ വളരാനും സാധിക്കും. ഫോർമാൽ ഡിഹൈഡ്, ബെൻസീൻ, ട്രൈക്ലോറോ എത്ത്ലിൻ, സൈലിൻ എന്നിവ വലിച്ചെടുക്കാൻ ഏറ്റവും നല്ല ചെടിയാണ് ഇത്.

സ്‌പൈഡർ പ്ലാന്റ്:എവിടെയും വളരുന്ന, കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടിയാണ് ക്ലോറോഫൈറ്റം അഥവാ സ്‌പൈഡർ പ്ലാന്റ്. ഇരുനൂറിലേറെ ഇനങ്ങൾ ഈ ചെടിയുടേതായുണ്ട്. നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്തു വയ്ക്കാനുമെല്ലാം അനുയോജ്യമാണ്. ഇലകൾക്ക് വിഷാംശമില്ല. വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും ഇതിനു കഴിവുണ്ട്.
ഡ്രസീന: നിറത്തിലും വലുപ്പത്തിലും വളരെ വ്യത്യസ്തതയുള്ള ഡ്രസീനയുടെ വ്യത്യസ്ത ഇനങ്ങൾ വിപണിയിൽ ലഭിക്കും. കോർട്യാർഡിൽ നേരിട്ടു നടുകയോ ചട്ടിയിൽ നട്ട് അകത്തളത്തിൽ വയ്‌ക്കുകയോ ആകാം. നീർവാർച്ച ശരിയായ രീതിയിൽ വേണമെന്നതു ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചാൽ മതിയാകും. ഇലകൾ ഇടയ്ക്കിടെ തുടച്ചുകൊടുത്താൽ ചെടിയുടെ വളർച്ചയും കൂടും. കൂടുതൽ ഓക്സിജൻ പുറത്തുവിടും.
സ്‌നേക്ക് പ്ലാന്റ്: മദർ ഇൻലോസ് ടംഗ്, സ്‌നേക്ക് പ്ലാന്റ് എന്നെല്ലാം അറിയപ്പെടുന്ന സാൻസവേരിയയ്ക്ക് വായുശുദ്ധീകരണത്തിനുള്ള കഴിവുണ്ട്. പരിചരണം വളരെ കുറവുമതി. രണ്ടോ മൂന്നോ ആഴ്‌ചയിലൊരിക്കൽ നനച്ചാൽ മതി. ചട്ടിയിലും നിലത്തും നടാൻ അനുയോജ്യമാണ്. സാൻസവേരിയയുടെ വ്യത്യസ്ത ഇനങ്ങൾ വിപണിയിൽ ലഭിക്കും.

നൽകാം നനുത്ത സംരക്ഷണം

അമിതമായ വെള്ളം: വീട്ടിനകത്തുള്ള ചെടികൾക്ക് സ്ഥിരമായി വെള്ളം നൽകിയാൽ വേര് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇലകൾ വാടിവരുന്നതും ഇതിന്റെ ലക്ഷണമാണ്. അമിതമായി വെള്ളം നൽകിയാൽ ഇലകൾ മഞ്ഞനിറമാകുകയും കൊഴിയുകയും മണ്ണിന്റെ ഉപരിതലത്തിൽ ഫംഗസ് ബാധ ഉണ്ടാകുകയും ചെയ്യും.

വെള്ളത്തിന്റെ ദൗർലഭ്യം: വെള്ളം ആവശ്യത്തിന് ലഭിക്കാതിരുന്നാലും ഇലകൾ കൊഴിയും. മണ്ണ് വരണ്ടതായി കാണപ്പെടുമ്പോൾ വെള്ളം വാർന്നുപോകുന്ന സുഷിരത്തിലൂടെ പുറത്തെത്തുന്നതുവരെ നനച്ചുകൊടുക്കണം. സക്കുലന്റ് വിഭാഗത്തിൽപ്പെട്ട ചെടികൾക്ക് മണ്ണ് വരണ്ടതായി കാണപ്പെട്ടാൽ മാത്രം നനച്ചാൽ മതി. ബാക്കിയെല്ലാ ചെടികൾക്കും മിതമായ രീതിയിൽ ഈർപ്പം നിലനിർത്തണം.
നീർവാർച്ച ഉറപ്പുവരുത്തുക: ചെടിച്ചട്ടിക്ക് നീർവാർച്ച ഉറപ്പുവരുത്തണം. അതുപോലെ വാർന്നുപോയ വെള്ളം താഴെ ശേഖരിച്ച് കെട്ടിനിൽക്കാൻ ഇടവരരുത്. ചെടിച്ചട്ടി വെച്ചിരിക്കുന്ന ട്രേയിൽ നിന്ന് വെള്ളം പുറത്തേക്ക് കളയണം.
വരണ്ട വായു: വെള്ളവും വെളിച്ചവും പോലെ തന്നെ ചെടികൾക്ക് പ്രധാനമാണ് വായുവും. വരണ്ട വായുവുള്ള ഇടങ്ങളേക്കാൾ അൽപം ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ചെടികൾ വാടാതെ വളരുക. ഇലകൾ വരണ്ടു കണ്ടാൽ നിങ്ങളുടെ ചെടിക്ക് അൽപം കൂടി ഈർപ്പമുള്ള വായു ആവശ്യമുണ്ടെന്നു മനസിലാക്കാം. ഇത്തരം സാഹചര്യങ്ങളിൽ ചെടി അമിതമായി ചൂടു പ്രവഹിക്കുന്ന ഇടത്തിലല്ലെന്ന് ഉറപ്പുവരുത്താം. കൂടുതൽ വരളാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം തൂവാം.

g1

ഇടം അനുയോജ്യമാകണം: ഓരോ ചെടികൾക്കും അനുയോജ്യമായ ഇടമുണ്ട് എന്ന് ആദ്യം അറിയുക. ഇത് ശരിയല്ലാതെ വരുമ്പോഴാണ് ചെടികൾ വാടി പോകുന്നത്. ചില ചെടികൾക്ക് അൽപം വെയിൽ ആവശ്യമാണ് എന്നാൽ മറ്റു ചില ചെടികൾക്ക് നിഴലിൽ നിൽക്കാൻ ആകും ഇഷ്ടം. ഇതറിഞ്ഞു വേണം ചെടിയുടെ സ്ഥാനം നിർണ്ണയിക്കാൻ. ചെടികൾക്ക് പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം ആവശ്യമാണ്. നിങ്ങളുടെ ചെടി ആരോഗ്യമില്ലാത്തതും ചെറിയ ഇലകളോടുകൂടിയതുമാണെങ്കിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതാണ് കാരണമെന്ന് മനസിലാക്കാം.

കീടാക്രമണം: മീലിമൂട്ടയും മറ്റ് കീടങ്ങളും ഇൻഡോർ പ്ലാന്റിനെയും ആക്രമിക്കും. കീടങ്ങളെ കണ്ടാൽ ചെടികൾ മുഴുവൻ ഇളംചൂടുവെള്ളത്തിൽ കഴുകണം. കീടങ്ങൾ ആക്രമിച്ച സ്ഥലം മുഴുവൻ ചെടികൾക്ക് യോജിക്കുന്ന സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. ചെടികളുടെ ഇലകൾ ഇടയ്ക്കിടെ തുടച്ച് എടുക്കാം. ഇല്ലെങ്കിൽ വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കണം. പൊടിപടലങ്ങൾ ഒരിക്കലും ഇൻഡോർ ചെടികളിൽ അടിഞ്ഞ് കൂടരുത്.
വളപ്രയോഗം: കൃത്യമായ വളപ്രയോഗവും ഇൻഡോർ പ്ലാന്റിന് ആവശ്യമാണ്. ഇലകൾക്ക് മഞ്ഞനിറം ബാധിക്കുകയോ വളർച്ച കുറയുകയോ ചെയ്താൽ വളപ്രയോഗം ആവശ്യമാണെന്ന് മനസിലാക്കാം. അമിതമായി വളം നൽകാതിരിക്കണം.
പോഷകക്കുറവ് : ചെടികളിലെ ഇലകൾ നിറം മങ്ങിത്തുടങ്ങുന്നുണ്ടോ? കാരണം പോഷകക്കുറവാകാം. ചെടികൾക്കു വേണ്ട പ്രധാന പോഷകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കുറവുകൊണ്ട് വളർച്ച മുരടിക്കാം. ഇത്തരം അവസരങ്ങളിൽ കാപ്പിയുടെയോ ചായയുടെയോ ചണ്ടിയോ മണ്ണോ ഒക്കെ പാകി പോഷകക്കുറവ് പരിഹരിക്കാം.
പാത്രവും മണ്ണും: ഒരോ പാത്രത്തിൽ തന്നെ ദീർഘകാലം ചെടി വളർത്തരുത്. ഓരോ വർഷവും പാത്രത്തിലെ മണ്ണ് മാറ്റി നിറയ്ക്കണം. വലിപ്പമുള്ള പുതിയ പാത്രത്തിലേക്ക് ചെടി മാറ്റുന്നതാണ് നല്ലത്.ഇലകൾക്ക് മഞ്ഞനിറമോ വേരുകൾ പിളരുകയോ ആണെങ്കിൽ ചെടികൾ മാറ്റി നടേണ്ടതുണ്ടെന്ന് മനസിലാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, INDOOR PLANTS CARE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.