Kerala Kaumudi Online
Saturday, 25 May 2019 10.21 PM IST

കാണണം,​ പാലക്കയം തട്ടിലെ മഞ്ഞിൽപ്പൊതിഞ്ഞ കാഴ്ചകൾ

palakkayam-thattu

സഞ്ചാരികളെ മാടി വിളിക്കുകയാണ് പാലക്കയം തട്ട്. ഇവിടം കോടമ‌ഞ്ഞിനാൽ മൂടപ്പെട്ടിരിക്കുകയാണ്. മഴ മേഘങ്ങ പെയ്യാനൊരുങ്ങിയിരിക്കുന്നു. ചെറു ചാറ്റൽമഴ. ഇതിൽപരം ഒരു യാത്രികന് എന്തുവേണം ഇവിടേക്ക് നടന്നടുക്കാൻ. ഏത് കൊടിയ വേനലിലും വറ്റാത്ത നീരുറവകൾ ഇവിടുത്തെ പ്രത്യേകതയാണ്. സമുദ്രനിരപ്പിൽനിന്ന് 3500ലധികം അടി ഉയരത്തിൽ കണ്ണൂരിലെ നടുവിൽ പഞ്ചായത്തിൽ പശ‌്ചിമഘട്ട മലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയം തട്ട്.

ഇനി ഇവിടുത്തെ അപൂർവ കാഴ്ചകളിലേക്ക് മിഴി തുറക്കാം. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട്. പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് ആയതെന്ന് പറയപ്പെടുന്നു. തട്ടിലേക്ക് കയറുന്ന വഴിയെയാണ് ഏവരേയും ആകർഷിക്കുന്ന ജാനകിപ്പാറ വെള്ളച്ചാട്ടവും.

കരിംപാലരും പാലക്കയം തട്ടും

palakkayam-thattu

പാലക്കയം തട്ടിന്റെ താഴ്‌വാരത്ത് കരിംപാലർ എന്ന വിഭാഗത്തിൽപ്പെട്ട ആദിവാസി സമൂഹം വസിക്കുന്നുണ്ട്. അതിപുരാതന കാലത്ത് ഇവരുടെ ഉഗ്രമൂർത്തിയായ പുലിച്ചാമുണ്ഡി എന്ന ദേവതയ്‌ക്ക് ബലി നടത്തിയിരുന്നതായും കഥകളുണ്ട്. മനുഷ്യന്റെ പാദസ്‌പർശമോ, നിഴലോ പതിയാത്ത അതിനിഗൂഢമായതും പരിപാവനവുമായതാണ് ഇവിടുത്തെ താഴേക്കുള്ള കാടുകൾ.

കാടുകളെ ഇപ്പോഴും ഈ വിഭാഗക്കാർ സംരക്ഷിച്ചു നിലനിറുത്തുന്നു. പണ്ട് പുറം ലോകവുമായി ബന്ധമില്ലാത്ത ഇവർ മറ്റ് ആദിവാസി കേന്ദ്രങ്ങളിലേക്ക് പോയിരുന്നതും പാലക്കയം തട്ടിന് മുകളിൽ കൂടിയായിരുന്നെന്നും പറയപ്പെടുന്നു.

അസ്‌തമയസൂര്യന്റെ ശോഭ

അസ്‌തമയസൂര്യന്റെ ശോഭയാണ് ഇവിടത്തെ മറ്റൊരാകർഷണം. സൂര്യാസ്‌തമയം അതിന്റെ പരമോന്നതഭംഗിയിൽ പാലക്കയം തട്ടിൽ ആസ്വദിക്കാൻ കഴിയും. സൂര്യൻ കൈക്കുമ്പിളിൽ വന്നസ്‌തമിക്കുന്ന പ്രതീതിയാണ് അത്. വൈകുന്നേരമാകുന്നതോടെ പ്രകൃതി അണിഞ്ഞൊരുങ്ങി സുന്ദരിയായി മാറും. വൈകുന്നേരങ്ങളിൽ മഞ്ഞിൽ കുളിച്ച് അസ്‌തമയ സൂര്യന്റെ സുവർണ ശോഭയിൽ ഒന്നുകൂടി സുന്ദരിയാവും പാലക്കയം തട്ട്.

palakkayam-thattu

ട്രയാങ്കുലർ സർക്കിൾ

പാലക്കയംതട്ട് ടൂറിസം ട്രയാങ്കുലർ സർക്കിൾ എന്ന പേരിൽ പൈതൽമല, കാഞ്ഞിരക്കൊല്ലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി രൂപ കൽപ്പന ചെയ്‌തിരിക്കുന്നത്. ചെമ്പേരി പുഴയുടെ പോഷകനദിയായ കൊല്ലിത്തോടിന്റെ ഉത്ഭവ സ്ഥാനം പാലക്കയം തട്ടിൽനിന്നാണ്.

ഈ തോടിന്റെ ഉത്ഭവ സ്ഥാനത്തുനിന്നു രണ്ടു കിലോമീറ്റർതാഴെയാണു ജാനകിപ്പാറ വെള്ളച്ചാട്ടം. പശ്ചിമഘട്ടമലനിരകൾ ഉൾപ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. ഇവിടെ നിന്നും തൊട്ടടുത്താണ് പെെതൽമല,​കാഞ്ഞിരക്കൊല്ലി, എന്നീ സ‌ഞ്ചാരയിടങ്ങൾ. പാലക്കയം തട്ടിലെത്തിയാൽ എന്നിവിടങ്ങളും സന്ദർശിക്കാം.

palakkayam-thattu

തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്. കൂർഗ് പാതയിൽ കാഞ്ഞിരങ്ങോട്, ചപ്പാരപ്പടവ് വഴി നടുവിൽ എത്താം. റവന്യൂ വകുപ്പിന്റെ കീഴിലുളള സർക്കാർ ഭൂമിയിൽ എട്ട് ഏക്കർ പ്രദേശത്താണ് പാലക്കയംതട്ട് ടൂറിസം പദ്ധതി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആരംഭിച്ചത്. അവിടെ നിന്ന് അ‌ഞ്ച് കി.മി കയറ്റം കയറണം പാലക്കയത്ത് എത്തുവാൻ. ഒരുവിധം എല്ലാ ഇടത്തരം-ചെറു വാഹനങ്ങളും പാലക്കയം വരെ എത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PALAKKAYAM THATTU, KANNUR, TRAVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY