മേപ്പാടി: വീടില്ലാത്ത സഹപാഠിക്കായി ജില്ലാ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്നേഹഭവനം ഒരുക്കുന്നു.
പുത്തുമലയിലെ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വെണ്ണിലയുടെ ആറംഗ കുടുംബത്തിനാണ് വീടു നിർമ്മിച്ച് നൽകുന്നത്. മേപ്പാടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് വെണ്ണില.
ചെമ്പോത്തറയിൽ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് നാഷണൽ സർവീസ് സ്കീം വീടു നിർമ്മിക്കുന്നത്.
ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവർത്തിക്കുന്ന 54 യൂനിറ്റുകളിലെയും വളണ്ടിയർമാർ സ്വന്തം വീടുകളിലെ പാഴ്വസ്തുക്കൾ, പഴയ പേപ്പർ മുതലായവ ശേഖരിച്ച് വിറ്റുകിട്ടുന്ന ചെറുതും വലുതുമായ തുക പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ കൈമാറി ജില്ലാ തലത്തിൽ സമാഹരിച്ചാണ് വീടു നിർമ്മിക്കാനുള്ള പണം കണ്ടെത്തുന്നത്. 'സ്ക്രാപ് ചലഞ്ച്" എന്ന പരിപാടിക്ക് വളണ്ടിയർമാർ മാതൃകാപരമായ സമീപനമാണ് പുലർത്തുന്നതെന്ന് ജില്ലാ കൺവീനർ കെ.എസ്.ശ്യാൽ പറഞ്ഞു.
കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു തറക്കല്ലിടലിന്. ചെമ്പോത്തറയിൽ കല്ലുമലയ്ക്കടുത്ത് നടത്തിയ തറക്കല്ലിടൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.കെ.ഷാജു, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ കെ.എസ്.ശ്യാൽ എന്നിവർ ചേർന്ന് നിർവഹിച്ചു. എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർമാരായ പി.കെ.സാജിദ്, എ.വി.രജീഷ്, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മല എം.മാത്യു, ജി.ശ്രീകുമാർ, പ്രോഗ്രാം ഓഫീസർമാരായ എസ്.സതീശൻ, ക്രിസ്റ്റൽ രാജം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |