കുട്ടികളോടുള്ള സ്നേഹ വാത്സല്യത്തിന്റെ കഥയുമായി ട്രയൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെറ്റ് മീഡിയ ഒരുക്കുന്ന 'ഏട്ടൻ' ചിത്രീകരണം ആരംഭിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്റെ സംരംഭമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ട്രയൂൺ പ്രൊഡക്ഷൻസ് ജെറ്റ് മീഡിയയുടെ ബാനറിൽ സുനിൽ അരവിന്ദ് നിർമ്മിച്ച നവാഗതനായ പ്രദീപ് നാരായണനാണ് 'ഏട്ടൻ' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചി കളമശ്ശേരിയിലെ ജെറ്റ് മീഡിയയുടെ ഓഫീസിൽ നടന്നു. നവാഗത ബാലതാരം ലാൽകൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏട്ടൻ ഒട്ടേറെ പുതുമയുള്ള ചിത്രമാണ്. കുട്ടികളുടെ ജീവിതം പ്രമേയമായി മലയാളത്തിൽ ഏറെ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് 'ഏട്ടൻ'. കുട്ടികളുടെ ചിത്രങ്ങളിലെ പതിവ് ശൈലികൾ വിട്ട് ഒരു കൊമേഴ്സ്യൽ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ ഒരുക്കുന്ന ഏട്ടൻ തികച്ചും ഒരു ഫാമിലി എന്റർടെയ്നറാണെന്ന് നിർമ്മാതാവ് സുനിൽ അരവിന്ദ് പറഞ്ഞു. ചിത്രം തികച്ചും റിയൽ ലൈഫാണ്. മലയാളത്തിൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമകൾ ഉണ്ടാകണമെന്ന താല്പര്യത്തിൽ നിന്നാണ് ജെറ്റ് മീഡിയ ചലച്ചിത്ര നിർമ്മാണമേഖലയിൽ ശ്രദ്ധയൂന്നുന്നതെന്നും സുനിൽ അരവിന്ദ് ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്റെ ജീവിതം മാത്രമല്ല 'ഏട്ടൻ'. പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഒക്കെ ചിത്രത്തിൽ ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകൻ പ്രദീപ് നാരായണൻ വ്യക്തമാക്കി. ആൻസൻ ആന്റണി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ആക്ടിവിസ്റ്റും എഴുത്തുകാരനും ദക്ഷിണേന്ത്യൻ ചലച്ചിത്ര നടനുമായ ബാവ ചെല്ലദുരൈ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കും. ചാലക്കുടി, അതിരപ്പള്ളി, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റെ ഷെഡ്യൂളിൽ ചിത്രം പൂർത്തീകരിക്കും.
വിജയ് ബാബു, ലാൽകൃഷ്ണ,ഡോ. കലാമണ്ഡലം രാധിക, കൊച്ചുപ്രേമൻ, അനീഷ് ജിമേനോൻ, ആൽബിൻ ജെയിംസ്, സുനിൽ അരവിന്ദ്, ദേവകി, ദിയ ഫർസീൻ, കോബ്ര രാജേഷ്, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കഥ, തിരക്കഥ, സംഭാഷണം ആൻസൻ ആന്റണി, ക്യാമറ: ലാൽ ജോഷ്വ റൊണാൾഡ്, സംഗീതം: വിമൽ പങ്കജ്, ഗാനരചന: ഫ്രാൻസിസ് ജിജോ, പി.ആർ.ഒ: പി.ആർ.സുമേരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |