SignIn
Kerala Kaumudi Online
Friday, 29 March 2024 7.14 AM IST

പണക്കാരുടെ വീട്ടിൽ മോഷണം നടത്തി പാവങ്ങളെ സഹായിക്കും; ഭീമാ ജുവലറി ഉടമയുടെ വീടുതേടിയെത്തിയ 'ബീഹാർ റോബിൻഹുഡ് 'പണം ചെലവാക്കുന്നത് രണ്ട് കാര്യങ്ങൾക്ക് കൂടി, അറിയാം കൂടുതൽ കാര്യങ്ങൾ

robinhood-in-bihar

തിരുവനന്തപുരം: ഭീമാ ജുവലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയതോടെ ബീഹാർ റോബിൻഹുഡ് എന്ന മുഹമ്മദ് ഇർഫാനെക്കുറിച്ച് ഇപ്പോൾ മലയാളികൾക്കും പരിചിതനായിട്ടുണ്ട്. മുപ്പത്തൊന്നുകാരനായ ഈ പെരുകള്ളൻ ആള് ചില്ലറക്കാരനല്ല. മോഷണം നടത്തണമെന്ന് വിചാരിച്ചാൽ അധികം വൈകാതെ നടത്തിയിരിക്കും. പക്ഷേ, കണ്ണിൽ കണ്ട എല്ലാ വീട്ടിലും കയറില്ല. അടച്ചിട്ടിരിക്കുന്ന പണക്കാരുടെ കൂറ്റൻ ബംഗ്ളാവുകളിൽ മാത്രമാണ് ഓപ്പറേഷൻ നടത്തുന്നത്. ഇനിയും ഉണ്ട് പ്രത്യേകത. പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കുക.വൻ വിലയുള്ളത് ഉൾപ്പടെ മറ്റെന്തുകണ്ടാലും തൊട്ടുപോലും നോക്കില്ല. അതൊന്നും തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഇർഫാൻ പറയുന്നത്.

വിശ്വസ്തരും പുത്തൻ ഐഡിയകളുടെ ഉസ്താദുമായവരാണ് ഇർഫാന്റെ കൂട്ടാളികൾ. അത്തരക്കാരെ മാത്രമേ കൂടെക്കൂട്ട‌ൂ. എത്ര വിശ്വസ്തരായിരുന്നാലും അവരോട് എല്ലാകാര്യങ്ങളും തുറന്നുപറയില്ല. എവിടെ എങ്ങനെ എപ്പോൾ മോഷണം നടത്തണമെന്ന് തീരുമാനിക്കുന്നതും ഇർഫാൻ തന്നെയാണ്. മോഷണത്തിന് സ്കെച്ചിട്ടാൽ ആ വീടിനെക്കുറിച്ച് എല്ലാം വിശദമായി പഠിക്കും. അതിനനുസരിച്ചാണ് ഓപ്പറേഷൻ പ്ളാൻചെയ്യുക. അണുവിട തെറ്റാതെ എല്ലാം പ്ളാൻചെയ്യുന്നതിനാൽ മിനിട്ടുകൾക്കകം ഓപ്പറേഷൻ സക്സസ്. മഷിയിട്ടുനോക്കിയാലും പൊലീസിന് തെളിവ് കിട്ടില്ല.

ദരിദ്രരുടെ മിശിഹാ

മോഷണം വിജയകരമായി പൂർത്തിയാക്കിയാൽ സംഘാംങ്ങൾക്ക് പറഞ്ഞുറപ്പിച്ച വിഹിതം നൽകും. ബാക്കിയെല്ലാം ഇർഫാനുള്ളതാണ്. അതുകൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കുന്നതിനൊപ്പം പാവങ്ങളെ സഹായിക്കാനും മനസുകാണിക്കും. പണക്കാരുടെ കൈവശമുള്ള ധനം പാവങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന കായംകുളം കൊച്ചുണ്ണിയുടെ പോളിസിയാണ് ഇർഫാനും. 'ദരിദ്രരുടെ മിശിഹാ' എന്ന ഓമനപ്പേരും ഇർഫാനുണ്ട്. പാവങ്ങൾക്കായി മെഡിക്കൽക്യാമ്പുകളും ഇയാൾ നടത്തിയിരുന്നു. പേരുകേട്ട ഡോക്ടർമാരെ കൊണ്ടുവരുന്നതിനൊപ്പം ചികിത്സയ്ക്കുവേണ്ട സർവ ചെലവുകളും അയാൾ തന്നെ വഹിക്കുകയും ചെയ്യും. മകളുടെ വിവാഹത്തിനായി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയാണ് നൽകിയത്. റംസാൻ സമയത്ത് അദ്ദേഹം പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന നിരവധി കേന്ദ്രങ്ങളും സ്ഥാപിച്ചിരുന്നു.

പാവങ്ങളെ കൈയച്ച് സഹായിച്ചശേഷം മിച്ചവരുന്ന പണം ആഡംബര കാറുകൾ വാങ്ങുന്നതിനും അടിപൊളി ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്. ഒരിക്കൽ പിടിക്കപ്പെട്ടപ്പോൾ നിരവധി ആഡംബര കാറുകളാണ് ഇർഫാന്റെ താമസസ്ഥലത്തുനിന്ന് പിടിച്ചെടുത്തത്. രാഷ്ട്രീയത്തിൽ ഒരുകൈ നോക്കണമെന്നും ഇർഫാന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വിജയിച്ചില്ല. പാവപ്പെട്ടവരെ സഹായിച്ചിരുന്നത് ഈ ലക്ഷ്യം വച്ചായിരുന്നു.

ഇർഫാൻ ഒരു പെരുങ്കളളനാണെന്ന് ആർക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം. ആര്യൻ ഖന്ന എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ താൻ ഒരു വ്യവസായിയാണെന്നാണ് അയാൾ പറഞ്ഞിരുന്നത്. ഡൽഹിയിലും പഞ്ചാബിലും വസ്ത്രവ്യാപാരം നടത്തിയാണ് പണം സമ്പാദിക്കുന്നതെന്നുമാണ് പ്രൊഫൈലിൽ പറഞ്ഞിരുന്നത്. എന്നാൽ ഭാര്യ ഇയാളുടെ തനി സ്വഭാവം വ്യക്തമായതോടെ രണ്ടുമക്കളെയും കൂട്ടി സ്വന്തം വീട്ട‌ിലേക്ക് പോയി. ഇർഫാൻ കള്ളനാണെന്ന് അവർ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.

കുടുക്കിയത് കാമുകിയുടെ ഫോൺ

ഭാര്യ അകന്ന ശേഷം ഒരു ഭോജ്പുരി നടിയുമായി അടുപ്പത്തിലായി. ഇവരെ മുന്തിയ ഹോട്ട‌ലുകളിൽ താമസിപ്പിക്കാനും സമ്മാനങ്ങളും മറ്റും നൽകുന്നതിനുമായി ലക്ഷങ്ങളാണ് ചെലവാക്കിയത്. ഒരിക്കൽ പഹർഗഞ്ചിലെ ഹോട്ടലിൽ തനിക്കും കാമുകിക്കും ഇഷ്ടപ്പെട്ട മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള സംഗീതം കേൾപ്പിക്കാനുമായി മാത്രം നൽകിയത് പതിനായിരം രൂപയാണ്.

എല്ലാം അണുകിട തെറ്റാതെ ചെയ്യുന്നുണ്ടെങ്കിലും ഇർഫാൻ പിടിയിലായത് തന്റെ കൈയിൽ നിന്ന് വന്ന ചെറിയൊരു പിഴകൊണ്ടാണ്. മോഷണത്തിന് കയറിയ ഒരു വീട്ടിൽ തന്റെ കൈവശമുണ്ടായിരുന്ന കാമുകിയുട‌െ ഫോൺ മറന്നുവച്ചു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇർഫാൻ പിടിയിലായത്. കുറച്ചുനാൾ ജയിലിൽ കഴിഞ്ഞശേഷം പുറത്തിറങ്ങി വീണ്ടും മോഷണങ്ങൾ തുടരുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ROBINHOOD IN BIHAR, THEFR IN THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.