SignIn
Kerala Kaumudi Online
Monday, 17 May 2021 9.02 PM IST

കൊവിഡിന്റെ കൂട്ടപ്പൊരിച്ചിൽ

covid

വോട്ടെടുപ്പ് പൂരം കഴിഞ്ഞ് പൂരങ്ങളുടെ പൂരത്തിനുളള ഒരുക്കങ്ങൾക്ക് പൂരക്കൊടി നാട്ടുമ്പോഴായിരുന്നു തൃശൂരിൽ കൊവിഡിന്റെ കൂട്ടപ്പൊരിച്ചിൽ. പ്രതിദിന രോഗികളുടെ എണ്ണം ആറായിരം വരെയെത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. അതുകേട്ട് ഞെട്ടിയിരിക്കുകയാണ് തൃശൂരുകാർ. അതോടെ പൂരം വേണ്ടെന്ന പ്രചാരണത്തിന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആക്കം കൂടി. തുടർച്ചയായി യോഗങ്ങൾ ചേർന്നു.

എപ്രിൽ 30 ആകുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം 4800 കടക്കുമെന്നും മേയ് ആദ്യവാരത്തിലേക്ക് കടക്കുമ്പോൾ അത് ആറായിരം കടക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണത്തിലും വർദ്ധനവുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ ഈ കളി തീക്കളിയാണെന്ന് ഡി.എം.ഒയും ഭരണകൂടവും ആവർത്തിക്കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 10 ന് 1208 പേർക്ക് രോഗം സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം കടന്ന് പ്രതിദിനരോഗികൾ രണ്ടായിരത്തിലേക്ക് കുതിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ഏഴായിരത്തോളം പുതിയ രോഗികളുണ്ടായി.

കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ഒക്ടോബർ - നവംബർ മാസങ്ങളിൽ ഉണ്ടായതിനെക്കാൾ വളരെ ഉയർന്ന നിരക്കിലാണ് വ്യാപനം. ഇതുവരെ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നത് ഒക്ടോബറിലായിരുന്നു. തുടർന്ന് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ആശങ്ക ഒഴിവാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. മാർച്ച് മാസത്തിൽ അയ്യായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം ഉയർന്നത്. പ്രതിദിന രോഗികളുടെ എണ്ണം 70 വരെയെത്തി. അതേസമയം മരണനിരക്ക് കൂടുതൽ നവംബറിലാണ്. അന്ന് ഔദ്യോഗിക കണക്ക് പ്രകാരം 106 ആയിരുന്നു.

എന്നാൽ വീണ്ടും ജനങ്ങളെ ഭയപ്പെടുത്തും വിധത്തിലാണ് കൊവിഡ് നിരക്ക് കുതിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇത്രയും രോഗികൾ വർദ്ധിച്ചത്. രണ്ടാമത് കൊവിഡ് വരുന്നവരുമുണ്ട്. മന്ത്രി വി.എസ് സുനിൽ കുമാർ വീണ്ടും കൊവിഡ് ബാധിച്ച് ആശുപത്രിയിലായി. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ രൂപപ്പെട്ട് വരികയാണ്.

വിറങ്ങലിച്ച് ഗ്രാമങ്ങളും നഗരങ്ങളും

പ്രതിദിന കൊവിഡ് പൊസിറ്റീവ് കേസുകൾ ആയിരം കടന്നതോടെ , ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ജില്ലയിൽ 21.99 ശതമാനം ആയി. ഗ്രാമങ്ങളും നഗരങ്ങളും അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ചിരിക്കുകയാണ്. 40 ശതമാനത്തിൽ കൂടുതൽ പൊസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളും നഗരസഭകളുമെല്ലാം അടക്കം ആറിലേറെ തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിതി അതീവഗുരുതരമായി. 40 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി റിപ്പോർട്ട് ചെയ്ത തദ്ദേശസ്ഥാപനങ്ങളും പതിനഞ്ചോളം വരും.

അതേസമയം ഉടനെ, കൂടുതൽ പേരെ പരിശോധിച്ച് രോഗബാധിതരെ ക്വാറന്റൈനിൽ പാർപ്പിച്ച് വ്യാപനം കുറയ്‌ക്കാനുളള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരിലാണ് പരിശോധന കൂടുതലായി നടത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള സർക്കാർ ആശുപത്രികളിലാണ് ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന നടക്കുന്നത്. അതേസമയം, അയൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ അടക്കം കർശന നടപടി ഏർപ്പെടുത്തി. അതിനാൽ നിരവധി മലയാളികൾ തിരിച്ചെത്തും. ഇവരുടെ ക്വാറന്റൈനും കർശനമാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വ്യാപനം നിയന്ത്രിക്കാനാവില്ല. അയൽസംസ്ഥാനങ്ങളിൽ നിന്നുളള ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാർ ഇവിടെ ഇടപഴകുന്നതും പ്രശ്‌നം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒഴിവാക്കി കൂടുതൽ സർക്കാർ ആശുപത്രികളെ കൊവിഡ് ആശുപത്രികളാക്കി മാറ്റാനും ലക്ഷ്യമുണ്ട്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ അപര്യാപ്തമാകുമെന്ന തിരിച്ചറിവിലാണിത്. ലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ താമസിപ്പിച്ച് നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപനം നിയന്ത്രണ വിധേയമായില്ലെങ്കിൽ, ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ കൂടുതൽ വേണ്ടി വരുമെന്ന ആശങ്കയും നിഴലിക്കുന്നുണ്ട്.

വീണ്ടും സാമ്പത്തിക പ്രതിസന്ധി

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പല തൊഴിൽ മേഖലകളും വീണ്ടും പ്രതിസന്ധിയിലായി. ബസുകളിൽ നിന്നുള്ള യാത്രയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ സാമ്പത്തിക പ്രയാസം രൂക്ഷമായതായി ബസുടമകളും ജീവനക്കാരും പറയുന്നു. നിർദ്ദേശം ലംഘിക്കുന്ന ബസുകൾക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് മൂലമുണ്ടായ നഷ്ടം നികത്താൻ ലോക്ഡൗണിന് ശേഷം ബസ് ചാർജ് കൂട്ടിയിരുന്നു. ജില്ലയിൽ 30 ബസുകളാണ് സർവീസ് നിറുത്തിവെച്ചത്. മറ്റ് ബസുകൾ ജിഫോമുകൾ നൽകി കയറ്റിയിടാനുള്ള നീക്കത്തിലാണ്. ഏപ്രിലിലെ നികുതി ഒഴിവാക്കിത്തരണമെന്നും ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. ഏപ്രിൽ ഒന്ന് മുതൽ തുടങ്ങുന്ന ടാക്‌സ് പൂർണമായും ഒഴിവാക്കിയും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഡീസൽ സബ്‌സിഡി അനുവദിച്ചും സ്വകാര്യബസ് സർവീസ് നിലനിറുത്തുന്നതിന് സാമ്പത്തികസഹായം അടക്കമുള്ള പാക്കേജ് നൽകിയും പ്രതിസന്ധി ഒഴിവാക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.

ചെറുകിട ഹോട്ടലുകളും വലിയ പ്രതിസന്ധിയിലായി. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കടകളിൽ ജനങ്ങൾ എത്താതായതോടെ കഴിഞ്ഞ വർഷത്തേതിന് സമാനമായ സാഹചര്യമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOMBUM THUMBEEM, COVID
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.