SignIn
Kerala Kaumudi Online
Thursday, 28 March 2024 9.12 PM IST

ആചാര പെരുമയോടെ ഘടക പൂരങ്ങളെത്തും വടക്കുംനാഥനിലേക്ക്

temple

തൃശൂർ: പൂരം സമ്പൂർണമാക്കുന്നത് ഘടക ക്ഷേത്രങ്ങളുടെ പങ്കാളിത്തം കൂടിയാകുമ്പോഴാണ്. തട്ടകങ്ങളെ ഉണർത്തി എത്തുന്ന ഘടക പൂരങ്ങൾക്ക് ഒപ്പം ആയിരങ്ങളാണ് ശക്തന്റെ തട്ടകത്തേക്ക് എത്താറുള്ളത്. എന്നാൽ ഇത്തവണ കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ പരമാവധി അമ്പത് പേരുമായാണ് അവരുടെ വരവ്.


കണിമംഗലം

വെയിലേൽക്കാതെ വരുന്ന ചെറുപൂരമെന്നതുകൊണ്ടു തന്നെ കണിമംഗലം ശാസ്താവിന്റെ പൂരത്തിന് പ്രത്യേകതകളേറെയാണ്. പുലർച്ചെ അഞ്ചിനാണ് കണിമംഗലം ശാസ്താവ് പൂരത്തിന് പുറപ്പെടുക. ദേവഗുരുവായ ബൃഹസ്പതിയാണ് കണിമംഗലം ശാസ്താവെന്നാണ് ഐതിഹ്യം. അതിനാൽ ദേവഗുരു വടക്കുന്നാഥനെ വണങ്ങാറില്ല. ദേവഗുരുവിനെ കണ്ടാൽ വടക്കുന്നാഥൻ എഴുന്നേറ്റു നിൽക്കേണ്ടി വരുമെന്നതിനാൽ കണിമംഗലം ശാസ്താവ് തെക്കേഗോപുര നടവഴി വന്ന് പടിഞ്ഞാറെ നടവഴി ഇറങ്ങിപ്പോകും.


അയ്യന്തോൾ കാർത്യായിനി ഭഗവതി

ചെമ്പുക്കാവ് കാർത്യായിനി ഭഗവതിയുടെ സഹോദരിയാണ് അയ്യന്തോൾ കാർത്യായിനി ഭഗവതിയെന്നാണ് സങ്കൽപം. പുലർച്ചെ മൂന്നിന് ആറാട്ടു കഴിഞ്ഞ് പൂജകൾ കഴിഞ്ഞ് ഏഴരയോടെ അയ്യന്തോൾ ഭഗവതി പൂരത്തിന് പുറപ്പെടും.


ചെമ്പുക്കാവ് കാർത്യായനി ദേവി

വെയിൽമൂക്കും മുൻപെ ചെമ്പുക്കാവ് കാർത്യായിനി ഭഗവതി വടക്കുന്നാഥനെ കണ്ട് വണങ്ങി മടങ്ങും. അയ്യന്തോൾ കാർത്യായിനി ഭഗവതി ചേച്ചിയും ചെമ്പുക്കാവ് കാർത്യായിനി ദേവി അനുജത്തിയുമാണെന്നാണ് ഐതിഹ്യം. പൂരത്തോടനുബന്ധിച്ച് ഇരുവരും പരസ്പരം ക്ഷേത്രങ്ങൾ സന്ദർശിക്കും. അനുജത്തിക്ക് തലവേദനയുള്ളതിനാൽ ചേച്ചി മരുന്നു കൊണ്ടുകൊടുക്കാറുണ്ടെന്നും പകരമായി അനുജത്തി ചേച്ചിക്ക് എണ്ണ കൊടുത്തയക്കാറുണ്ടെന്നും മറ്റൊരു ഐതിഹ്യ സങ്കൽപം. രാവിലെ ഏഴിനാണ് ചെമ്പുക്കാവിന്റെ പൂരം പുറപ്പെടുക. പഞ്ചാരിയോടു കൂടിയുള്ള പൂരം എഴുന്നള്ളിപ്പ് ചെമ്പുക്കാവിനു മാത്രമേയുള്ളുവെന്നതും മറ്റൊരു സവിശേഷതയാണ്.


ലാലൂർ കാർത്യായനി ഭഗവതി

രാവിലെ ആറിന് ലാലൂർ കാർത്യായനി ഭഗവതി തൃശൂർ പൂരത്തിന് പുറപ്പെടും. ലാലൂരും കാരമുക്കും സഹോദരിമാരാണെന്ന വിശ്വാസവുമുണ്ട്. പരശുരാമൻ പണികഴിപ്പിച്ച ക്ഷേത്രമാണെന്നാണ് ഐതിഹ്യം.

കാരമുക്ക് ഭഗവതി പൂക്കാട്ടിക്കര

കാരമുക്ക് ഭഗവതിക്ഷേത്രത്തിന്റെ കുളത്തിലായിരുന്നുവത്രെ ശക്തൻ തമ്പുരാൻ ഒളിവിൽ കഴിഞ്ഞ കാലത്ത് കുളിക്കാനെത്തിയിരുന്നത്. ഖരമഹർഷി ഏറെക്കാലം ഇവിടെ താമസച്ചിട്ടുണ്ടെന്നതാണ് മറ്റൊരു ഐതിഹ്യം. പൂരനാളിൽ രാവിലെ അഞ്ചിന് ഭഗവതി ഒരാനപ്പുറത്ത് നാദസ്വരത്തിന്റെയും നടപ്പാണ്ടിയടേയും അകമ്പടിയോടെ പുറപ്പെടും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴി കയറി തെക്കേഗോപുരം വഴി പുറത്തിറങ്ങും.

പനമുക്കുംപിള്ളി ശാസ്താവ്‌

തെക്കേമഠം മൂപ്പിൽ സ്വാമിയാർ വർഷത്തിലൊരിക്കൽ പൂജനടത്താനെത്തുന്ന ക്ഷേത്രമാണ് പനമുക്കുംപിള്ളി ശാസ്താക്ഷേത്രം. അമൃതകുംഭം കയ്യിലേന്തി പത്മാസനത്തിലിരിക്കുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. ശങ്കരാചാര്യരുടെ ശിഷ്യൻമാർ മഠം സ്ഥാപിക്കാനെത്തമ്പോൾ ഇവർ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇപ്പോഴത്തെ പനമുക്കുംപിള്ളി ശാസ്താവെന്നും വിശ്വാസമുണ്ട്. മഠം സ്ഥാപിക്കാനെത്തിയവർ അന്ന് താമസിച്ചിരുന്നത് കിഴക്കുംപാട്ടുകരയിലായിരുന്നുവെന്നും അവർ പൂജിച്ചിരുന്ന വിഗ്രഹം പിന്നീട് പ്രതിഷ്ഠയായി മാറുകയായിരുന്നുവെന്നുമാണ് വിശ്വാസം. രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയാണ് ശങ്കരാചാര്യരുടെ ശിഷ്യർ നടത്തിയതെന്ന വിശ്വാസവും ഉണ്ട്. തെക്കേമഠത്തിന്റെ കീഴിലാണ് ഇപ്പോഴും ഈ ക്ഷേത്രം. തൃശൂർ പൂരത്തിന് രാത്രി എഴുന്നള്ളിപ്പ് ഇല്ലാത്ത ചെറുപൂരം ഇതാണ്.

ചൂരക്കോട്ടു കാവിലമ്മ

പ്രൗഢഭംഗിയോടെയാണ് ചൂരക്കോട്ടുകാവിലമ്മ പൂരനഗരയിലെത്തുക. ക്ഷേത്രം നിൽക്കുന്ന സ്ഥലം യാഗഭൂമിയത്രെ. നടപ്പുരയിൽ നിന്ന് ദേവിയെ തൊഴുകയാണ് ഇവിടെ ചെയ്യുക. ചൂരൽക്കാടുകളായിരുന്നുവത്രെ ഈ തട്ടകം. ചൂരൽ നിറഞ്ഞ സ്ഥലമായതുകൊണ്ടാണ് ചൂരക്കോട്ടുകാവെന്ന പേരു തന്നെ കിട്ടിയതെന്ന് വിശ്വാസം.


നെയ്തലക്കാവിലമ്മ

പൂരത്തിന് തെക്കേഗോപുര നട തുറന്നുകൊടുക്കാൻ നെയ്തലക്കാവിലമ്മ തലേദിവസം രാവിലെ വടക്കുന്നാഥനിലെത്തും. തെക്കോട്ടിറക്കവും കുടമാറ്റവും നടത്താനായി ഈ ഗോപുരവാതിൽ തുറക്കുകയെന്ന പ്രധാനപ്പെട്ട ദൗത്യമാണ് നെയ്തലക്കാവിലമ്മയ്ക്കുള്ളത്. പൂരം നാളിൽ രാവിലെ എട്ടരയോടെ നെയ്തലക്കാവിലമ്മ പൂരനഗിയിലേക്ക് പുറപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TRISSUR POORAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.