SignIn
Kerala Kaumudi Online
Thursday, 13 May 2021 4.36 AM IST

'നവോത്ഥാനത്തിന്റെ കുത്തകപാട്ടം എടുത്തിരിക്കുന്നവരിൽ നിന്ന് പിടിച്ചു വാങ്ങി യഥാർത്ഥ അവകാശികൾക്ക്‌ കൈമാറുക എന്ന ചരിത്രദൗത്യമാണിതിൽ'; പുസ്‌തകവായനയിൽ മുഴുകി പ്രതിപക്ഷനേതാവ്

chennithala

തിരുവനന്തപുരം: ഏറെ നാളത്തെ തിരഞ്ഞെടുപ്പ് തിരക്കിനൊടുവിൽ പുസ്‌തക വായനയിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാദ്ധ്യമ പ്രവർത്തകനായ രവിവർമ്മ തമ്പുരാൻ രചിച്ച നോവൽ മുടിപ്പേച്ചിനെ കുറിച്ചുള‌ള കുറിപ്പാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പങ്കുവയ്‌ക്കുന്നത്.

നവോത്ഥാനം എന്ന പേരിൽ ജനങ്ങൾക്കിടയിൽ വിഭജനത്തിന്റെ നെടുനീളൻ മതിലുകൾ തീർത്തതിന്റെ കെട്ടുകഥ നോവലിസ്‌റ്ര് സത്യത്തിന്റെ വെളിച്ചത്തിൽ ഇല്ലാതാക്കിയെന്ന് ചെന്നിത്തല കുറിക്കുന്നു. നവോത്ഥാനത്തിന്റെ കുത്തകപാട്ടം എടുത്തിരിക്കുന്നവരിൽ നിന്ന് പിടിച്ചു വാങ്ങി യഥാർത്ഥ അവകാശികൾക്ക്‌ കൈമാറുക എന്ന ചരിത്രദൗത്യവും നോവൽ നിർവഹിക്കുന്നതായി ചെന്നിത്തല സൂചിപ്പിക്കുന്നു.

പ്രതിപക്ഷനേതാവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

തെരെഞ്ഞെടുപ്പ് തിരക്കിന് ശമനമായതോടെ പുസ്തകങ്ങളിലേക്കുള്ള മടക്കയാത്രയായിരുന്നു. മലയാള മനോരമയിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ആയ രവിവർമ തമ്പുരാന്റെ 'മുടിപ്പേച്ച്' എന്ന നോവൽ ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു.

അഞ്ചു നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യമുന്നേറ്റം 380 പേജുകളിൽ മനോഹരമായി എഴുത്തുകാരൻ വരച്ചിട്ടിരിക്കുന്നു. നവോത്ഥാനത്തിന്റെ കുത്തകപാട്ടം എടുത്തിരിക്കുന്നവരിൽ നിന്ന് പിടിച്ചു വാങ്ങി യഥാർത്ഥ അവകാശികൾക്ക്‌ കൈമാറുക എന്ന ചരിത്രദൗത്യവും ഈ നോവൽ നിർവഹിക്കപ്പെടുന്നുണ്ട്.

കാലാംഗന എന്ന സങ്കല്പകഥാപാത്രത്തിലൂടെ കാലചക്രം തിരിയ്ക്കുകയാണ്. പിന്നോട്ട് തിരിക്കുന്ന ടൈം മെഷീൻ പോലെ കാലത്തെ പലനൂറ്റാണ്ടിനു പിന്നോട്ട് ഓടിക്കുന്നു. തൊട്ടുകൂടായ്മയുടെ കാലത്ത് നിന്നും കേരളത്തെ കൈപിടിച്ച് ഉയർത്തിയ ചരിത്രപുരുഷന്മാരെ മുഖാമുഖം കണ്ടാണ് കാലാംഗനയുടെ യാത്ര. ഈ കൂടിക്കാഴ്ച വായനക്കാരെ അമ്പരപ്പിക്കുകയും മണ്മറഞ്ഞു കിടക്കുന്ന ചരിത്ര സത്യങ്ങളെ വെളിവാക്കി നൽകുകയും ചെയ്യുന്നു.

സവർണരും അവർണരും തമ്മിലുള്ള സംഘർഷത്തിൽ നിന്നുണ്ടായതാണ് നവോത്ഥാനം എന്ന കെട്ടുകഥ സത്യത്തിന്റെ വെളിച്ചത്തിൽ രവിവർമ ഇല്ലാതാക്കുന്നു. നവോത്ഥാനത്തിന്റെ പേര് പറഞ്ഞു ജനങ്ങൾക്കിടയിൽ കെട്ടിഉയർത്തിയ വിഭജനത്തിന്റെ നെടുനീളൻ മതിലുകൾ സത്യസന്ധമായ ചരിത്രാന്വേഷകന്റെ മുന്നിൽ തകർന്നുവീഴുകയാണ്.

ചിറ്റൂരിലെ ശോകനാശിനി പുഴയുടെ തീരത്ത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനിൽ നിന്നാരംഭിക്കുന്ന ചരിത്ര യാത്ര പഴശ്ശിരാജയിലൂടെ ,വേലുത്തമ്പി ദളവയിലൂടെ ,റാണി ലക്ഷ്‌മി ഭായിയിലൂടെ സ്വാതി തിരുനാളിലൂടെ അയ്യാവൈകുണ്ഠ സ്വാമിയിലേക്കു എത്തുന്നു. ആറാട്ടുപുഴ വേലായുധ പണിക്കർ ,തൈക്കാട്ട് അയ്യാവുസ്വാമി,ചട്ടമ്പിസ്വാമി ,ശ്രീനാരായണഗുരു ,കേരളവർമ വലിയകോയി തമ്പുരാൻ ,രാജാരവിവർമ, പുന്നശ്ശേരി നീലകണ്‌ഠ ശർമ്മ ,അയ്യൻ‌കാളി ,കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ,കുമാരനാശാൻ ,മന്നത്ത് പദ്മനാഭൻ ,പൊയ്കയിൽ കുമാരഗുരുദേവൻ ,വാഗ്ഭടാനന്ദൻ ,പണ്ഡിറ്റ് കറുപ്പൻ ,വിടി ഭട്ടതിരിപ്പാട് എന്നിവരിലേക്ക് എത്തുമ്പോൾ രാജ്യത്തിനു മാതൃകയാകുന്ന നവകേരളം ഉയർന്നു കഴിഞ്ഞു.

പി.കൃഷ്ണപിള്ളയും ഏകെജിയും ഇ.എം.എസും അവരുടെ ചിന്തയുടെയും വിയർപ്പിന്റെയും ഓഹരി ഈ നവകേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. എല്ലാംദാനം ചെയ്തു ഒരു തുണ്ട് ഭൂമിയിൽ ഒതുങ്ങിയ നിസ്വയുടെ അവശേഷിക്കുന്ന ഭൂമിയും പിടിച്ചെടുക്കാനുള്ള സഖാവിന്റെ കള്ളച്ചുരികയ്ക്ക് മുന്നിൽ സ്വന്തം ജീവിതം കൊണ്ട് മറുപടി നൽകാനാണ്‌ കഥാനായികയായ ശ്രുതകീർത്തി ശ്രമിക്കുന്നത്.

"ഒരുപാട് പേർ ജീവിതം കൊടുത്തു സൃഷ്‌ടിച്ച നവോത്ഥാനം ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ഇത്ര ശക്തിയിൽ ആ പാർട്ടി ഉണ്ടാകുമായിരുന്നില്ല. പലർക്കും ചുവപ്പ് തങ്ങൾ പിടിക്കുന്ന കൊടിയുടെ നിറം മാത്രമാണ്. നേരിന്റെ വഴികളിൽ നിന്ന് മാറിയുള്ള അവരുടെ സഞ്ചാരം പല സാധുമനുഷ്യരുടേയും സുഗമ യാത്രാപഥങ്ങൾ കുണ്ടനിടവഴികളാക്കുയാണ് "അവസാനതാളുകളിൽ പറയുന്നത് ഒരു താക്കീത് കൂടിയാണ്.

കാവിലെ ഉത്സവത്തിന് നടത്തുന്ന മുടിപ്പേച്ചിലെ ഉഗ്രഭദ്രകാളിയെപോലെ ശ്രുതികീർത്തി മുടിയഴിച്ചു നടക്കുമ്പോൾ പിന്നാലെ ചെങ്കൊടി പ്രകടനം അടിവച്ചടി നടക്കുന്നുണ്ട്.പാർട്ടിയെ ശുദ്ധീകരിക്കാൻ മോളിലോട്ട് നടത്തുന്ന പ്രകടനമാകട്ടെ അതെന്നു ആശിച്ചു അവൾ നോവലിൽ അവൾ നടക്കുമ്പോൾ പാർട്ടിയെ തിരുത്താൻ പൊന്നാനിയിലും കുറ്റ്യാടിയിലും ചെങ്കൊടികളുമായി സഖാക്കൾ നടക്കുന്ന കാഴ്ചയും നടക്കുന്നു.

തെരെഞ്ഞെടുപ്പ് തിരക്കിന് ശമനമായതോടെ പുസ്തകങ്ങളിലേക്കുള്ള മടക്കയാത്രയായിരുന്നു. മലയാള മനോരമയിലെ സീനിയർ അസിസ്റ്റന്റ്...

Posted by Ramesh Chennithala on Wednesday, 21 April 2021

മനോരമ ബുക്സ് പുറത്തിറക്കിയ ഈ ചരിത്ര നോവൽ, വായനയെ ഇഷ്ടപ്പെടുന്നവർക്ക് മുതൽക്കൂട്ടാണ്. നീണ്ട ഗവേഷണ തപസ്യക്ക് ശേഷമാണ് നോവൽ രൂപത്തിൽ എത്തിയിരിക്കുന്നത്. നോവലിസ്റ്റ് രവിവർമ തമ്പുരാന് ഹൃദയം നിറഞ്ഞ അഭിനന്ദനം. ചരിത്രത്തോട് നീതി പുലർത്തുന്ന രചനകൾ ഇനിയും അദ്ദേഹത്തിൽ നിന്നുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK REVIEW, CHENNITHALA, NOVEL
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.