കേരള പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടവും ഗോകുലം കേരള എഫ്.സിക്ക്
കെ.പി.എൽ ഫൈനലിൽ കെ.എസ്.ഇ.ബിയെ 2-1ന് തോൽപ്പിച്ചു
കൊച്ചി: ചേട്ടന്മാർ ഇന്ത്യ കീഴടക്കി. അനിയന്മാർ കേരളവും! ഐ ലീഗ് കിരീടത്തിനൊപ്പം കേരള പ്രീമിയർ ലീഗിന്റെ വെള്ളിക്കിരീടവും ഇനി ഗോകുലം കേരള എഫ്.സിയുടെ ഷെൽഫിൽ ഭദ്രമായിരിക്കും.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ അവസാന നിമിഷം വരെ അവേശം നിറഞ്ഞ ഫൈനലിൽ മുൻ ചാമ്പ്യന്മാരായ കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾ തകർത്താണ് ഗോകുലത്തിന്റെ ബി ടീം ചാമ്പ്യന്മാരായത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഗോകുലം വിജയം നേടിയത്. ഗോകുലത്തിനായി നിഷാദ് റോഷൻ (78) ഗണേഷ് (90) എന്നിവർ വല കുലുക്കി. കെ.എസ്.ഇ.ബിക്കായി വി.വിഗ്നേഷ് (54) ഗോൾ നേടി. 2018ൽ ആദ്യമായി ലീഗ് ചാമ്പ്യൻമാരായ ഗോകുലം കഴിഞ്ഞ സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്നു.
ചാമ്പ്യൻ നേട്ടത്തോടെ രണ്ടു തവണ കെ.പി.എൽ കിരീടം നേടുന്ന ടീമെന്ന എസ്.ബി.ഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്കോറർ (8).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |