ഐ.പി.എൽ 14-ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം
പഐാബ് കിംഗ്സിനെ തോൽപ്പിച്ചത് ഒൻപത് വിക്കറ്റിന്
ചെന്നൈ : പുതിയ സീസൺ ഐ.പി.എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ഇന്നലെ പഞ്ചാബ് കിംഗ്സ് ഇലവനെ ഒൻപത് വിക്കറ്റിനാണ് ഡേവിഡ് വാർണറും സംഘവും കീഴടക്കിയത്. പഞ്ചാബിന്റെ സീസണിലെ മൂന്നാം തോൽവിയായിരുന്നു ഇത്.
ചെന്നൈ ചെപ്പോക്കിൽ ഇന്നലെ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ 120 റൺസിൽ ആൾഔട്ടാക്കിയ ശേഷം എട്ടുപന്തുകൾ ബാക്കി നിറുത്തി ഒരൊറ്റ വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കടക്കുകയായിരുന്നു സൺ റൈസേഴ്സ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശർമ്മയും ഒാരോ വിക്കറ്റ് സ്വന്തമാക്കിയ ഭുവനേശ്വറും റാഷിദ് ഖാനും ചേർന്നാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. അർദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ജോണി ബെയർസ്റ്റോ (63 നോട്ടൗട്ട്) ചേസിംഗിൽ വിജയത്തിലേക്ക് നയിച്ചു.56പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സുമടക്കമാണ് ബെയർസ്റ്റോ 63 റൺസ് നേടിയത്.
ഡേവിഡ് വാർണർ 37 റൺസെടുത്തു. ബെയർസ്റ്റോയാണ് മാൻ ഒഫ് ദ മാച്ച്.
നാലുമത്സരങ്ങളിൽ നിന്ന് രണ്ടുപോയിന്റുമായി സൺറൈസേഴ്സ് അവസാന സ്ഥാനത്തുനിന്ന് അഞ്ചാമതേക്ക് എത്തി. പഞ്ചാബ് അവസാന സ്ഥാനത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |