SignIn
Kerala Kaumudi Online
Friday, 19 April 2024 4.20 AM IST

ചൂതാട്ടവും ജലീലിന്റെ ധാർമ്മികതയും

k-t-jaleel

ജനാഭിലാഷം എന്നത് മിഥ്യയാണെങ്കിലും അങ്ങനെയൊന്നുണ്ടെന്ന് സങ്കല്പിക്കുകയാണ്. അതിപ്പോൾ വോട്ടെന്ത്രങ്ങൾക്കകത്ത് ഉറങ്ങുകയാണ്. ഉണർന്നു വരുമ്പോൾ ഫലം എന്തായിരിക്കും? ആര് ജയിക്കും? ആര് ജയിച്ചാലും ഒരു കാര്യം ഉറപ്പാണ്. തോൽക്കുന്നത് ആ അഭിലാഷം ചില്ലറയായി നിക്ഷേപിച്ച ജനങ്ങളായിരിക്കും. എന്തുകൊണ്ട് ?

കേരളപ്പിറവിക്കുശേഷം 16 പൊതുതിരഞ്ഞെടുപ്പുകളെ നേരിട്ട നാടാണ് കേരളം. പതിനാറാമത്തെ വിധിയാണ് യന്ത്രത്തിനകത്ത് ഉറങ്ങുന്നത്. എല്ലാ പക്ഷത്തുമായി ഇത്രയേറെ ശകുനിമാർ അണിയറയിൽ കളിച്ച ഒരു തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടന്നിട്ടില്ല. ശരിക്കും ചൂതാട്ടം. പണവും വർഗീയതയുമായിരുന്നു ശകുനിമാരുടെ തുറുപ്പുചീട്ട്. മേമ്പൊടിക്ക് സ്വർണവും ഡോളറും സോളാറും പെണ്ണും സൗജന്യ റേഷനും കൂട്ടിന് കൊവിഡും. ജനാഭിലാഷത്തെ പാടെ തിരസ്കരിക്കുന്ന തിരഞ്ഞെടുപ്പാണ് നടന്നതെങ്കിലും വോട്ട് ചെയ്യുന്നതിൽ ജനം കാര്യമായ ശുഷ്കാന്തി പുലർത്തി. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തിരഞ്ഞെടുപ്പിൽ 65.49 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി 74. 2 ശതമാനം പേരാണ് വോട്ട് ചെയ്ത്. 114 മണ്ഡലങ്ങളാണ് 1957 ൽ ഉണ്ടായിരുന്നത്. സംവരണം ഉറപ്പാക്കാൻ 12 മണ്ഡലങ്ങളിൽ രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു മത്സരം. അങ്ങനെ മൊത്തം 126 സാമാജികർ. അതിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചത് 65 സീറ്റിൽ. ബാക്കി ഘടകകക്ഷികൾക്ക് വിട്ടു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ലോകത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രി സഭ ഏപ്രിൽ അഞ്ചിന് അധികാരത്തിൽ വന്നു. എല്ലാ ജാതി, മതശക്തികളെയും കൂട്ടുപിടിച്ചുകൊണ്ട് കോൺഗ്രസും കൂട്ടുകക്ഷികളും ചേർന്ന് ആ ജനകീയമന്ത്രിസഭയെ അട്ടിമറിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് 1959 ജൂലായ് 31ന് ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് കേന്ദ്രസർക്കാർ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടു; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അതായിരുന്നു അന്നത്തെ രാഷ്ട്രീയ ധാർമ്മികത!

ഇപ്പോഴിതാ കൂടുൽ ഉച്ചത്തിൽ ധാർമ്മികതയെക്കുറിച്ച് കേൾക്കുന്നു. മാദ്ധ്യമധർമ്മം എന്നൊന്ന് ഉള്ളതുപോലെ മന്ത്രിധർമ്മം എന്നൊന്ന് ഉണ്ടെന്നും കേൾക്കുന്നു. കെ.ടി. ജലീലിന്റെ തിരുവായിൽ നിന്നാണ് അത് ഒടുവിൽ പുറത്തുവന്നത്. കുടികിടപ്പായി കിട്ടിയ മന്ത്രിസ്ഥാനം രാഷ്ട്രീയ ധാർമ്മികതയാൽ അദ്ദേഹം കൈയൊഴിഞ്ഞു എന്നാണ് പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ഡോക്ടറേറ്റു തന്നെയും ധാർമ്മികതയുടെ പേരിൽ ഒപ്പിച്ചെടുത്തതാണെന്നാണ് ചിലരുടെ ആരോപണം. അതെന്തായാലും പ്രതിപക്ഷ പാർട്ടികൾക്കു പിന്നാലെ ലോകായുക്ത അദ്ദേഹത്തിന്റെ ധാർമ്മികതയ്ക്ക് ഒരു കിരീടം വച്ചുകൊടുത്തു. അത് മുൾക്കിരീടമാണെന്ന് പറഞ്ഞ് ജലീൽ സങ്കടഹർജിയുമായി ഹൈക്കോടതിയിൽ ചെന്നു. ഹർജി കേട്ട മാത്രയിൽ ഹൈക്കോടതി ചോദിച്ചത്- ''അദ്ദേഹം ഇപ്പോഴും മന്ത്രിയായി തുടരുകയാണോ?" എന്നാണ്. ചോദ്യം മുൻകൂട്ടി മനസിലാക്കിയ ഉന്നതവിദ്യാഭ്യാസമന്ത്രി അതിനു തൊട്ടുമുൻപ് ഇന്നാ പിടിച്ചോ എന്ന മട്ടിൽ ദൂതൻ വഴി രാജിക്കത്ത് നൽകി. ഇതാണ് യഥാർത്ഥ ധാർമ്മികതയെന്ന് സമ്മതിദായകർക്ക് പൂർണമായി മനസിലായത് ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെ കൊണ്ടുപൊയ്ക്കൊള്ളാൻ ഹൈക്കോടതി പറഞ്ഞപ്പോഴാണ്. ധാർമ്മികതയിൽ മാത്രമല്ല സ്വജനപക്ഷപാതത്തിലും വർഗീയതയിലും പേരെടുത്ത നേതാവാണ് ജലീൽ. വിശുദ്ധഗ്രന്ഥമായ ഖുർ - ആനെപ്പോലും അദ്ദേഹം തന്റെ ചൂതാട്ടങ്ങളുടെ മറയാക്കിക്കളഞ്ഞു. നോമ്പ് തുടങ്ങുന്നതിന്റെ തലേദിവസം തന്നെ അതിന്റെ പ്രതിഫലവും കിട്ടി. ദൈവനീതിക്ക് ദാക്ഷിണ്യമില്ല. അതിന് ജാതിയും മതവുമൊന്നും പ്രശ്നമല്ല. എല്ലാം കാണുന്നവനും അറിയുന്നവനുമാണ് അല്ലാഹ് .

തിരഞ്ഞെടുപ്പ് പാളയത്തിലേക്കുതന്നെ മടങ്ങിവരാം. രണ്ടാമത്തെ തിരഞ്ഞെടുപ്പ് 1960ൽ നടന്നപ്പോൾ 85.7 ശതമാനമായിരുന്നു പോളിംഗ്. 108 സീറ്റിൽ മത്സരിച്ച കമ്മ്യൂണിസ്റ്റു പാർട്ടിക്ക് 29 എണ്ണത്തിൽ മാത്രമേ ജയിക്കാനായുള്ളൂ. 80 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 63 സീറ്റ് സ്വന്തമാക്കി. പക്ഷേ, വോട്ടിംഗ് ശതമാനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കാലിടറിയില്ല. 34.42 ശതമാനം വോട്ട് കോൺഗ്രസിന് ലഭിച്ചപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടി നേടിയത് 39.14 ശതമാനം. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി.

1964ൽ കമ്മ്യൂണിസ്റ്റു പാർട്ടി പിളർന്നശേഷം 1965 ൽ നടന്ന തിരഞ്ഞെടുപ്പിൽ 73 സീറ്റിൽ മത്സരിച്ച സി.പിഎം 40 സീറ്റ് സ്വന്തമാക്കി. 133 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 36 എണ്ണമേ വിജയിക്കാനായുള്ളൂ. 79 സീറ്റിൽ മത്സരിച്ച സി.പി.ഐയ്ക്ക് മൂന്നു സീറ്റുകൊണ്ട് പശിയടക്കേണ്ടി വന്നു. കോൺഗ്രസ് പിളർന്ന് രൂപംകൊണ്ട കേരള കോൺഗ്രസ് മത്സരിച്ച 54 സീറ്റിൽ 23 സീറ്റ് നേടി. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതായതോടെ വീണ്ടും കേരളം രാഷ്ട്രപതി ഭരണത്തിലായി. 67ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐയുമായി ചേർന്ന് മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയെങ്കിലും രണ്ടാം ഇ.എം.എസ് മന്ത്രിസഭയ്ക്കും ആയുസുണ്ടായില്ല. മുന്നണിയിലെ പടലപ്പിണക്കങ്ങൾ മൂലം ഇ.എം.എസ് മന്ത്രിസഭ രാജിവച്ചു. കോൺഗ്രസിന്റെ പിന്തുണയോടെ സി.അച്ചുതമേനോൻ മുഖ്യമന്ത്രിയായി. അദ്ദേഹത്തിനും രാജിവയ്ക്കേണ്ടിവന്നു. തിരഞ്ഞെടുപ്പും മന്ത്രിസഭകളും മാറിയും തിരിഞ്ഞും പിന്നെയും പലതു വന്നു. പിളർന്നും വളർന്നും തളർന്നും ഒത്തുചേർന്നും പല പാർട്ടികളും അധികാരം വാരിവലിച്ച് ഭുജിച്ചു. തുടർഭരണം എന്നത് കേരളത്തിൽ നടക്കാത്ത സ്വപ്നമായി മാറി. ഇപ്പോൾ കട്ടായം അതു സംഭവിക്കുമെന്നാണ് ഭരണപക്ഷത്തെ ഉപ്പും ചോറും തിന്നവരെല്ലാം പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്ടനാക്കിക്കൊണ്ടുള്ള പോരാട്ടമാണ് ഇടതുപക്ഷം കാഴ്ചവച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ കൂടുതൽ ശുഷ്കാന്തി കാട്ടി കോൺഗ്രസും ബി.ജെ.പിയും ത്രികോണമത്സരത്തിന്റെ അശ്വരഥങ്ങൾ എല്ലാ മണ്ഡലങ്ങളിലും അഴിച്ചുവിട്ടു. കുതികാൽവെട്ടും അടിയൊഴുക്കും വോട്ടുകച്ചവടവും എവിടൊക്കെ നടന്നു എന്നതുമാത്രമാണ് ഇനി ദൃശ്യമാകാനുള്ളത്. മേയ് രണ്ടിന് കാണാം കൊവിഡ് കൊണ്ടുപോയ തൃശൂർ പൂരത്തിന് പകരമായി ഒരു പകൽപ്പൂരം. ആരു ജയിച്ചാലും ആ പകൽപൂരത്തിൽ ഇരുട്ടിന്റെ സന്തതികളാവും ഏറെ ആഹ്ലാദിക്കുക. അവരിപ്പോൾ പാളയത്തിൽ പടയൊരുക്കുന്നവരല്ല. ഓരോ പടയാളിയ്‌ക്കും ആപ്പും ആഭരണവും നൽകുന്നവരാണ്. ഇത്രയേറെ വിശ്വാസരാഹിത്യം വ്യാപിച്ച ഒരു കാലഘട്ടമുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മുറിച്ചുരികയുടെ കാലമല്ലിത്. മുഴുച്ചുരിക തന്നെ സ്ഥാനം മറന്ന് കഴുത്തറുക്കുന്നു. എല്ലാ രാഷ്ടീയപ്പാർട്ടിയിലുമുണ്ട് കൂടെ നിൽക്കുന്നവരെ ആലിംഗനം ചെയ്തു കൊല്ലുന്നവർ. മാറ്റച്ചുരികയിൽ കാരം ചേർക്കുന്നവർ. അവരെയാകും ഈ തിരഞ്ഞെടുപ്പു ഫലം ഉറ്റുനോക്കുക. കൂടെനിന്നവരുടെയും പാലൂട്ടിയവരുടെയും നെഞ്ചത്ത് തൊഴിച്ചു കടന്നുപോയവരെ കാണാം. ഒപ്പം നിയതിയുടെ ചില ലീലകളും. ജലീലിന് കിട്ടേണ്ടത് തത്‌കാലം കിട്ടി. അദ്ദേഹം വീണ്ടും അധികാരത്തിൽ വന്നേക്കും. ഈ മന്ത്രിസഭയിലല്ലെങ്കിലും. അപ്പോഴും തത്‌സ്ഥിതി തുടർന്നേക്കാം. ഒടുവിൽ ഒരു കാലുയർത്തലുണ്ട് പരംപൊരുളിന്. അത് ഉയിർത്തെഴുന്നൽപ്പിനായിരിക്കില്ല. അതിനുമുമ്പ് ദൈവഹിതം അറിയട്ടെ എല്ലാവരും എന്ന് പ്രാർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, JALEEL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.