Kerala Kaumudi Online
Saturday, 25 May 2019 10.53 PM IST

കൈയ്യിൽ ഒതുങ്ങുന്ന ഒരു ബ്യൂട്ടിപാർലറാണ്  മുട്ട

egg

മുട്ടയ്ക്ക് എന്താ സൗന്ദര്യകാര്യത്തിൽ സ്ഥാനം എന്ന് ചിന്തിക്കാൻ വരട്ടെ. ഇതൊരു അത്യപൂർവ്വ പിറവിയാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ. ഒരാളുടെ ഉള്ളം കൈയ്യിൽ ഒതുങ്ങാൻ മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ മുട്ട പ്രോട്ടീൻ ഫാക്ടറിയാണെന്നത് പോലെ തന്നെ ഒരു മികച്ച ഒരു ബ്യൂട്ടിപാർലർ കൂടിയാണ്. ചർമ്മത്തിലെ വരകൾ അകറ്റാൻ സഹായിക്കുന്നതിന് പുറമെ മുഖക്കുരുവിൽ നിന്നും രക്ഷ നൽകുകയും ചെയ്യും. മുട്ടയുടെ വെള്ള കൊണ്ടുള്ള ലേപനങ്ങൾ ചർമ്മത്തെ വൃത്തിയാക്കാനും നശിച്ച ചർമ്മകോശങ്ങൾ നീക്കം ചെയ്യാനും ഉത്തമമാണ്. കൂടാതെ, ചർമ്മത്തെ മുറുക്കുകയും നിറം നൽകുകയും ചെയ്യും. ഒപ്പം ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകി നനവ് നിലനിർത്തുകയും ചെയ്യും. മുട്ടയുടെ മഞ്ഞ കൊണ്ടുള്ള മുഖ ലേപനങ്ങൾ ചർമ്മത്തിന്റെ ഇലാസ്തികത ഉയർത്തി ചർമ്മത്തെ മൃദുലവും മിനുസവുമാക്കും. വരണ്ടതും അടരുന്നതും ചൊറിച്ചിലുള്ളതുമായ ചർമ്മത്തെ ഭേദമാക്കാനും സഹായിക്കും. വിവിധ തരത്തിലുള്ള ചർമ്മങ്ങളിൽ മുട്ടയുടെ വെള്ളയും മഞ്ഞയും അത്ഭുതങ്ങൾ തന്നെ സൃഷ്ടിക്കും.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരു ഇല്ലാതാക്കാൻ മുട്ട കൊണ്ടൊരു ചികിത്സയുണ്ട്. ഒരു മുട്ടയുടെ വെള്ളയും നാരങ്ങാ നീരും ചേർത്ത് അതിൽ അൽപം തേൻ ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിട്ട് 15 മിനിട്ടിന് ശേഷം കഴുകിക്കളയുക. ഇത് ആഴ്ചയിൽ രണ്ട് ദിവസം ആവർത്തിക്കുക. മുഖക്കുരുവിന് പരിഹാരമുണ്ടാകും.

മുഖത്തിന് മൃദുത്വം നൽകാൻ
മുഖത്തിന് മൃദുത്വം നൽകാൻ മുട്ടയുടെ മഞ്ഞക്കരു ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ബദാം എണ്ണയും ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ചൂടുവെള്ളത്തിൽ മുഖം കഴുകിയാൽ മുഖം മൃദുലമാകും.

ചർമ്മം സുന്ദരമാകാൻ
മുട്ടയുടെ വെള്ളക്കരുവിലേക്ക് ഓട്സും തേനും ചേർത്ത് കുഴമ്പു രൂപത്തിലാക്കിയ ശേഷം മുഖത്തു തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും.

ചർമ്മ സംരക്ഷണത്തിന്
ഒരു മുട്ടയുടെ വെള്ളയോ മഞ്ഞക്കരുവോ തൈരിൽ ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതോടൊപ്പം ചർമ്മത്തിന്റെ ഇലാസ്തികതയും വർദ്ധിപ്പിക്കും.

എണ്ണമയമുള്ള ചർമ്മത്തിന്
എണ്ണമയമുള്ള ചർമ്മത്തിന് മുട്ടയും പാലും ചേർത്ത് മുഖത്തു പുരട്ടുക. അൽപസമയത്തിന് ശേഷം കഴുകിക്കളഞ്ഞാൽ എണ്ണമയമുള്ള ചർമ്മത്തിന് ഗുണകരമായിരിക്കും.

മികച്ച ക്ലെൻസർ
മുട്ടയുടെ വെള്ള നല്ലൊരു ക്ലെൻസറാണ്. മുട്ട മുഖത്തിന് ഒരു ഉണർവ് നൽകാൻ സഹായിക്കും. പച്ചമുട്ട പൊട്ടിച്ച് മാസ്‌ക് പോലെ മുഖത്തിലും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ശാന്തമായിരുന്ന് ഇരുപത് മിനിട്ട് വിശ്രമിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുട്ട സുഷിരങ്ങളെ മുറുക്കുകയും ചർമ്മത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും.

ചർമ്മത്തെ പുഷ്ടിപ്പെടുത്താൻ
ചർമ്മത്തിന് പോഷകവും ജലാംശവും നൽകാൻ സഹായിക്കുന്ന ഈ മുഖലേപനം വരണ്ട ചർമ്മമുള്ളവർക്ക് വളരെ ഫലപ്രദമായിരിക്കും.അവക്കാഡോ നന്നായി ചതച്ച് അരച്ചതിൽ മുട്ടയുടെ വെള്ള അല്ലെങ്കിൽ മഞ്ഞയും തൈരും ചേർത്ത് നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക.

മുടിയിൽ മാജിക്
ഷാംപു ഉപയോഗിക്കുന്നതിന് അര മണിക്കൂർ മുമ്പ് മുട്ട തലയിൽ തേയ്ക്കുക. മുടിയുടെ അഴുക്ക് മാറ്റി വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ പ്രദാനം ചെയ്യും. മുട്ടയുടെ ഗന്ധം മാറാൻ നല്ലൊരു കണ്ടീഷണർ ക്രീം ഉപയോഗിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EGG, EGG MAGIC, BEAUTY PARLOUR, BEAUTY TIPS, HAIR LOSS, SKIN CARE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY