SignIn
Kerala Kaumudi Online
Friday, 29 March 2024 6.39 PM IST

കൊയ്യണം വേനൽജലം

water

ഇന്ന് ലോക ഭൗമ ദിനം

.................................................

നിരവധി നദികളാൽ അനുഗൃഹീതമായ നമ്മുടെ കേരളം പോലും കാലാവസ്ഥ വ്യതിയാനത്തിന്‌ വിധേയമാകുകയാണ്‌. തെക്കൻ കേരളത്തിൽ വേനൽ മഴ നാശനഷ്‌ടം വിതയ്‌ക്കുമ്പോൾ വടക്കൻ കേരളം വരണ്ടുണങ്ങുന്നു. ഏപ്രിൽ - മെയ്‌ മാസത്തിലെ കടുത്ത വരൾച്ച കഴിഞ്ഞ്‌ നേരെ ചെന്നു കയറുന്നത്‌ ജൂണിലെ പ്രളയകാലത്തേക്കാണ്‌. തുടർച്ചയായി രണ്ടു വർഷത്തെ മഹാപ്രളയം നമ്മെ അത്തരം പല തിരിച്ചറിവുകളിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. കേട്ടുകേൾവി പോലുമില്ലാത്ത ചുഴലിക്കാറ്റുകളും സർവനാശം വിതയ്‌ക്കുന്ന പ്രളയകാലവുമെല്ലാം നാം കാണുകയാണ്‌. അതേസമയം നാം കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ നേരിടാൻ സജ്ജരായിട്ടുമില്ല.
കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ കേവലം രണ്ടുവർഷം മാത്രമാണ്‌ വേനൽ മഴ ചതിച്ചത്‌. വേനൽ മഴ മുടങ്ങാതെ ലഭിക്കാറുണ്ട്‌. അതുകൊണ്ടു തന്നെ വരൾച്ചയെക്കുറിച്ച്‌ നാം ഗൗരവമായി ചിന്തിക്കുന്നില്ല. ഓരോ വർഷവും വരൾച്ച വർദ്ധിക്കുകയാണെന്ന സത്യവും മനസിലാക്കണം. വേനൽക്കാലത്ത്‌ അനുവർത്തിക്കേണ്ട ചില മാതൃകകൾ ശീലിച്ചാൽ കേരളം വരൾച്ചയിൽ നിന്നും രക്ഷപ്പെടുമെന്ന്‌ ഉറപ്പാണ്‌.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിൽ കൃത്യമായി പറഞ്ഞാൽ ഭൂമിയിലെ മൊത്തം ജലത്തിന്റെ ഏതാണ്ട് 0.03 ശതമാനം മാത്രമാണ് ഉപരിതലത്തിലും മറ്റുമായുള്ള ശുദ്ധജലം. അതിൽത്തന്നെ ഏതാണ്ട് അരശതമാനം മാത്രമാണ്‌ ശുദ്ധജലം. നേരിട്ടോ അല്ലാതെയോ മനുഷ്യരെല്ലാം ഉപയോഗിക്കുന്നത് ഈ ജലം മാത്രമാണ്‌. ജലധൂർത്ത് ഒഴിവാക്കി ഒരു മാതൃകാ സമൂഹമായി എങ്ങനെ മാറാം എന്നതാകണം നമ്മുടെ ചിന്ത. അല്ലാത്ത പക്ഷം വരാനിരിക്കുന്ന അതിവരൾച്ചയെ നേരിടാൻ ഇപ്പോഴേ തയ്യാറാകണം.


വാട്ടർ മാനേജ്‌മെന്റ്‌
യഥാർത്ഥത്തിൽ വാട്ടർ മാനേജ്‌മെന്റ്‌ എന്ന ആശയത്തിന്‌ നമ്മുടെ നാട്ടിൽ വേണ്ടത്ര പ്രചാരമില്ല. ലഭ്യമായ ജലത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് വാട്ടർ മാനേജ്‌മെന്റ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഈ ആശയം പറയുന്നതിലും പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിലും നാം തികഞ്ഞ പരാജയമാണ്.
നമ്മുടെ വീടുകളിൽ ഇത്തിരി വെള്ളം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ്‌ പ്രധാനം. അനാവശ്യമായി ടോയ്‌ലറ്റ് ഫ്‌ളഷ് ഔട്ട് ചെയ്യുന്നത് നിറുത്തിയാൽത്തന്നെ ദിവസം എത്ര വെള്ളം ലാഭിക്കാം. വസ്ത്രങ്ങൾ അലക്കുമ്പോഴും പല്ല് തേക്കുമ്പോഴും ഷേവിങ് സമയത്തും അനാവശ്യമായി ടാപ്പ് തുറന്നിടുന്നത് ഒഴിവാക്കുക.
മഴവെള്ളത്തിന്റെ സിംഹഭാഗവും സംഭരിക്കാതെ നഷ്ടപ്പെടുന്നുണ്ട്‌. ഭൂഗർഭ ജലത്തിൽ താഴ്ച വരാനുള്ള കാരണവും ഇത് തന്നെയാണ്. ലഭ്യമായിരുന്ന മഴവെള്ളത്തിൽ 25 ശതമാനം മുതൽ കുറവുണ്ടായതിന് പുറമെ കേരളം നേരിടുന്ന അതിപ്രധാന വെല്ലുവിളി വരൾച്ച തന്നെയാണ്. വനവത്‌കരണം തന്നെയാണ് ജലസംരക്ഷണത്തിന്റെ കാതൽ. അതോടൊപ്പം മഴവെള്ളം മണ്ണിലേക്കിറങ്ങി ലഭിക്കുന്ന ജലത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്താൻ സാധിക്കണം. കുന്നുകളും മലകളും വയലേലകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനും അതുമുഖേന കൂടുതൽ ജലം മണ്ണിലേക്ക്‌ ഇറക്കാനും കഴിയണം. തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കിയ വറ്റാത്ത ഉറവയ്‌ക്കായി ജലസമൃദ്ധി പദ്ധതി തന്നെ അതിന്‌ ഉദാഹരണമാണ്‌. സമൂഹത്തിലെ മുഴുവൻ പേരെയും അണിനിരത്തി ജനകീയ പദ്ധതിയായി വിജയിപ്പിക്കാൻ കഴിഞ്ഞു. അതു മാത്രമല്ല ജലസംരക്ഷത്തിന്റെ പ്രാഥമിക പാഠങ്ങൾ സ്‌കൂൾ കുട്ടികൾക്കു വരെ പകർന്നു നൽകാനും കഴിഞ്ഞിട്ടുണ്ട്‌.


ജലസമൃദ്ധി പദ്ധതി
2016ലെ പരിസ്ഥിതിദിനത്തിൽ കാട്ടാക്കട മണ്ഡലത്തിൽ തുടക്കമിട്ടതാണ്‌ വറ്റാത്ത ഉറവയ്‌ക്കായി ‘ജലസമൃദ്ധി’ പദ്ധതി. ഐക്യരാഷ്‌ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിൽ ‘ജലസമൃദ്ധി’ പദ്ധതി ചർച്ചയാക്കി. രാജ്യത്ത്‌ ഭൂഗർഭ ജലനിരപ്പ്‌ ഏറ്റവും ഉയർന്ന മണ്ഡലമായി കാട്ടാക്കടയെ മാറ്റിയത്‌ ഈ ജനകീയ പദ്ധതിയാണ്‌. എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കാനും കഴിഞ്ഞു.
മണ്ഡലത്തിലെ 68 സ്‌കൂളിലും ജലക്ലബ്ബുകൾ രൂപീകരിച്ച് ജലസാക്ഷരതാ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു‌. സ്‌കൂളുകളിൽ‌ കിണർ സംപോഷണ പദ്ധതി നടപ്പായി. 35 സർക്കാർ ഓഫീസിലേക്കും അങ്കണവാടികളിലേക്കും വീടുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഉയർന്ന പ്രദേശങ്ങളിൽ അഞ്ച് കുടിവെള്ള പദ്ധതി നടപ്പാക്കി. 15 എണ്ണംകൂടി ഉ‍‌ടൻ സജ്ജമാകുന്നുണ്ട്‌. വൃക്ഷത്തൈ നടീലും പച്ചക്കറി തോട്ട നിർമാണവും മാലിന്യ സംസ്‌കരണ പ്രവർത്തനവും തുടർച്ചയായി നടത്തിയാണ്‌ ജനപിന്തുണ ഉറപ്പിച്ചത്‌. ഭൂജലനിരപ്പ്‌ സംരക്ഷിക്കാനായി 122 വാർഡിൽ മൂന്നുവർഷത്തിൽ 327 കുളം പണി തീർത്തു. 46 എണ്ണം നവീകരിച്ചു. ഓടയിലെ മഴവെള്ളം മണ്ണിലേക്കിറക്കി. പാറ ക്വാറികളിലെ വെള്ളം പോലും ശുദ്ധിയാക്കിയെടുക്കാൻ ജനങ്ങൾ സഹകരിച്ചു. മണ്ഡലത്തിലെ മുഴുവൻ തരിശ്‌ ഭൂമിയും കൃഷിയിടമായി. കരനെൽ കൃഷിയും വ്യാപിപ്പിച്ചു. മാത്രമല്ല കാട്ടാൽ എന്ന പേരിൽ ജൈവ അരി വിപണിയിൽ എത്തുകയാണ്‌. പൊതുജനസേവന രംഗത്ത്‌ നൂതനാവിഷ്‌കാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം പദ്ധതിക്കു ലഭിച്ചു. കഴിഞ്ഞ ബജറ്റ്‌ പ്രസംഗത്തിലും ജലസമൃദ്ധി സ്ഥാനം പിടിച്ചു. വിവിധ ‌രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും പഠനസംഘങ്ങൾ കാട്ടാക്കട ജലസമൃദ്ധി പദ്ധതി മാതൃകയാക്കാനും പഠിക്കാനും എത്തിച്ചേരുന്നു.
(ലേഖകന്റെ ഫോൺ 9446558430)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.