SignIn
Kerala Kaumudi Online
Saturday, 20 April 2024 6.19 AM IST

കൊവിഡും പോരാത്തതിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും കേസ് അന്വേഷണങ്ങൾ വഴിമുട്ടി

crime

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പിന്നാലെ കർഫ്യൂ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ ചുമതലകൾ കൂടി പൊലീസിന്റെ ചുമലിലായതോടെ കേസ് അന്വേഷണങ്ങളെല്ലാം വഴിമുട്ടി. കൊലപാതകം,​ സ്വത്ത് തട്ടിപ്പ്,​ മിസിംഗ് കേസുകൾ ,​ കള്ളക്കടത്ത് തുടങ്ങി പൊലീസ് സ്റ്റേഷനുകളിലും ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിലും അന്വേഷണത്തിലിരുന്ന കേസുകൾക്കാണ് മാസങ്ങളായി അനക്കമില്ലാതായത്.

കേസുകൾ കൂടി

ലോക്ക് ഡൗൺ സമയത്ത് കുറ്റകൃത്യങ്ങൾ നന്നേ കുറവായിരുന്നെങ്കിലും അൺലോക്കോടെ അടിപിടി,​ അക്രമം,​ കൊലപാതകം,​ കവർച്ച തുടങ്ങിയ കേസുകൾ കൂടുന്ന സാഹചര്യമാണുണ്ടായത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും പിമ്പുമുണ്ടായ അക്രമ സംഭവങ്ങൾ,​ പിന്നാലെ രാഷ്ട്രീയവും അല്ലാതെയുള്ള കാരണങ്ങളാലും സംഭവിച്ച കൊലപാതകങ്ങൾ എന്നിവ ക്രമസമാധാന പാലനത്തിന് ഭീഷണിയായിരിക്കെയാണ് കർഫ്യൂ ഉൾപ്പെടെയുള്ള അധിക ചുമതലകൾ കൂടി പൊലീസിന്റെ ചുമലിലായത്.

അന്വേഷണം പാതിവഴിയിൽ

ഓഫീസർമാരുൾപ്പെടെ സേനാംഗങ്ങളധികവും പുതിയ ചുമതലകൾക്കായി നിയോഗിക്കപ്പെട്ടതോടെ പല കേസുകളുടെയും അന്വേഷണവും തെളിവെടുപ്പുമാണ് ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ പാതിവഴിയിലായത്. വാഹന അപകടകേസുകളും അടിപിടിയും അക്രമവും ക്രൈം കേസുകളും തുടങ്ങിയവയുടെ അന്വേഷണം കഴിഞ്ഞ കുറച്ച് മാസങ്ങളായി പേരിന് മാത്രമാണുള്ളത്.

കൊവിഡ് തിരക്കുകളിലായതിനാൽ ഓഫീസർമാർക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയം തികയാത്തത് മുതലെടുത്ത് പൊലീസുകാർ അന്വേഷണം ഉഴപ്പുന്നതാണ് മറ്റൊരുപ്രശ്നം. പ്രതികൾ മുങ്ങി നടക്കുന്ന കേസുകളിൽ കുറ്റപത്ര സമർപ്പണവും നടക്കുന്നില്ല. ക്രൈംബ്രാഞ്ച് പോലുള്ള സ്പെഷ്യൽ ടീമുകളെ ഏല്പിച്ച കേസുകളും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. ജില്ലാ ക്രൈംബ്രാ‍ഞ്ച്,​ സംസ്ഥാന ക്രൈംബ്രാഞ്ച് വിഭാഗങ്ങളിൽ അന്വേഷിച്ചിരുന്ന കേസുകളും കൊവിഡ് വ്യാപനത്തോടെ ഫയലുകൾ പൊടിപിടിച്ച അവസ്ഥയിലാണ്.

വഴിമുട്ടിയ കേസുകൾ

 തിരുവനന്തപുരം ജില്ലയിൽ മാസങ്ങൾക്ക് മുമ്പുണ്ടായതും വിവാദമായതുമായ അരഡസനിലധികം കേസുകളുടെ അന്വേഷണത്തെയാണ് കൊവിഡ് തടസ്സപ്പെടുത്തിയത്.

വർക്കല അയിരൂരിൽ രാജേഷിന്റെ കൊലപാതകം,​ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾക്ക് തീവച്ച സംഭവം,​ ഗംഗേശാനന്ദസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിന്റെ പുനരന്വേഷണം എന്നിവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിൽ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിച്ചിരുന്ന കേസുകൾ. ഈ കേസുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന സി.ഐ വരെയുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പെടെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ആഴ്ചകൾ നീണ്ട ഡ്യൂട്ടിയും ക്വാറന്റൈനും ഇപ്പോഴും തുടരുന്നതിനാൽ ഇവരാരും പിന്നീട് ഓഫീസിന്റെ പടി ചവിട്ടിയിട്ടില്ല.

കൂടത്തിൽ സ്വത്ത് തട്ടിപ്പ് കേസ്

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളും സ്വത്ത് തട്ടിപ്പുമാണ് മറ്രൊരു പ്രധാനപ്പെട്ട കേസ്. ഒരുവർഷത്തിലധികമായി സിറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കൊലപാതകക്കുറ്റം ചുമത്തിയതോടെ കേസിന് ജീവൻ വച്ച് തുടങ്ങിയതായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെ കേസ് പാതിവഴിയിലായി. കൊവിഡ് ചുമതലകൾക്ക് പിന്നാലെ തിരുവനന്തപുരം ട്രഷറിയിലെ ബിജുലാലിന്റെ തട്ടിപ്പുകളുടെ അന്വേഷണവും സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സ്പെഷ്യൽ സെൽ എസ്.പിയെ സഹായിക്കാനും സിറ്റി ക്രൈംബ്രാഞ്ചിനെ നിയോഗിച്ചതോടെ കൂടത്തിൽ കേസ് അന്വേഷണം ശരിക്കും നിലച്ചുവെന്നതാണ് വാസ്തവം. പൊലീസിലെ ചില ഉന്നതർക്കും രാഷ്ട്രീയക്കാർക്കും പങ്കുള്ള കേസാണത്.

ജർമ്മൻ യുവതിയെ കാണാതായത്

തിരുവനന്തപുരത്തെത്തിയ ജർമ്മൻ യുവതി ലിസ വെയ്സിനെ കാണാതായതാണ് സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരുന്ന മറ്റൊരു കേസ്. കഴിഞ്ഞ മാർച്ചിൽ കേരളത്തിലെത്തിയ യുവതിയെപ്പറ്റി യാതൊരു സൂചനയുമില്ലാതിരിക്കെ ഈ കേസിന് തുമ്പുണ്ടാക്കാനുള്ള അന്വേഷണവും വഴിമുട്ടിയ സ്ഥിതിയാണ്.

മോഹന്റെ തിരോധാനം

തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ച സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനായ ആര്യനാട് കുളപ്പട സുവർണനഗർ ഏഥൻസിൽ മോഹന്റെ തിരോധാനമാണ് കൊവിഡ് മുടക്കിയ മറ്റൊരുകേസ്. ബാങ്കിൽ നിന്ന് പണയ സ്വർണവുമായി മടങ്ങുന്നതിനിടെ പട്ടാപ്പകൽ മോഹനനെ പേരൂർക്കട- നെടുമങ്ങാട് റോ‌ഡിൽ നിന്ന് കാണാതാകുകയായിരുന്നു. മോഹനന്റെ വാഹനമോ മൊബൈൽ ഫോണോ ഒന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽപോലും കണ്ടെത്താൻ കഴിയാത്തതിനാൽ ഇയാൾക്ക് എന്തുസംഭവിച്ചുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലാതിരിക്കെയാണ് അന്വേഷണവും വഴിമുട്ടിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ റൂറൽ പൊലീസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രമോദ് കുമാറിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കേസ് ഫയലുകൾ ഓഫീസിലെത്തിയതിന് പിന്നാലെ ഡിവൈ.എസ്.പിയെ കൊവിഡ് പ്രതിരോധ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചതാണ് മോഹനന്റെ തിരോധാനത്തിലും അന്വേഷണത്തിന്റെ വഴിയടച്ചത്.

പരാതികൾ അന്വേഷിക്കുന്നതിനും പട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനുമെല്ലാം

കൊവിഡ് പ്രതിരോധ ചുമതലകൾ പൊലീസിനെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നതാണ് വാസ്തവം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.