SignIn
Kerala Kaumudi Online
Wednesday, 19 May 2021 9.02 AM IST

മുരിങ്ങ മുത്താണ് !!

drumstick

വേനൽക്കാലത്താണ് മുരിങ്ങമരം അതിന്റെ തനി സ്വഭാവം കാണിക്കുന്നത്. ഇലപോലും കാണാത്ത വിധം കായ്കൊണ്ട് 'അഭിഷേകം' ചെയ്തുകളയും! പ്രത്യേക പരിചരണമോ വളമോ വേണ്ടാത്ത മുരിങ്ങമരത്തിന് വെള്ളം പോലും ആവശ്യമില്ലെന്നതാണ് വസ്തുത. എന്നുകരുതി,​ വെള്ളമൊഴിച്ച് ഓമനിച്ചു വളർത്തുന്ന മുരിങ്ങ ചിലപ്പോൾ കായ്‌ക്കണമെന്നില്ല.

മുരിങ്ങയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഭക്ഷണമായോ ഔഷധമായോ ഉപയോഗിക്കാവുന്നതാണ്. വിഷഹര സ്വഭാവം
കാര്യമായുള്ള മുരിങ്ങ പലവിധത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്.

കമ്പ് മുറിച്ചുനട്ടും വിത്ത് ഉണക്കി മുളപ്പിച്ചും മുരിങ്ങ പൊടിപ്പിച്ചെടുക്കാവുന്നതാണ്. കമ്പ് മുറിച്ച് നടുന്നതിനെക്കാൾ വേഗത്തിൽ കായ്ക്കുന്നത് മുരിങ്ങക്കുരു നട്ടു പൊടിപ്പിക്കുന്നവയാണ്.

15 അടി ഉയരത്തിൽ എത്തിയാൽ ശിഖരങ്ങൾ മുറിച്ച് നിർത്തുന്നതാണ് നല്ലത്. കൂടുതൽ ഉയരത്തിൽ വളരുന്നവയ്ക്ക് കായ്ഫലം കുറയും. മുരിങ്ങയുടെ പല ഭാഗങ്ങൾ പലവിധ സംസ്കരണത്തിന് വിധേയമാക്കിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ മാർക്കറ്റിൽ സുലഭമാണ്.

ധാരാളം വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ടെങ്കിലും മുരിങ്ങയിലയിലുള്ള വൈറ്റമിൻ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായകമാണ്. കുട്ടികളിലെ വിരശല്യം ഒഴിവാക്കാനും ശരീര പോഷണത്തിനും കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും ശരീരബലം നൽകാനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും രക്തശുദ്ധി വരുത്തുന്നതിനും സഹായിക്കുന്ന രുചികരമായ ഭക്ഷണമാണ് മുരിങ്ങയില. കിണറ്റിൻ കരയിൽ മുരിങ്ങ നട്ട് കിണർവെള്ളം ശുദ്ധമാക്കാമെന്ന കാര്യം കേരളീയർക്ക് പണ്ടേ പരിചിതമാണ്.

ചില കറികൾ താളിക്കാൻ മുരിങ്ങയില ഉപയോഗിക്കുന്നവരുണ്ട്. മറ്റെന്തിനേക്കാളും മികച്ച തോരൻ ഉണ്ടാക്കുന്നതിന് മുരിങ്ങപ്പൂവും മുരിങ്ങയിലയും ഉപയോഗിക്കാം.

മുരിങ്ങക്കായ എത്ര വില കൂടിയ സമയത്തും സദ്യയുണ്ടാക്കാൻ സാമ്പാറിലും അവിയലിലും ചേർത്തില്ലെങ്കിൽ ഒരു കുറവായി കാണുന്നവർ കുറവല്ല. മീൻകറിയിൽ മുരിങ്ങയ്ക്കാ ചേർക്കുന്നതും രുചികരമാണ്.

ഇളം മുരിങ്ങയ്ക്കയേക്കാൾ സൂപ്പറാണ് അൽപ്പം മുറ്റിയ മുരിങ്ങക്കായുടെ കുരു കൊണ്ടുള്ള തോരൻ. നാരുകളാൽ ഏറെ സമ്പുഷ്ടമായ മുരിങ്ങക്കായും മുരിങ്ങയിലയും മുരിങ്ങപ്പൂവും മലയാളികൾ ഉപയോഗിക്കുന്നത് അതിന്റെ ഔഷധഗുണം കൂടി തിരിച്ചറിഞ്ഞിട്ട് തന്നെയാണ്.

മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുരട്ടിയാൽ സന്ധികളിലുള്ള നീരും വേദനയും മാറും. തളിരിലയുടെ നീര് തേൻ ചേർത്ത് കണ്ണിൽ ഇറ്റിക്കുന്നത് നേത്രരോഗങ്ങൾ ശമിപ്പിക്കും. പെട്ടെന്നുണ്ടാകുന്ന ബോധക്കേട് പരിഹരിക്കാൻ ഉണങ്ങിയ മുരിങ്ങക്കുരുവിന്റെ ചൂർണ്ണം മൂക്കിലൂടെ ഉപയോഗിക്കുന്ന രീതിയും ആയുർവേദം അനുശാസിക്കുന്നു.

ചില ആയുർവേദ ഔഷധ യോഗങ്ങൾ മൊരി കളഞ്ഞ മുരിങ്ങപ്പട്ടയുടെനീരിൽ അരച്ചുപുരട്ടുന്നത് വീക്കവും വേദനയും കുറയാൻ കൂടുതൽ ഫലപ്രദമാണ്. മുരിങ്ങ വേരിൻമേലുള്ള തൊലിയും ഇതുപോലെ ഉപയോഗിക്കാറുണ്ട്.

മലബന്ധമുള്ളവർ കുറച്ചു മുരിങ്ങയില തോരൻവച്ചു കഴിച്ചാൽ കാര്യങ്ങൾ സുഗമമാകും. അങ്ങനെ വിലകൂടിയതും പലപ്പോഴും പാർശ്വഫലങ്ങളുള്ളതുമായ മരുന്നുകൾക്ക് പിറകെ പോകേണ്ടി വരില്ല.

കൊളസ്ട്രോൾ കുറയ്ക്കാനും മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കാനും മുരിങ്ങയില നല്ലതാണ്. മുരിങ്ങയില ഉണക്കി പൊടിച്ച് തേയിലയ്ക്ക് പകരമുപയോഗിച്ച് ചായയിട്ട് കുടിച്ചാൽ ശരീരവേദന കുറയും.
അസ്ഥികൾക്കും പല്ലുകൾക്കും ദൃഢത ലഭിക്കുമെന്നതിനാൽ ഗർഭിണികൾ മുരിങ്ങയില ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും കുറയ്ക്കുന്ന വിധം നാരുകളും അമിനോ ആസിഡുകളും ഇലകളിലുള്ളതിനാൽ പ്രമേഹരോഗികളും രക്തസമ്മർദ്ദമുള്ള വരും മുരിങ്ങയില കഴിക്കണം. ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനും വിളർച്ച മാറ്റുന്നതിനും ശരീരബലം വർദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും മുരിങ്ങയ്ക്ക ഫലപ്രദമാണ്.

എന്നാൽ, കർക്കടക മാസത്തിൽ മുരിങ്ങിയില പൊതുവെ ഉപയോഗിക്കാറില്ല. മറ്റ് ഇലകൾ ഇക്കാലത്ത് ഉപയോഗിക്കാറുണ്ടെങ്കിലും മുരിങ്ങയിലയെ ഒഴിവാ

ക്കുകയാണ് പതിവ്. എന്നാൽ,​ ഇതിന്റെ ശാസ്ത്രീയ വശം ഇനിയും വൃക്തമായിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, DRUMSTICK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.