SignIn
Kerala Kaumudi Online
Saturday, 20 April 2024 11.57 AM IST

പാർട്ടിയുമായി എനിക്കൊരു തർക്കവുമില്ല: ജി. സുധാകരൻ

kerala

തിരുവനന്തപുരം: പാർട്ടിയുമായി തനിക്കൊരു തർക്കവും ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.

" എല്ലാക്കാലത്തും പാർട്ടിയുടെ ഒൗദ്യോഗിക നയത്തിൽ അടിയുറച്ചു നിന്ന്, അതിനായി പോരാടി ആലപ്പുഴയിലെ പാർട്ടിയെ ഏകോപ്പിച്ചയാളാണ് ഞാൻ . പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും എല്ലാം പാർട്ടിയുടെ നയം ഉയർത്തിപ്പിടിച്ച് ആലപ്പുഴയെ സംസ്ഥാന കമ്മിറ്റി ലൈനിൽ നിർത്തി വിജയിപ്പിച്ച ആളാണ്. ഇപ്പോഴത്തെ വിവാദങ്ങൾക്കു പിന്നിൽ പാർട്ടിയിലെ വിഭാഗീയതയല്ല. ആലപ്പുഴയിൽ ഒരു വിഭാഗീയതയോ ചേരിതിരിവോ ഇല്ല. എന്നാൽ, പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളിലെ ചിലർ ഒരുമിച്ചു ചേർന്നിട്ടുണ്ട്. രാഷ്ട്രീയ ക്രിമിനലുകളാണവർ. എനിക്കെതിരെയാണ് അവരുടെ ആക്രമണം. ഞാൻ എടുത്ത നിലപാട് ദുർബ്ബലമാക്കിയാൽ അത് പാർട്ടിയെ ആത്യന്തികമായി ബാധിക്കുമല്ലോ." കൗമുദി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടിയാണ് ചുവടെ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

സജീവമായിരുന്നു

ഞാൻ പങ്കെടുത്തില്ലെങ്കിൽ ആലപ്പുഴയിൽ പിന്നെ ആരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത്. പാർട്ടിക്കായി പ്രചാരണത്തിന് നേതൃത്വം നൽകിയ ആളാണ് ഞാൻ. അതിന്റെ കണക്ക് ആരെയും ബോധിപ്പിക്കേണ്ടതില്ല. പാർട്ടിക്ക് നല്ല ബോദ്ധ്യമുണ്ട്. സംസ്ഥാനത്തൊട്ടാകെ ഒരാഴ്ച പ്രചാരണത്തിന് പോകാൻ എ.കെ.ജി സെന്ററിൽ നിന്ന് പറഞ്ഞപ്പോൾ ആലപ്പുഴയിൽ നിൽക്കാൻ അത് ഞാൻ അഞ്ച് ദിവസമായി കുറയ്ക്കുകയായിരുന്നു. ആലപ്പുഴയിൽ ഇടതുമുന്നണിക്ക് ജയിക്കാൻ അനുകൂല സാഹചര്യമാണുള്ളത്. നല്ല വിജയം നേടും.

പാർട്ടിക്കെതിരെ ഒരു സഖാവും

പ്രവർത്തിച്ചിട്ടില്ല

പാർട്ടിക്കെതിരെ ഒരു സഖാവും ജില്ലയിൽ പ്രവർത്തിച്ചിട്ടില്ല. അങ്ങനെ പ്രവർത്തിച്ച കാലമുണ്ടായിരുന്നു. വി.എസിനെ മാരാരിക്കുളത്ത് തോൽപ്പിച്ചിട്ടില്ലേ... എന്നെ കായംകുളത്ത് തോൽപ്പിച്ചിട്ടില്ലേ...പാർട്ടി അതൊക്കെ കണ്ടുപിടിച്ച് നടപടിയും സ്വീകരിച്ചിട്ടുണ്ട്. പാർട്ടിക്കായി ചരിത്രപരമായി പോരാടി പാർട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെട്ടവർക്കേ ഇതൊക്കെ തുറന്നു പറയാൻ പറ്റൂ... എല്ലാം സോഷ്യലിസമാണെന്നു പറഞ്ഞുകൊണ്ടിരിക്കാൻ ആത്മാർത്ഥതയുള്ളവർക്കു പറ്റില്ല. പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടികളിലും നുഴഞ്ഞു കയറാൻ ശ്രമിക്കുമെന്ന് പാർട്ടി കോൺഗ്രസ് നയരേഖയിൽ പറഞ്ഞിട്ടുണ്ട്.

ആരിഫ് പാർട്ടി

വക്താവല്ല

ആരിഫിനെ വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതലേ അറിയാം. അന്നേ അടുപ്പമുണ്ട്. ജില്ലാ കമ്മിറ്റി അംഗവും എം.പിയുമാണിപ്പോൾ. അല്ലാതെ പാർട്ടി വക്താവല്ല. അദ്ദേഹം പറയുന്നതൊക്കെ എനിക്കെതിരെയാണെന്ന് മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ ഞാൻ മറുപടി പറയില്ല. അദ്ദേഹത്തോടു തന്നെ ചോദിക്കണം അദ്ദേഹം നിയമസഭയിലേക്കും പാർലമെന്റിലേക്കുമൊക്കെ മത്സരിക്കുമ്പോൾ മുന്നിൽ നിന്ന് പ്രവർത്തിച്ചയാളാണ് ഞാൻ. ആരിഫിനെതിരെ ഞാൻ പറയുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.

പാർട്ടിക്കെതിരെ എന്റെ വായിൽ നിന്ന് ഇന്നേവരെ ഒരു വാക്കുപോലും വീണിട്ടില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല. പാർട്ടി പ്രത്യയശാസ്ത്രത്തെക്കുറിച്ച് എനിക്ക് നന്നായിട്ടറിയാം. ചില നേതാക്കളുടെ വായിൽ നിന്ന് പോലും അബദ്ധം വീണിട്ടുണ്ട്.

പോസ്റ്റർ കീറിയത്

വലിയ തെറ്റ്

അമ്പലപ്പുഴയിലെ പാർട്ടി സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയത് ചെറിയ തെറ്റല്ല. കീറിയത് ആരാണെന്ന് അറിയില്ല. എന്റെ പടം അതിൽ ഉണ്ടോയെന്നത് വിഷയമല്ല. സ്ഥാനാർത്ഥിയുടെ പടമുള്ള പോസ്റ്റർ ആരെങ്കിലും കീറുമോ? പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസം.

കുറുമുന്നണിയില്ല

ആലപ്പുഴയിൽ എനിക്കെതിരെ കുറുമുന്നണിയുള്ളതായി അറിയില്ല. പാർട്ടി ജില്ലാ നേതാക്കളിൽ ആരും പറ‌ഞ്ഞു കേട്ടിട്ടുമില്ല. സ്ഥാനാർത്ഥിയാകാത്തതിൽ എനിക്കൊരു നിരാശയുമില്ല. ഇക്കുറി മത്സരിക്കാനില്ലെന്ന് ഞാൻ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ആറുമാസം മുമ്പ് പടിയിറക്കം എന്ന പേരിൽ 'കേരളകൗമുദി" പ്രസിദ്ധീകരിച്ച കവിത ഒരർത്ഥത്തിൽ എന്റെ നിലപാട് തന്നെയായിരുന്നു.

ഭരണത്തുടർച്ച ഉണ്ടാകും .

പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ഭരണത്തുടർച്ച ലഭിക്കും. മുഖ്യമന്ത്രിയുടെ പിന്തുണയോടെ 140 മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം സജീവമായിരുന്നു. അതിൽ ചാരിതാർത്ഥ്യമുണ്ട്. പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലയും ഞാൻ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴയിൽ അതിനിയും നിർവഹിക്കും.

പ്രതിഭയുടെ പോസ്റ്റിനെക്കുറിച്ച്

അറിയില്ല

യു. പ്രതിഭയുടെ എഫ്.ബി പോസ്റ്റിനെക്കുറിച്ച് എനിക്കറിയില്ല. വ്യക്തിപരമായി എന്താണവർ ഉദ്ദേശിച്ചതെന്നും അറിയില്ല. പൊട്ടനും ചട്ടനുമെന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടത്. എനിക്കെതിരെയാണെന്ന് പ്രചരിപ്പിക്കുന്നവരോട് ഒന്നും പറയാനില്ല. എന്തായാലും ഞാൻ പൊട്ടനും ചട്ടനുമൊന്നുമല്ലല്ലോ...

(അഭിമുഖം ഇന്ന് വൈകിട്ട് 5 ന് കൗമുദി ടിവിയിൽ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, G SUDHAKARN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.