SignIn
Kerala Kaumudi Online
Friday, 07 May 2021 6.58 PM IST

പെട്ടിയും പാർട്ടിയും

ramachandran-pillai

ആയിരത്തി തൊളളായിരത്തി എൺപതുകളിൽ മലയാള സിനിമയിലെ നിത്യ കാഴ്‌ചയായിരുന്നു കുട്ടി പെട്ടി മമ്മൂട്ടി. അതിനു ശേഷം കണ്ട പെട്ടി ഹരിഹർനഗറിലെ ജോൺ ഹോനായിയുടെ പെട്ടിയാണ്. പിന്നീട് പെട്ടികൾ നിരനിരയായി കണ്ടു തുടങ്ങുന്നത് ഡൽഹിയിൽ റിപ്പോർട്ടറായി എത്തിയ ശേഷമാണ്. സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസിന് മുന്നിൽ മൈക്കും പിടിച്ച് നിന്നപ്പോഴൊക്കെയാണ് പെട്ടി വീണ്ടും കടന്നു വന്നത്‌.

എസ്.രാമചന്ദ്രൻപ്പിളള എന്ന നമ്മുടെ എസ്.ആർ.പി പെട്ടിയുമായി എ.കെ.ജി ഭവനിലേക്ക് വരുന്ന കാഴ്‌ച. ഇന്ത്യാവിഷൻ കാലം മുതൽ പെട്ടിയും തൂക്കി വരുന്ന എസ്.ആർ.പി ഒരു ദൃശ്യമായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ബൈറ്റ് എടുക്കാൻ കാത്ത് നിൽക്കവെ എല്ലാവരുടേയും സംസാരവിഷയം എസ്.ആർ.പിയെപ്പറ്റി ആയി.

' എന്താണ് ആ പെട്ടിക്കുളളിൽ?'

' ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും കറിയുമായിരിക്കും.'

' ഒന്നു പോടാ കേന്ദ്രകമ്മിറ്റി യുടെ ഫയലുകളായിരിക്കും.'

' വെറുതെ ഒരു ഗുമ്മിന് വേണ്ടി കൊണ്ട് നടക്കുന്നതായിരിക്കും.'

സീനിയറായ രാജീവേട്ടന്റെ അഭിപ്രായത്തിൽ 'രാവിലെ പത്ത് മണിക്ക് പെട്ടിയും തൂക്കി പുളളി വരും.വൈകുന്നേരം അഞ്ച് ആകുമ്പൊ പെട്ടിയും തൂക്കി തിരികെ പോകും. ഓഫീസ് ടൈമിംഗാണ്. നേതാക്കന്മാരൊക്കെ ഏതാണ്ട് ഈ സമയമാണ് പാലിക്കുന്നത്. പെട്ടിക്കുളളിൽ എന്താന്ന് ആർക്കും അറിയില്ല. ഇവിടത്തെ തൂപ്പുകാരും സെക്യൂരിറ്റിയുമൊക്കെ കരുതിയിരിക്കുന്നത് അവർ ജോലി ചെയ്യുന്നത് ഏതോ ബാങ്കിൽ ആണെന്നാണ്.'

അപ്പോൾ മുതലാണ് ആ പെട്ടിക്കുളളിൽ എന്തായിരിക്കുമെന്ന ചിന്ത കടന്നുകൂടിയത്. എങ്ങനെയെങ്കിലും അതിനുളളിൽ എന്താണെന്ന് കണ്ടുപിടിക്കണം.

നേരെ ഫോണെടുത്ത് പാർട്ടി ചാനലിന്റെ റിപ്പോർട്ടറെ വിളിച്ച് ചോദിച്ചു. കേട്ട പാടെ അവൻ പൊട്ടിചിരിച്ചു.

' നീ രാവിലെ വെളളമടിച്ചിട്ടുണ്ടാ ?പെട്ടിക്കുളളിൽ എന്താന്ന് അറിഞ്ഞിട്ട് നിനക്കെന്താ?'

'ഒന്നിന്നും വേണ്ടിയല്ല. ഒരു ആകാംഷ. '

സ്ഥിരം ഉപദേശിയായ അവന്റെ വക വീണ്ടും ഉപദേശം.

' ആകാംഷയാണ് ഒരു റിപ്പോർട്ടർക്ക് എപ്പോഴും വേണ്ടത്. പല വാർത്തകളും അറിയാനുളള ആകാംഷകളിൽ നിന്നാണ് ലഭിക്കുന്നത്.'

പോളിറ്റ്ബ്യൂറോ നടക്കുന്ന ദിവസമാണ്.

പതിവ് പോലെ ബൈറ്റുകൾക്കായി കാത്ത് നിൽക്കുന്നു. എസ്.ആർ.പി പെട്ടിയുമായി നടന്ന് വരുന്നു. ഞങ്ങൾ മൈക്കുകളുമായി അദേഹത്തിന്റെ അടുത്തേക്ക് ഓടി.

ചോദ്യങ്ങൾ ഓരോ റിപ്പോർട്ടർമാരും ചോദിക്കുന്നു.

ചിരിച്ചു കൊണ്ട് 'എല്ലാം പാർട്ടി ചർച്ച ചെയ്യും ' എന്ന അദേഹത്തിന്റെ സ്ഥിരം ബൈറ്റും.

എന്റെ ശ്രദ്ധ എസ്.ആർ.പിയുടെ പെട്ടിയിലേക്ക് നീങ്ങി. നടന്ന് നടന്ന് ഉത്തരം നൽകുന്നതിനിടെ ആരും ശ്രദ്ധിക്കാതെ ഞാൻ പെട്ടിക്ക് ഇട്ടൊരു തട്ട് തട്ടി. ശക്തമായ തട്ടേറ്റ് പെട്ടി താഴെ വീണു. തറയിൽ വീണ് പെട്ടി തുറക്കുമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷെ പെട്ടി പാർട്ടി രഹസ്യം പോലെ ശക്തമായിരുന്നു.

പിന്നീട് എസ്.ആർ.പി യെ കാണുന്നത് വി.പി ഹൗസിലെ ലിഫ്‌റ്റിൽ വച്ചാണ്. അപ്പോഴും പുളളിക്കാരൻ പെട്ടി മുറുകെ പിടിച്ചിട്ടുണ്ട്. ബംഗാളിലെ കോൺഗ്രസ് - സി.പി.എം ധാരണയെപ്പറ്റി ഒരു സിംഗിൾ ബൈറ്റ് ചോദിച്ചു. നാളെ പത്തരയ്ക്ക് ഓഫീസിലെത്താൻ പറഞ്ഞു.

പിറ്റേദിവസം പത്തരയ്‌ക്ക് തന്നെ കേന്ദ്രകമ്മിറ്റി ഓഫീസിലെത്തി. ഞാനും ക്യാമറമാനും എത്തിയ ശേഷമാണ് പെട്ടിയും പിടിച്ച് എസ്.ആർ.പി എത്തിയത്. പെട്ടി മേശപ്പുറത്ത് വച്ച ശേഷം അഞ്ച് മിനിറ്റെന്ന് പറഞ്ഞ് അദ്ദേഹം മുറിയ്‌ക്ക് പുറത്തേക്ക് പോയി. വീണ്ടും പെട്ടി തുറന്നു കിട്ടാനുളള എന്റെ ആകാംഷ ഇരട്ടിച്ചു.

മുറിക്ക് പുറത്തേക്ക് പതിയെ നോക്കിയ ശേഷം പെട്ടിയുടെ ലോക്കെടുക്കാനുളള ശ്രമം തുടങ്ങി. പല തവണ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. പെട്ടിയെടുത്ത് ചുമരിലേക്ക് ഒരടി അടിച്ചു. ക്യാമറമാൻ വായും പൊളിച്ച് എന്നെ നോക്കി നിന്നു!

ശ്രമങ്ങളെല്ലാം വിഫലമായി. അതീവ ദു:ഖിതനായി ബൈറ്റെടുത്ത് ഞാൻ മുറിക്കകത്ത് നിന്നിറങ്ങി.

ഒരു മുറിയിൽ കാരാട്ടും യെച്ചൂരിയും സംസാരിച്ച് ഇരിക്കുന്നു. എസ്.ആർ.പിയെക്കാൾ നല്ല ബന്ധം ഇരുവരും ആയുണ്ട്. പോയി സംസാരിച്ച് എസ്.ആർ.പിയുടെ പെട്ടിക്കുളളിൽ എന്താണെന്ന് ചോദിച്ചാലോ എന്ന് തോന്നി.

അപ്പോഴാണ് മറ്റൊരു ദൃശ്യം മനസിലേക്ക് ഓടിയെത്തിയത്.പതിവായി പെട്ടിയും തൂക്കി ഓഫീസിലേക്ക് വരികയും പോവുകയും ചെയ്യുന്ന യെച്ചൂരിയും കാരാട്ടും. പാർട്ടിക്ലാസ് പോലെ തല കുഴപ്പിക്കണ്ടയെന്ന് കരുതി ഞാനിറങ്ങി.

ഡൽഹിയിലെ തണുപ്പ് കാലം. ഫുൾകൈ ജാക്കറ്റും കൈയ്യിൽ ഗ്ലൗസുമിട്ട് ചിരിച്ചുകൊണ്ട് എസ്ആർപി എന്റെ മുന്നിലേക്ക് കടന്ന് വരുന്നു.ഞാൻ കാര്യമറിയാതെ അന്തംവിട്ട് നിൽക്കുന്നു. മുന്നിൽ വന്ന് നിൽക്കുന്ന എസ്ആർപി തന്റെ കൈയ്യിലെ പെട്ടി തുറന്ന് സംസാരിക്കുന്നു.

' മലപ്പുറം കത്തി, അമ്പും വില്ലും, മിഷ്യന്‍ഗണ്ണ്, ബോംബ് ഉണ്ടാക്കാനുള്ള സംവിധാനങ്ങളുണ്ട് ടൈം ബോംബ് മെറ്റീരിയൽസുണ്ട്. ഏത് വേണമെന്ന് അങ്ങ് പറഞ്ഞാ മതി.'

പെട്ടെന്നാണ് ഞാൻ സ്വപ്നത്തിൽ നിന്ന് ഞെട്ടിവിറച്ച് എഴുന്നേറ്റത്. എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ഫോൺകാൾ വരുന്നു.

' ഹലോ സാർ '

'കാസർകോഡ് പെരിയയിൽ 2 യൂത്ത് കോൺഗ്രസുകാരെ സിപിഎമ്മുകാർ വെട്ടി കൊന്നു. ഉമ്മൻചാണ്ടി രാത്രി ഫ്ലൈറ്റിൽ ഡൽഹിക്ക് വരുന്നുണ്ട്. നീ പോയി ബൈറ്റെടുത്ത് അയക്കണം.'

ഫോൺ കട്ടായ ശേഷം കുറേ നേരം ആലോചിച്ച് ഇരുന്നു. എഴുന്നേറ്റ് വെള്ളം കുടിച്ച ശേഷം ഉമ്മൻചാണ്ടി എത്ര മണിക്കെത്തുമെന്ന് കേരളഹൗസിൽ വിളിച്ച് അന്വേഷിച്ചു.

അർദ്ധരാത്രി കാറിലിരിക്കെ ചിന്ത മുഴുവനും കണ്ട സ്വപ്നവും കേട്ട വാർത്തയുമായിരുന്നു.

' ഏയ്... ഉന്നതതലത്തിൽ ഗൂഢാലോചനയുണ്ടെങ്കിലും കേന്ദ്രനേതാക്കൾക്ക് പങ്കൊന്നും കാണില്ല.'

' പിന്നെ ഇങ്ങനെയൊരു സ്വപ്നം ??? '

' അത് പെട്ടിയെപ്പറ്റിയുള്ള ആകാംഷകൊണ്ടാണ്. യാദൃശ്ചികമായി ആ വാർത്ത അതിനിടയിൽ വന്നു. അത്രയേ ഉള്ളൂ.'

' ജില്ല - സംസ്ഥാന നേതാക്കളെ പോലെയല്ല. കേന്ദ്രനേതാക്കൾ സദാസമയവും ചിരിച്ച് നടക്കുന്ന ബലം പിടിക്കാത്ത സാധുക്കളാണ്.'

പിന്നേയും ഒന്നു രണ്ട് ദിവസം പെട്ടി മാത്രമായിരുന്നു രാത്രിചിന്ത. ആ പെട്ടി തട്ടിപറിച്ച് ഓടിയാലോ എന്ന് മറ്റൊരു ചാനൽ സുഹൃത്ത് ചോദിച്ചു.

ഒരു ദിവസം തണുപ്പ് മൂടിയ പ്രഭാതത്തിൽ വിപി ഹൗസിലെ മരച്ചുവട്ടിന് കീഴെ എകെജി ഭവനിലേക്ക് പോകാനുള്ള വണ്ടിയും കാത്ത് പെട്ടിയും തൂക്കി എസ്ആർപി നിൽക്കുന്നു. പതിയെ പതിയെ ഞാൻ എസ്ആർപിക്ക് അടുത്തേക്ക് നീങ്ങി.

' ഗുഡ് മോർണിംഗ് സാർ'

' ഗുഡ് മോർണിംഗ് കലേഷ്. എന്തുണ്ട് ? '

' ഒരു കാര്യം ചോദിച്ചോട്ടെ...'

' എന്താടോ ? '

'സാറിന്റെ ഈ പെട്ടിക്കുള്ളിൽ എന്താണ് ?'

എസ്.ആർ.പി പൊട്ടിചിരിച്ചു കൊണ്ട് തോളിൽ കൈവച്ചു.

' അത് വായിക്കാനുളള കുറച്ച് പുസ്തകവും വാരികയുമൊക്കെയാടോ.പിന്നെ കഴിക്കാനുള്ള മരുന്നും. പ്രായമായില്ലേ... '

അപ്പോഴേക്കും എസ്ആർപിയെ കൂട്ടികൊണ്ട് പോകാനായി വണ്ടിയെത്തി. കാറിൽ കയറിയ എസ്.ആർ.പിക്കൊരു ടാറ്റ കൊടുത്തു. വണ്ടി അകന്ന് നീങ്ങുന്തോറും അതും നോക്കി ഞാൻ ആ മരച്ചുവട്ടിൽ തന്നെ നിന്നു.

' ഇത്രയൊക്കെയുളളൂ. ഒന്ന് നേരിട്ട് സംസാരിച്ചിരുന്നെങ്കിൽ ഒരു നിമിഷം കൊണ്ട് തീരാവുന്ന വിഷയം. ചിന്തിച്ചും കുരുട്ട് ബുദ്ധി ഉപയോഗിച്ചും എത്രത്തോളം വഷളാക്കി. വാർത്തകളും ഇങ്ങനെയൊക്കെ തന്നെയല്ലേ... അല്ല തെറ്റി. ജീവിതം തന്നെ ഇങ്ങനെയല്ലേ... ഒന്ന് മനസ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന ആനകാര്യങ്ങൾ...'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , PETTIYUM PARTYUM, SRAMACHANDRAN PILLAI, CPM, SEETHARAM YRCHURI, PRAKASH KARATT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.