SignIn
Kerala Kaumudi Online
Tuesday, 28 September 2021 7.56 AM IST

'ഫ്രെയിമിൽ' പ്രഭചൊരിഞ്ഞ് ആയിരത്തോളം ചിത്രങ്ങൾ; അക്കാഡമികൾ കാണുന്നില്ലേ ഈ തെയ്യപ്രപഞ്ചം

teyyam
ശംഭു നമ്പൂതിരി തെയ്യം ചിത്രങ്ങളുടെ ആൽബവുമായി

കാസർകോട്: കണ്ണഞ്ചിക്കുന്ന തെയ്യപ്രപഞ്ചത്തിൽ ആകൃഷ്ടനായി ചെറുപ്രായത്തിൽ കാമറയുമെടുത്ത് അലഞ്ഞ ഒരു പയ്യനുണ്ടായിരുന്നു കൊടക്കാട് നെല്ലിയേരി മനയിൽ.പാരമ്പര്യത്തിന്റെ നിഷ്ഠകളൊക്കെ വിട്ട് വടക്ക് പെരുതണ മുച്ചിലോട്ട് തൊട്ട് തെക്ക് തലശ്ശേരി അണ്ടല്ലൂർ കാവു വരെ നീണ്ട തെയ്യക്കാവുകളിലൊക്കെ അലഞ്ഞ് എഴുപത്തിയഞ്ചുവർഷത്തിലെത്തി നിൽക്കുന്ന റിട്ടയേഡ് അദ്ധ്യാപകനാണിന്ന് അദ്ദേഹം. ശംഭു നമ്പൂതിരി എന്ന ഈ മനുഷ്യന്റെ പക്കൽ ഇന്ന് ആയിരത്തിലധികം തെയ്യങ്ങളുടെ പ്രഭചൊരിയും ചിത്രങ്ങളുണ്ട്.

സാക്ഷ്യപത്രത്തിന്റെയും ശിപാർശയുടെയും അടിസ്ഥാനത്തിൽ അക്കാഡമി പുരസ്കാരം നേടുന്നവർക്കിടയിൽ തെയ്യത്തെ സ്നേഹിച്ച് നടന്ന ഇദ്ദേഹം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു മാത്രം.. ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും തെയ്യാട്ടക്കാവുകളിലും ചുറ്റിക്കറങ്ങി ത്യാഗപൂർണ്ണമായ ശ്രമങ്ങളിലൂടെ അടയാളപ്പെടുത്തിയവയാണ് ശംഭു നമ്പൂതിരിയുടെ ഓരോ തെയ്യചിത്രങ്ങളും. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ, ടാഗോർ മെമ്മോറിയൽ ഹൈസ്ക്കൂൾ വെള്ളോറ, കൊടക്കാട് കേളപ്പജി ഹയർ സെക്കൻഡറി എന്നിവിടങ്ങളിലെ ദീർഘകാല സേവനത്തിന് ശേഷം 2001ൽ പ്രിൻസിപ്പലായി വിരമിച്ച ഇദ്ദേഹം ഒരു രൂപപോലും വരുമാനം പ്രതീക്ഷിക്കാതെ നിക്കോൺ ഡി 90 കാമറയുമായി തെയ്യങ്ങളുടെ അണിയറയിലും അരങ്ങിലും സഞ്ചരിക്കുകയായിരുന്നു ഇത്രയും കാലം.
തെയ്യം ഫോട്ടോഗ്രാഫർ എന്നതിലപ്പുറം വടക്കേ മലബാറിലെ തെയ്യത്തെക്കുറിച്ച് ആധികാരികമായി അറിഞ്ഞ ഗവേഷകനുമാണ് ശംഭു മാസ്റ്റർ. . കണ്ണൂർ നടുവിൽ കെട്ടിയാടുന്ന മുതലത്തെയ്യത്തിന്റെ അപൂർവ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ മൂന്നുവർഷം മുടങ്ങാതെപോയി. നമ്പൂതിരിയുടെ തെയ്യ ചിത്രങ്ങൾ കാണാൻ

ഗവേഷകരും വിദ്യാർത്ഥികളും കൊടക്കാട് മനയിൽ എത്തുന്നു. ജപ്പാനിൽ നിന്നുള്ള ഗവേഷക മയൂരി കോഗ കേരളത്തിൽ എത്തിയാൽ കൊടക്കാട് വരാതെ പോകാറില്ല. മണക്കാടൻ പരമ്പരയിലെ രാമൻ മണക്കാടനും കുട്ടി അമ്പു മണക്കാടനും ഒടുവിൽ അശോകൻ മണക്കാടനുമടക്കം നാല് തലമുറയുടെ തെയ്യങ്ങൾ ശംഭു മാഷിന്റെ ചിത്രങ്ങളിലുണ്ട്. നർത്തകരത്നം കണ്ണൻ പെരുവണ്ണാന്റെ കതിവന്നൂർ വീരനും പുലിക്കണ്ടനും പുള്ളി ഭഗവതിയും വൈരജാതനും ചരിത്രരേഖകൾ പോലെ കഥപറയും.

ഭഗവതി, ചാമുണ്ഡി തെയ്യങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന 'അമ്മതെയ്യങ്ങൾ' പുസ്തകമെഴുതി. സ്‌കൂൾ പഠന കാലത്ത് തെയ്യമെവിടെയുണ്ടെങ്കിലും അവിടെയെത്തും. തിരിച്ച് വീട്ടിലെത്തിയാൽ അത് വർണ്ണങ്ങളിലൂടെ കാൻവാസിൽ പകർത്തും. കണ്ണൂർ എസ്.എൻ കോളജിലും, തലശേരി ബി.എഡ് ട്രെയിനിംഗ് സെന്ററിലും പഠിച്ചിറങ്ങി അദ്ധ്യാപനം ആരംഭിച്ചെങ്കിലും ഒഴിവുവേള തെയ്യങ്ങൾക്കുള്ളതായിരുന്നു. തെയ്യാട്ടക്കാവുകളിൽ തന്ത്രിമാർ അധികാരത്തോടെ ഇരിക്കുന്നിടത്ത് തെയ്യങ്ങളുടെ അണിയറയിലേക്ക് പോകുന്ന ഇദ്ദേഹം തെയ്യക്കാർക്കിടയിൽ സുപരിചിതനാണ്.ഭാര്യ ശാന്തകുമാരിയും മകൻ മധുസൂദനനും മരുമകൾ ജ്യോതി ലക്ഷ്മിയും മാഷിന്റെ ഫേട്ടോഗ്രാഫിക്ക് പ്രോൽസാഹനവുമായുണ്ട്.മകൾ സുജാതയും മരുമകൻ മുരളീകൃഷ്ണനും മുംബൈയിലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, SHAMBU NAMBOOTHIRI STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.