SignIn
Kerala Kaumudi Online
Friday, 19 April 2024 1.03 PM IST

ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക്  വഴിയൊരുക്കി വയർലസ് സന്ദേശങ്ങൾ ചോരുന്നു, അന്വേഷിക്കാൻ കൂട്ടാക്കാതെ പൊലീസ്, രണ്ട് ജില്ലാ പൊലീസ് മേധാവികളുടെ സന്ദേശങ്ങൾ ചോർന്നിട്ടും കണ്ണടച്ചു

crime

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വയർലസ് സന്ദേശങ്ങൾ ചോ‌ർത്തുന്നത് പതിവായിട്ടും അന്വേഷിക്കാതെ സർക്കാർ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ജില്ലാ പൊലീസ് മേധാവിമാരുടെ വയർലസ് സന്ദേശങ്ങളാണ് ചോർന്നത്.ഫോണോ സമാനമായ മറ്റേതെങ്കിലും ഉപകരണങ്ങളോ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത വയർലസ് സംഭാഷണങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയും പൊലീസ് സേനയുടെ അന്തസ്സിനെ ബാധിക്കും വിധം വാർത്തകളും ചർച്ചകളുമായി പ്രചരിക്കുകയും ചെയ്തിട്ടും പൊലീസ് ഉന്നതരോ സർക്കാരോ അത് കേട്ട ഭാവം പോലും നടിക്കുന്നില്ല.

ഡി.സി.പിയുടെ സന്ദേശം പ്രചരിപ്പിച്ചു

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഹേമലതയുടെ സംഭാഷണമാണ് ആദ്യം പ്രചരിച്ചത്. വാട്ട്സ് ആപ്,​ ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ഓടിത്തിമിർത്ത ശബ്ദസന്ദേശം പിന്നീട് ചില ഓൺ ലൈൻ മാദ്ധ്യമങ്ങളും ആഘോഷിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂം വാഹനങ്ങളുടെ ചുമതലക്കാരായി എസ്.ഐമാരില്ലാത്തതിന്റെ അരിശമായിരുന്നു ഡെപ്യൂട്ടി കമ്മിഷണറായ യുവ വനിതാ ഓഫീസറുടെ വാക്കുകളിൽ പ്രകടമായത്. ദിവസവും രാവിലെയുള്ള വയർലസ് കമ്യൂണിക്കേഷനിൽ (സാട്ട )​യിൽ കൺട്രോൾ റൂം വാഹനങ്ങളുടെ ചുമതലക്കാരായി എസ്.ഐമാർ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതാണ് ഹേമലതയെ ചൊടിപ്പിച്ചത്. പട്രോളിംഗ് വാഹനങ്ങളിൽ എസ്..ഐമാരില്ലാത്തതിന്റെ കുറവ് ബോദ്ധ്യപ്പെട്ടാണ് വാഹനങ്ങളിൽ എസ്.ഐമാരുണ്ടാകണമെന്ന് ഡി.സി.പി വാശിപിടിക്കുന്നതെങ്കിലും കൺട്രോൾ റൂമിലെ ഏഴ് വാഹനങ്ങളിലേക്കും ഓരോ എസ്..ഐമാരെ വീതം നൽകാൻ ഇല്ലാത്തതിനാൽ പൊലീസുകാരും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുമാണ് രാവിലെ ഓരോ വാഹനങ്ങളിൽ നിന്നും എസ്.പിയെ അഭിസംബോധന ചെയ്യുന്നത്. പെറ്റിക്കേസുകളുടെ എണ്ണവും മറ്റ് ക്രമസമാധാന പ്രശ്നങ്ങളും വിലയിരുത്തുന്നതിനിടയിലായിരുന്നു ഒരു വാഹനത്തിൽപ്പോലും എസ്.ഐ മാരില്ലെന്ന് തിരി‌ച്ചറിഞ്ഞ്

വനിതാ ഓഫീസർ പൊട്ടിത്തെറിച്ചത്.

നിയന്ത്രണം വിട്ട ഡി.സി.പിക്ക് വാക്കുകളും കൈവിട്ടു

കീഴുദ്യോഗസ്ഥരെ ഇഡിയറ്റ്സ് എന്ന് വിളിച്ച വനിതാ എസ്.പി ചുമതലപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവർ കളഞ്ഞിട്ട് പോകാനും കഴിവുള്ളവർ ജോലി ചെയ്യട്ടെയെന്നും മറ്റും പറഞ്ഞശേഷമാണ് കാര്യങ്ങൾ മനസ്സിലാക്കാത്ത നിങ്ങൾ മൃഗങ്ങളാണോയെന്ന് ചോദിച്ചത്. ഡെപ്യൂട്ടി കമ്മിഷണറുടെ അങ്കക്കലി സഹിക്കാനാകാത്ത ആരോ ആണ് ഇത് റെക്കോഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ദിവസങ്ങൾക്കകം ലക്ഷക്കണക്കിനാളുകൾ കേൾക്കുകയും കൈമാറുകയും ചെയ്ത സന്ദേശം മാദ്ധ്യമങ്ങളിൽ വാർത്തയായി.

എ.എസ്.പിയുടെ സന്ദേശവും പുറത്തായി

ഇതിന് പിന്നാലെയാണ് തെക്കൻ ജില്ലയിലെ ഒരു അഡിഷണൽ എസ്.പി കൊവിഡ് പ്രോട്ടോക്കോൾ പാലനവുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥരുമായി നടത്തുന്ന വ‌യർലസ് സന്ദേശങ്ങളും വൈറലായത്. തന്റെ ചുമതലയിലുള്ള പൊലീസ് ജില്ല ക്രമസമാധാനപാലനത്തിലും മറ്റ് കൃത്യനിർവ്വഹണങ്ങളിലുമെല്ലാം മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണെന്ന ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ അനുസ്മരിപ്പിച്ചുകൊണ്ടാണ് അഡി.എസ്.പിയുടെ വയർലസ് സംഭാഷണം ആരംഭിക്കുന്നത്. പതിവ് ശൈലിമാറ്റി ഓഫീസർമാരുൾപ്പെടെ മുഴുവൻ പേരും നിരത്തിലിറങ്ങണമെന്നും ദിനം പ്രതി കുറഞ്ഞത് നൂറ് പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്യണമെന്നും ആയിരം പേരെ താക്കീത് ചെയ്യണമെന്നുമാണ് സന്ദേശം.

റെക്കാർഡ് ചെയ്ത സന്ദേശം, പിന്നിൽ സേനാംഗങ്ങൾ

കൊവിഡ് പ്രതിരോധത്തിനായി കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ് നടപടി ശക്തമാക്കുന്നതിന് മുന്നോടിയായുള്ള ഈശബ്ദസന്ദേശവും റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച നിലയിലാണ്. പൊലീസ് സേനാംഗങ്ങൾ തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങളും സന്ദേശങ്ങളും സുരക്ഷിതമായി കൈമാറാനാണ് വേഗത്തിൽ പരസ്പരം ആശയവിനിമയം സാദ്ധ്യമാക്കുന്നതിനുമാണ് വയർലസ് സംവിധാനം പൊലീസ് ഉപയോഗിക്കുന്നത്. വയ‌ർലസ് സന്ദേശങ്ങൾ ചോർത്തിയ സംഭവങ്ങൾ മുമ്പും പലപ്പോഴും അപൂർവ്വമായി സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്തരം കോലാഹലങ്ങൾക്കൊന്നും അവ കാരണമായിട്ടില്ല.

പരിഹാസ്യരാകുന്നത് പൊലീസ്

സർക്കാരും പൊലീസും ഒരറ്റത്ത് കൊവിഡ് പ്രോട്ടോക്കോളും സുരക്ഷയും കർശനമാക്കുമ്പോഴാണ് ആശയവിനിമയങ്ങൾ ഉൾപ്പെടെ ചോ‌ർത്തി സമൂഹമദ്ധ്യത്തിൽ പെലീസിനെ പരിഹാസ്യരാക്കുന്ന നടപടികൾ ഉണ്ടാകുന്നത്. വയർലസ് സന്ദേശങ്ങൾ ചോർന്ന സംഭവങ്ങൾ മേലുദ്യോഗസ്ഥരുൾപ്പെടെ സേനാംഗങ്ങൾക്കിടയിൽ പാട്ടാകുകയും രഹസ്യാന്വേഷണ വിഭാഗങ്ങൾ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തെങ്കിലും ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കാനോ കുറ്റക്കാരെ പുറത്തുകൊണ്ടുവരാനോ യാതൊരു നടപടിയുമുണ്ടായില്ല.

പിന്നിൽ ഭരണപക്ഷാഭിമുഖ്യമുള്ളവർ

ഭരണപക്ഷാഭിമുഖ്യമുള്ള പൊലീസുകാരാകാം ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. പൊലീസുകാർക്കും പൊതുജനങ്ങൾക്കും നേരെ കുതിരകയറുന്ന ഓഫീസർമാരെ നിലയ്ക്ക് നിർത്തുകയെന്ന ഉദ്ദേശ്യത്തിലാകാം സന്ദേശങ്ങൾ വൈറലാക്കിയതെന്നാണ് കരുതപ്പെടുന്നതെങ്കിലും ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് വഴി വയ്ക്കുമെന്ന് ഉറപ്പാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാരോ പൊലീസോ തീരുമാനിച്ചാൽ സന്ദേശം പ്രചരിപ്പിച്ചവരുടെ തൊപ്പി തെറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.