SignIn
Kerala Kaumudi Online
Friday, 19 April 2024 6.59 PM IST

ഷാജി പീറ്ററിന്റെ കൊലപാതകം: രഹസ്യം പുറത്തുവന്നത് അമ്മായിയമ്മ-മരുമകൾ പോരിൽ

crime

കൊല്ലം: അഞ്ചൽ ഏരൂർ തോട്ടംമുക്ക് പള്ളിമേലതിൽ വീട്ടിലേക്ക് അങ്ങനെ അധികമാരും പോകാറില്ല, റബ്ബർ മരങ്ങൾക്കും കുറ്റിക്കാടുകൾക്കുമിടയിലെ വീട്ടിൽ ഒരു അരുംകൊല നടന്നത് നാടറിയാൻ വൈകിയതും അതുകൊണ്ടുതന്നെ. മരിച്ച ഷാജി പീറ്റർ നാട്ടിൽ തങ്ങുന്നത് പതിവുള്ളയാളുമല്ല.

കുറ്റവാസന കുട്ടിക്കാലം മുതൽ

കുട്ടിക്കാലം മുതൽ വഴക്കും അടിപിടിയും ചില്ലറ മോഷണവുമൊക്കെയായി ചീത്തപ്പേര് കിട്ടിയാണ് ഷാജി പീറ്റർ വളർന്നത്. കരടി ഷാജിയെന്ന് നാട്ടുകാർ വിളിച്ചുതുടങ്ങിയതും. അതുകൊണ്ടുതന്നെ നാട്ടിലെത്തിയാൽ ഏതെങ്കിലുമൊക്കെ സ്ത്രീകളെ ശല്യം ചെയ്തിട്ടാകും പിന്നീട് നാട് വിട്ടുപോവുക. പൊലീസിനെ ഒളിച്ചാണ് വരവും പോക്കും. അതുകൊണ്ടുതന്നെ രണ്ട് വർഷം ഷാജി പീറ്ററിനെ കാണാതായിട്ടും ആരും തിരക്കിയതുമില്ല. ബന്ധുക്കൾ ചോദിച്ചാൽ ഒളിവിലാണെന്നോ പാലക്കാട് ആണെന്നോ ഒക്കെ പറഞ്ഞ് പൊന്നമ്മയും സജിനും അവരുടെ ശ്രദ്ധമാറ്റും. പൊന്നമ്മയുടെ ഭർത്താവ് പീറ്റർ നേരത്തേ മരണപ്പെട്ടിരുന്നു. മറ്റൊരു മകനായ വർഗീസിനൊപ്പമായിരുന്ന പൊന്നമ്മ ഇടയ്ക്ക് ഏനാത്തുള്ള മകളുടെ വീട്ടിലും താമസിച്ചിരുന്നു. തിരികെ സജിന്റെ ഒപ്പം വന്നതോടെയാണ് സജിന്റെ ഭാര്യ ആര്യയുമായി വഴക്കുതുടങ്ങിയത്. പൊന്നമ്മയും ആര്യയും തമ്മിലുണ്ടായ വഴക്ക് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഉപകരിച്ചു. ഷാജി കൊല്ലപ്പെട്ടതാണെന്നും അനുജൻ സജിനും അമ്മ പൊന്നമ്മയുമാണ് പ്രതികളെന്നും അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഒരു കൊലപാതകം നടത്തിയതിന്റെയും രഹസ്യം ഒളിപ്പിച്ചതിന്റെയും ഭാവവ്യത്യാസങ്ങൾ അതുവരെ ആരും ഇവരിൽ ശ്രദ്ധിച്ചിരുന്നുമില്ല.

തിരുവോണ നാളിലെ അരുംകൊല

2018ലെ തിരുവോണ ദിവസം ഉച്ചയോടെയാണ് ഷാജി പീറ്റർ വീട്ടിലേക്ക് കടന്നുവന്നത്. പൊന്നമ്മ വിളമ്പിവച്ച ആഹാരം കഴിച്ചു. വിശ്രമിക്കുന്നതിനിടയിലാണ് ആര്യ മുറിയിലേക്ക് കടന്നുവന്നത്. കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആര്യയെ ഷാജി കടന്നുപിടിച്ചു. ബഹളം കേട്ട് പൊന്നമ്മയെത്തി. പിന്നെ തടസം പിടിച്ചു. കുറച്ച് നേരത്തെ പരാക്രമത്തിന് ശേഷം ഷാജി ഒതുങ്ങി. ഇതിന് ശേഷമാണ് സജിന്റെ വരവ്. വീട്ടിലെത്തിയ സജിനോട് തനിയ്ക്കുണ്ടായ മോശം അനുഭവം ആര്യ പറഞ്ഞു. നിമിഷനേരംകൊണ്ട് സജിനും ഷാജിയും തമ്മിൽ അടിപിടിയായി. അവിടെയുണ്ടായിരുന്ന കമ്പിവടിയ്ക്ക് സജിൻ ഷാജിയുടെ തലയ്ക്കടിച്ചു. തലപൊട്ടി ചോര തെറിച്ചു. നിലത്തുവീണ ഷാജി മൂന്നാലു പിടച്ചിൽ നടത്തി. പിന്നെ അനക്കമില്ലാതെയായി. പൊന്നമ്മയും ആര്യയും ഇതുകണ്ട് നിലവിളിച്ചുപോയെങ്കിലും ശബ്ദം പുറത്താരുടെയും ചെവിയിലെത്തില്ലായിരുന്നു.

ചാക്കിലാക്കി കുഴിയിലേക്ക്

ഷാജി പീറ്ററിന്റെ മൃതദേഹം ചാക്കിലേക്ക് കയറ്റാൻ മൂവരും നന്നായി പാടുപെട്ടു. വീടിന്റെ പരിസരത്തുതന്നെ സജിൻ മണ്ണ് വെട്ടിക്കോരി കുഴിയെടുത്തു. പൊന്നമ്മയും കൂടെക്കൂടി. ആഴത്തിൽ കുഴിയെടുത്ത ശേഷം ഷാജിയുടെ മൃതദേഹമടങ്ങിയ ചാക്ക് കുഴിയിലേക്ക് ഇട്ടു. മണ്ണിട്ടുമൂടി വീട്ടിലേക്ക് കയറി. ക്ഷീണം മാറ്റാൻ ആര്യ കട്ടൻചായ നൽകി. ഇത് കുടിയ്ക്കുന്നതിനിടയിലാണ് കാട്ടുപന്നി മണ്ണ് മാന്തി ശവം പുറത്തെടുക്കുമെന്ന ആശങ്ക പൊന്നമ്മ പങ്കുവച്ചത്. പിന്നെ കോൺക്രീറ്റിനുള്ള സാമഗ്രികളെത്തിച്ചു. സജിൻതന്നെയാണ് കുഴിയ്ക്ക് മുകളിൽ കോൺക്രീറ്റിട്ടത്. പൊന്നമ്മ സഹായിയായി കൂടെക്കൂടി. കോൺക്രീറ്റ് ചെയ്തതിന് മുകളിൽ മണ്ണ് ഇട്ട് മറച്ചപ്പോഴാണ് എല്ലാം ഭദ്രമായെന്ന തോന്നൽ മൂവർക്കുമുണ്ടായത്. പുറമെ നിന്ന് ആരുംവന്നാൽ സംശയിക്കാത്ത വിധം മണ്ണിട്ടിട്ടുണ്ട്. എന്നാൽ പുതുമണ്ണിന്റെ സാന്നിദ്ധ്യം ആർക്കെങ്കിലും സംശയത്തിന് ഇടനൽകുമെന്ന ചിന്തയിൽ കിണറുകുഴിക്കാനും തീരുമാനിച്ചു. കിണർ കുഴിച്ച മണ്ണും ശവമടക്കിയ ഭാഗത്തായി കൂട്ടിയിട്ടു. ഇനി ആരും ഒരിക്കലും സംശയിക്കില്ലെന്ന ചിന്തയോടെ സ്വസ്ഥ ജീവിതം തുടർന്നുവരികയായിരുന്നു. ഇതിനിടയിൽ പൊന്നമ്മയും ആര്യയും തമ്മിൽ സ്വരച്ചേർച്ചയില്ലാതെവന്നു. നിത്യവും വഴക്കുമായി. സജിൻ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. സജിന്റെ മറ്റൊരു ജേഷ്ഠനായ വർഗീസിന്റെ ഭാര്യയോട് ആര്യ കൊലപാതകത്തിന്റെ വിവരങ്ങൾ സൂചിപ്പിച്ചു. പൊന്നമ്മയുടെ സഹോദരീപുത്രൻ റോയി വീട്ടിലെത്തിയപ്പോൾ പൊന്നമ്മയും ഷാജിയുടെ കൊലപാതക വിവരങ്ങൾ പറഞ്ഞു. മദ്യപിക്കുന്ന ശീലമുള്ള റോയി ആര്യയുടെ അടുത്തെത്തി ചില്ലറ വിരട്ടലുകൾ നടത്തി. പിന്നീടാണ് റോയി പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് മുന്നിലെത്തി താൻ മനസിലാക്കിയ വിവരങ്ങൾ പറഞ്ഞത്.

പൊലീസ് അന്വേഷണം

റോയിയുടെ വെളിപ്പെടുത്തൽ കാര്യമായെടുത്തില്ലെങ്കിലും പത്തനംതിട്ട ഡിവൈ.എസ്.പി പുനലൂർ ഡിവൈ.എസ്.പിയോട് വിഷയം അവതരിപ്പിച്ചു. ഷാജിയെ മറ്റ് വിവിധ കേസുകളിൽ പൊലീസ് തേടുന്നുമുണ്ടായിരുന്നു. ആ നിലയിൽ ഷാജിയുടെ വീട്ടിലെത്തിയ പൊലീസ് പൊന്നമ്മയെയും സജിനെയും ചോദ്യം ചെയ്തപ്പോൾത്തന്നെ സംഭവിച്ചതെല്ലാം ഇവർ തുറന്നുപറഞ്ഞു. റബ്ബർ തോട്ടത്തിന്റെ മദ്ധ്യഭാഗത്തുള്ള വീടിനടുത്തായി നാലടി താഴ്ചയിൽ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്നും അതിന് മുകളിൽ കോൺക്രീറ്റ് ചെയ്തുവെന്നും സജിൻ മൊഴിനൽകിയതോടെ പൊലീസ് സർജൻ, തഹസിൽദാർ, സയന്റിഫിക്, ഫോറൻസിക് ഉദ്യോഗസ്ഥരടക്കമെത്തിയാണ് കൊട്ടാരക്കര അഡിഷണൽ എസ്.പിയുടെയും പുനലൂർ ഡിവൈ.എസ്.പിയുടെയും സാന്നിദ്ധ്യത്തിൽ സ്ഥലത്തെ മണ്ണ് നീക്കിയത്. കോൺക്രീറ്റ് പൊട്ടിച്ച് വീണ്ടും മണ്ണ് നീക്കിയതോടെ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി.

ഇനി ഡി.എൻ.എ പരിശോധന

മരിച്ചത് ഷാജി പീറ്ററാണെന്ന് ഉറപ്പാണെങ്കിലും കോടതിയിൽ കൃത്യമായ തെളിവ് ഹാജരാക്കേണ്ടതുണ്ട്. ഇതിനായി ഡി.എൻ.എ പരിശോധന നടത്തുന്നുണ്ട്. അവയവങ്ങളുടെ രാസപരിശോധനാ ഫലമടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകളുമായി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറൻസിക് സയൻസ് ലാബ്, തിരുവനന്തപുരം കെമിക്കൽ ലാബ് എന്നിവിടങ്ങളിൽ നിന്നും പരിശോധനാഫലം ലഭിക്കാൻ സമയമെടുത്തേക്കും.

സജിന്റെ ഭാര്യ മൂന്നാം പ്രതിയാകും

ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ സജിന്റെയും മാതാവ് പൊന്നമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊലപാതകത്തിനും തെളിവ് നശിപ്പിക്കുന്നതിനും കൂടുനിന്ന സജിന്റെ ഭാര്യ ആര്യയെ മൂന്നാം പ്രതിയാക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. ദൃക്സാക്ഷിയായ ആര്യയെ മാപ്പുസാക്ഷിയാക്കാമെന്നതരത്തിൽ ആലോചന നടത്തിയെങ്കിലും ആര്യയ്ക്ക് നേരിട്ട് പങ്കുള്ളതിനാൽ ഒഴിവാക്കാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

അന്വേഷണ സംഘം

അഡിഷണൽ എസ്.പി ഇ.എസ്. ബിജുമോൻ, പുനലൂർ ഡിവൈ.എസ്.പി എം.എസ്. സന്തോഷ്, ഏരൂർ സി.ഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MURDER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.