SignIn
Kerala Kaumudi Online
Monday, 27 September 2021 4.16 AM IST

ജനതയെ കൈവിടുന്ന കേന്ദ്രഭരണം

covid

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രാജ്യമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വാക്‌സിൻ നയം വിനാശകരമാണെന്ന് പറയാതെ വയ്യ. സ്വന്തം ജനതയോട് കരുതലുള്ള ഒരു ഭരണകൂടവും ഇത്തരം ഘട്ടങ്ങളിൽ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ല. ഉത്‌പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം ഇഷ്ടമുള്ള വിലയ്‌ക്ക് സംസ്ഥാനങ്ങൾക്കും സ്വകാര്യമേഖലയ്‌ക്കും വിൽക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കയാണ്. ഉത്‌പാദകരിൽ നിന്ന് നേരിട്ട് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ഒന്നിച്ചു തുഴഞ്ഞ് ഈ മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് പകരം, പ്രതിരോധ കുത്തിവയ്‌പിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിടുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യുന്നത്. ലോകത്ത് ഒരു സർക്കാരും ഈ രീതിയിൽ സ്വന്തം ജനതയെ സ്വകാര്യ വിപണിക്ക് എറിഞ്ഞു കൊടുത്ത് മാറിനിന്നിട്ടില്ല. സർക്കാരിന്റെ ചെലവിലാണ് എല്ലാ രാജ്യങ്ങളിലും വാക്‌സിനേഷൻ നടക്കുന്നത്. ഇത്രയും കാലം നമ്മുടെ രാഷ്ട്രവും അതുതന്നെയാണ് ചെയ്തിരുന്നത്. പോളിയോ വാക്‌സിൻ ഉദാഹരണം. സ്വകാര്യ വാക്‌സിൻ ഉത്‌പാദകരെ സഹായിക്കുന്നതിന് കേന്ദ്രം ഒഴിഞ്ഞുമാറൽ നയം സ്വീകരിച്ച സാഹചര്യം എന്താണെന്ന് നോക്കണം. രണ്ടാംതരംഗം രാജ്യത്തെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കയാണ്. ലോകത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. മൂന്നുലക്ഷത്തോളം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലേക്ക് പോയി. ലോക്ക് ഡൗണിന് സമാനമായ സാഹചര്യമാണ് പല സംസ്ഥാനങ്ങളിലും. തലസ്ഥാനമായ ഡൽഹി അടക്കം പല സംസ്ഥാനങ്ങളിലും ആശുപത്രികളിൽ ഓക്‌സിജന് കടുത്ത ക്ഷാമമാണ്. ആശുപത്രികൾ രോഗികളെക്കൊണ്ടു നിറഞ്ഞു കവിയുന്നു. അത്യാവശ്യ മരുന്നുകൾ പലേടത്തും കിട്ടാനില്ല. ഈ സാഹചര്യം ജനങ്ങളിൽ സൃഷ്ടിച്ച ഭീതിയും പരിഭ്രാന്തിയും എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാം. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് വാക്‌സിൻ വേണ്ടവർ അതു വില കൊടുത്തു വാങ്ങണമെന്നും വില ഉത്‌പാദകർ നിശ്ചയിക്കുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്. എല്ലാ കോണുകളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നത് 18 നും 44 നും ഇടയ്‌ക്ക് പ്രായമുള്ളവർ മാത്രം വാക്‌സിന് വില കൊടുത്താൽ മതിയെന്നാണ്. ഈ പ്രായപരിധിയിൽ രാജ്യത്ത് 59.5 കോടി ജനങ്ങളുണ്ട്. ഒരാൾക്ക് രണ്ടു ഡോസ് വേണമെന്നതിനാൽ 119 കോടി. ഇത്രയും പേർക്കുള്ള വാക്‌സിന് വിലകൊടുക്കണമെന്നത് തീരെ നിസാരമായി കാണുന്ന ഭരണാധികാരികളെക്കുറിച്ച് എന്തു പറയാൻ. ഇന്ത്യയിൽ രണ്ടു കമ്പനികളാണ് വാക്‌സിൻ ഉത്‌പാദിപ്പിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (കോവിഷീൾഡ്) ഭാരത് ബയോടെക്കും (കോവാക്‌സിൻ). ഇതുവരെ 150 രൂപയ്ക്കാണ് കേന്ദ്രത്തിന് ഈ കമ്പനികൾ വാക്‌സിൻ നൽകിയിരുന്നത്. 150 രൂപ നിശ്ചയിച്ചാൽ തന്നെ ലാഭമാണെന്ന് സെറം ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ഉടമസ്ഥർ നേരത്തെ പറഞ്ഞതാണ്.? ഇത്രയും ലാഭം മതി. സൂപ്പർ ലാഭം ആവശ്യമില്ല. രാജ്യത്തിന്റെ ആവശ്യം നിറവേറ്റുകയാണ് പ്രധാനം? ഇതായിരുന്നു കമ്പനി പറഞ്ഞിരുന്നത്. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് ഉത്‌പാദിപ്പിക്കുന്നതിന്റെ 50 ശതമാനം അവർക്ക് ഇഷ്ടമുള്ള വിലയ്‌ക്ക് വിൽക്കാം. സെറം വില പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് 400 രൂപ. സ്വകാര്യ മേഖലക്ക് 600 രൂപ. 150 രൂപക്ക് വിറ്റാൽ തന്നെ ലാഭം കിട്ടുമെന്നിരിക്കെയാണ് മൂന്നും നാലും ഇരട്ടി വില ഈടാക്കാൻ പോകുന്നത്. ഈ അവസരത്തിൽ മറ്റൊന്നു കൂടി ഓർക്കേണ്ടതുണ്ട്. ഉത്‌പാദനശേഷി വർദ്ധിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടി രൂപയും കേന്ദ്രസർക്കാർ മുൻകൂറായി നൽകിയിട്ടുണ്ട്. വാക്‌സിൻ നയം മാറ്റത്തിൽ നിന്ന് ചില കാര്യങ്ങൾ കൂടി നമുക്ക് വ്യക്തമാകാനുണ്ട്. സംസ്ഥാനങ്ങൾക്കും സ്വകാര്യ വിപണിക്കും കൂടി 50 ശതമാനം എന്നു പറയുമ്പോൾ, സംസ്ഥാനങ്ങൾക്ക് എത്ര കിട്ടുമെന്ന് ആരും വിശദീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് കിട്ടുന്ന 50 ശതമാനം വാക്‌സിന്റെ വിതരണം എങ്ങനെയാകുമെന്നും വ്യക്തമായിട്ടില്ല. സംഭവിക്കാൻ പോകുന്നത്, വിലകൊടുത്ത് വാക്‌സിൻ വാങ്ങാൻ സംസ്ഥാനങ്ങൾ തമ്മിലെ മത്സരമായിരിക്കും. കാരണം, നമ്മുടെ ആവശ്യവുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ വാക്‌സിൻ ഉത്‌പാദനം വളരെ കുറവാണ്. ഒരു മാസം 66.5 കോടി ഡോസ് മാത്രമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്‌പാദിപ്പിക്കുന്നത്. ഭാരത് ബയോടെക്കിന്റെ ഉത്‌പാദനം ഇതിലും വളരെ കുറവാണ്. ഈ രണ്ടു കമ്പനികളുടെയും ഉത്‌പാദനശേഷി വർദ്ധിക്കാൻ ഇനിയും മാസങ്ങൾ എടുക്കും.. പുതിയ നയം നടപ്പാക്കിയാൽ വാക്‌സിൻ കരിഞ്ചന്തയിലേക്ക് പോകാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാൻ സ്വകാര്യ ഉത്പാദകർക്ക് അവസരം നൽകുന്ന പുതിയ വാക്‌സിൻ നയം അങ്ങേയറ്റം വിവേചനപരവും തുല്യ അവസരം നിഷേധിക്കുന്നതുമാണ്. മഹാമാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം അതിന്റെ വ്യാപനത്തിന് വഴിവയ്‌ക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. അരാജകത്വത്തിലേക്കാണ് ഈ നയം രാജ്യത്തെ തള്ളിവിടുക.ഇതു തിരുത്താൻ കേന്ദ്ര സർക്കാർ തയാറാകണം.

കേരളത്തിൽ വാക്‌സിൻ സൗജന്യം

കേന്ദ്രസർക്കാർ ജനങ്ങളെ കൈയൊഴിയുന്ന നയം സ്വീകരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ സൗജന്യമായിരിക്കുമെന്ന തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കയാണ്. സ്വകാര്യ വിപണിയിൽ നിന്ന് വലിയ വിലയ്‌ക്ക് വാക്‌സിൻ വാങ്ങേണ്ട സാഹചര്യം കേന്ദ്രസർക്കാർ സൃഷ്ടിച്ചിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ കേരളം തയാറായിട്ടില്ല. രണ്ടു സർക്കാരുകളുടെ രണ്ടു നയമാണ് ഇതിൽ തെളിയുന്നത്. കൊവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനങ്ങൾ വലിയ പ്രയാസത്തിലാണ് നീങ്ങുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രം തയാറായിട്ടില്ല. ജി.എസ്.ടി.യിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വരുമാനം ഗണ്യമായി കുറഞ്ഞു. കൊവിഡിനെ നേരിടാനാണ് കേന്ദ്രസർക്കാർ പി.എം. കെയർ ഫണ്ട് രൂപീകരിച്ചത്. എന്നാൽ സംസ്ഥാനങ്ങളെ സഹായിക്കാൻ ഈ ഫണ്ടും ഉപയോഗിച്ചിട്ടില്ല. ഈ ഫണ്ടിന്റെ കാര്യത്തിൽ ദുരൂഹത മാത്രമേയുള്ളൂ. കേരളത്തിൽ ഓക്‌സിജനോ ഐ.സിയു കിടക്കകൾക്കോ വെന്റിലേറ്ററിനോ ഒരു ക്ഷാമവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാൻ ആവശ്യത്തിന് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും സെക്കന്റ് ലൈൻ സെന്ററുകളും ജില്ലാ കൊവിഡ് ആശുപത്രികളും ഇവിടെ തുറന്നിട്ടുണ്ട്. ഇതിന് പുറമെ ഓരോ താലൂക്കിലും ഒരു കൊവിഡ് ചികിത്സാ കേന്ദ്രമെങ്കിലും തുറക്കാനും തീരുമാനിച്ചിരിക്കയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ മികച്ച പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

( ലേഖകൻ സി.പി.എം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമാണ് )​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, A VIJAYARAGHAVAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.