തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ ഉറപ്പ് നൽകി.
നിലവിൽ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതിൽ 137 ആശുപത്രികൾ ആണ് നിലവിൽ സർക്കാർ നിശ്ചയിച്ച തുകയിൽ കൊവിഡ് ചികിത്സ നൽകുന്നത്. ബാക്കിയുളള ആശുപത്രികൾ കൂടെ സഹകരിക്കണമെന്നും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റിവയ്ക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന സാധാരണക്കാർക്ക് കൂടി ആശ്രയിക്കാൻ പറ്റുന്ന തരത്തിൽ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാൻ മാനേജ്മെൻറുകൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആംബുലൻസ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാൻ 108 ആംബുലസ് സർവീസുമായി സഹകരിക്കണം. ചികിത്സ ഇനത്തിൽ ചെലവായ തുക 15 ദിവസത്തിനുളളിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അതേസമയം, കിടക്കകൾ , ചികിത്സ ഇവ ഒരുക്കാം എന്ന് സമ്മതിച്ച മാനേജ്മെന്റ് അസോസിയേഷൻ പക്ഷേ ചികിത്സകൾക്ക് ഒരേ നിരക്ക് ഈടാക്കാൻ ആകില്ലെന്ന് അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നാണ് അസോസിയേഷൻ നിലപാട്. അമിതതുക ഈടാക്കി എന്ന പരാതി ഉണ്ടായാൽ അത് പരിഹരിക്കാൻ ജില്ലാതല സമിതി രൂപീകരിക്കണം. കളക്ടർ , ഡി എം ഒ , ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹി എന്നിവർ അംഗങ്ങളായ സമിതി അത് പരിശോധിച്ച് നടപടി എടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.