SignIn
Kerala Kaumudi Online
Saturday, 20 April 2024 8.47 AM IST

ഒഴിവായത് മഹാദുരന്തം

pooram

  • കാണികളുടെ നിയന്ത്രണം അപകട വ്യാപ്തി കുറച്ചു
  • ആൽമരത്തിന്റെ കൊമ്പ് ദ്രവിച്ച നിലയിൽ
  • ആൽമരം പതിറ്റാണ്ടുകൾ പഴക്കമുള്ളത്

തൃശൂർ : പൂരത്തിനിടെ ആൽമരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മഹാദുരന്തമാണ് ഒഴിവായത്. രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനാൽ അപകടം നടക്കുന്ന സമയത്ത് വാദ്യക്കാരും സംഘാടകരും അടക്കം വളരെ കുറവ് പേർ മാത്രമാണ് ഉണ്ടായിരുന്നത്. മുൻകാലങ്ങളിൽ രാത്രി പഞ്ചവാദ്യം നടക്കുമ്പോൾ നൂറ് കണക്കിന് പേരാണ് ഇവിടെ തടിച്ചു കൂടിയിരുന്നത്.


അത്തരമൊരു സാഹചര്യമായിരുന്നെങ്കിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേറ്റവരുടെ എണ്ണം നൂറുക്കണക്കിന് ആകാനുള്ള സാദ്ധ്യതയും ഏറെയായിരുന്നു. അതുകൊണ്ട് തന്നെ മരം വീഴുന്നത് കണ്ട ആളുകൾക്ക് ഒഴിഞ്ഞു മാറാനുള്ള സാഹചര്യം ഉണ്ടായതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുന്നതിന് തൊട്ട് മുന്നിലുള്ള ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞു വീണത്.

അപകടം നടക്കുമ്പോൾ യാതൊരു വിധ കാറ്റോ മഴയോ ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഏകദേശം അറുന്നൂറ് വർഷം പഴക്കമുള്ളതാണ് ആൽമരമെന്ന് പറയുന്നു. ഒടിഞ്ഞ ഭാഗം ദ്രവിച്ച നിലയിലാണ്. പന്തലിന്റെ മുന്നിലുള്ള റോഡിലേക്കാണ് മരം പതിച്ചത്. ഇവിടെയായിരുന്നു വാദ്യക്കാർ അടക്കം നിന്നിരുന്നത്. ആനയുടെ മുന്നിൽ നിന്നിരുന്ന കുത്തുവിളക്ക് പിടിച്ചിരുന്ന ആൾക്കും പന്തക്കാർക്കും പരിക്കേറ്റു. പന്തം പിടിച്ചിരുന്നവർ നിലത്ത് വീണു. പന്തം ആനയുടെ മുന്നിലേക്ക് ആളുകളുടെ ശരീരത്തിലേക്ക് വീഴാതിരുന്നതും മരം വീണ് പൊട്ടിയ വൈദ്യുതി കമ്പികളിൽ നിന്ന് വൈദ്യുതി പ്രവഹിക്കാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.

പഞ്ചവാദ്യം ആരംഭിച്ച് രണ്ടാം കാലത്തിൽ ഇടയ്ക്കയുടെ കൂട്ടിക്കൊട്ട് നടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. രാവിലെ പഞ്ചവാദ്യത്തിന് ഉണ്ടായിരുന്ന 35 പേരും രാത്രിയിൽ ഉണ്ടായിരുന്നു. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യത്തിൽ മദ്ദള പ്രമാണിയായിരുന്ന ചെർപ്പുളശേരി ശിവന് പകരം സദനം ഭരത് ചന്ദ്രനായിരുന്നു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. ഭരത്ചന്ദ്രന്റെ പരിക്ക് സാരമുള്ളതാണ്. കോട്ടയ്ക്കൽ രവിയായിരുന്നു പ്രമാണം. ഇദ്ദേഹത്തിനും പരിക്കേറ്റു. വാദ്യകലാകാരൻമാരായ കരിയന്നൂർ ഹരീഷ് നമ്പൂതിരി, ഉദയനാപുരം ഹരി, ഒറ്റപ്പാലം ഹരി, പേരാമംഗലം വിജയൻ, തൃക്കൂർ സജി, ഇടക്ക കലാകാരൻ തിച്ചൂർ മോഹനൻ തുടങ്ങിയ വാദ്യകലാകാരന്മാർക്കാണ് പരിക്കേറ്റത്. അന്തിക്കാട് സി.ഐയടക്കം പൊലീസുകാർക്കും പൂരം സംഘാടകർക്കും പരിക്കേറ്റു.

ആനയെ ഉടൻ നിയന്ത്രിച്ച് പാപ്പാന്മാർ

അപകടം നടന്നയുടനെ തിടമ്പേറ്റിയ കുട്ടൻ കുളങ്ങര അർജ്ജുനൻ അൽപ്പനേരം പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും പാപ്പാന്മാരുടെ അവസരോചിതമായ ഇടപെടലിലൂടെ നിയന്ത്രിക്കാൻ സാധിച്ചതും ഏറെ സഹായകരമായി. ആനപ്പുറത്ത് ഇരുന്നവരും സുരക്ഷിതരായി. ആന പരിഭ്രാന്തി സൃഷ്ടിച്ച് ഓടിയിരുന്നുവെങ്കിൽ സ്ഥിതി ഭയാനകമാകുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.


രക്ഷാപ്രവർത്തനം പൂർത്തിയായത്
ഒന്നരമണിക്കൂറിന് ശേഷം

അപകടം നടന്നയുടനെ വൈദ്യുതി കമ്പി പൊട്ടിവീണതിനാൽ അൽപ്പസമയം രക്ഷാപ്രവർത്തനത്തിലേക്ക് കടക്കാൻ വൈകിയെങ്കിലും അപകടത്തിൽപെടാതിരുന്ന പൂരം സംഘാടകരും മറ്റുള്ളവരും പൊലീസും ഉടൻ ഉണർന്ന് പ്രവർത്തിച്ചു. ഇതിനിടയിൽ ഫയർ ഫോഴ്‌സിന്റെ മൂന്നു യൂണിറ്റ് സ്ഥലത്തെത്തി. ഫയർ ഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസറായ വിജയകൃഷ്ണൻ , മറ്റ് ഉദ്യോഗസ്ഥരായ സജീവൻ, ലൈജു, കെ.എസ് നവീൻ, ഉണ്ണിമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒന്നര മണിക്കൂറിലേറെ നേരത്തെ ശ്രമഫലമായി മരങ്ങൾ മുറിച്ചു മാറ്റിയത്. ആക്ട്‌സ്, ദുരന്ത നിവാരണ സേന അംഗങ്ങൾ എന്നിവരും രക്ഷാ പ്രവർത്തനത്തിന് ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MARAM, ACCIDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.