SignIn
Kerala Kaumudi Online
Friday, 19 April 2024 7.46 AM IST

പ്രാണവായുവിനായി പിടയുന്ന ഇന്ത്യയുടെ നാവറുക്കാനല്ല ശ്രമിക്കേണ്ടത്, ഓക്സിജനും വാക്സിനും യഥേഷ്ടം ലഭിക്കാൻ വേണ്ട പണിയെടുക്കണം: എ എ റഹിം

narendra-modi

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച ട്വീറ്റുകൾ നീക്കം ചെയ്ത നടപടിയിൽ രൂക്ഷ വിമർശനവുമായി ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. ഇനി സ്വയം സേവകനു മുന്നിൽ ഒരു വഴിയേ ഉള്ളു. നിലവിളികൾ നിൽക്കണം, ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ അഭിമാനം കാക്കണം. നിരോധിക്കണം കറൻസി നിരോധിച്ചതുപോലെ. നമുക്ക് നിലവിളികൾ നിരോധിക്കാം ജി എന്നും റഹിം ഫേസ്ബുക്കിൽ പരിഹസിച്ചു.

പ്രാണവായുവിനായി പിടയുന്ന ഇന്ത്യയുടെ നാവറുക്കാനല്ല മുതലാളി ശ്രമിക്കേണ്ടത്. ഓക്സിജനും വാക്സിനും മനുഷ്യന് യഥേഷ്ടം ലഭിക്കാൻ വേണ്ട പണിയെടുക്കണം സർ. വാക്സിനും ജീവൻ രക്ഷാ മരുന്നും പെട്രോളും ഡീസലും പാചക വാതകവും മുതൽ രാജ്യ സുരക്ഷയ്ക്കുള്ള ആയുധങ്ങൾ വരെ സകലതും ഇന്ന് അതിസമ്പന്നരായ കമ്പനികൾ ഉല്പാദിപ്പിക്കുന്നു.അവർ വിലയിട്ട് വിൽക്കുന്നു.എല്ലാം വിപണിക്ക് വിട്ടു കൊടുത്ത ഈ ഒടുക്കത്തെ സാമ്പത്തികനയം തിരുത്തുകയാണ് വേണ്ടതെന്നും റഹിം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എ.എ. റഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഉച്ഛാടനം.

പ്രാണവായുവിനായി പിടയുകയാണ് എന്റെ രാജ്യം.

അവിശ്വസനീയമായ ഇന്ത്യ!!.

സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വിലക്കെന്ന് വാർത്തകൾ കാണുന്നു.കേന്ദ്ര സർക്കാരിനെതിരായ അഭിപ്രായങ്ങൾ ട്വിറ്റർ നീക്കം ചെയ്തതായാണ് വാർത്തകൾ.

ആശുപത്രി വരാന്തകളിലും,തെരുവിലും,ശ്മാശാനങ്ങളിലും ഇന്ത്യയുടെ കൂട്ടക്കരച്ചിലിലാണ് രാജ്യം ഉണരുന്നതും,ഉറക്കംതെറ്റിയ രാത്രികൾ തള്ളിനീക്കുന്നതും.ഭയാനകമായ കാഴ്ചകളിൽ ഇന്ത്യ വിതുമ്പുന്നു.

ശ്വാസം തേടിയുള്ള മനുഷ്യരുടെ കൂട്ടക്കരച്ചിൽ കാരണം ഇന്ദ്രപ്രസ്ഥത്തിലെ നീറോ ചക്രവർത്തിമാരുടെ അന്തപ്പുരങ്ങളിൽ അസ്വസ്ഥത പുകയുന്നു.വാക്സിൻ നിർമ്മിക്കുന്ന സ്വകാര്യ കുത്തകകളുടെ ആഗ്രഹങ്ങൾക്ക് ചുവട്ടിൽ ഒപ്പിട്ട് ഉറങ്ങാൻ കിടന്നതാണ് രാജാവ്.അപ്പോഴാണ് നാശം നിലവിളികൾ..താടിക്കാരൻ രാജാവ് ഇനിയെന്തുചെയ്യണം??.

ഈ നാശംപിടിച്ച നിലവിളികൾ ലോകത്തിന്റെ മുന്നിൽ തന്റെ മാനം കളയുന്നു.നാശങ്ങൾ,ശ്മശാനങ്ങളിലെങ്കിലും തിക്കിത്തിരക്കാതെ കരാറുകാർക്ക് മുന്നിൽ ക്യൂ നിന്നു കൂടെ? അനുസരണയും അച്ചടക്കവും ഇല്ലാത്ത നിങ്ങൾക്ക് എങ്ങനെ ശക്തമായ രാജ്യത്തെ പൗരന്മാരാകാൻ കഴിയും?കഷ്ടം!!.

ഇനി ഈ കോർപ്പറേറ്റുകളുടെ പ്രിയപ്പെട്ട

സ്വയം സേവകന് മുന്നിൽ ഒരു വഴിയേ ഉള്ളു.നിലവിളികൾ നിൽക്കണം,ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ അഭിമാനം കാക്കണം.

നിരോധിക്കണം കറൻസി നിരോധിച്ചതുപോലെ,

നമുക്ക് നിലവിളികൾ നിരോധിക്കാം ജി.

കാലങ്ങൾക്ക് മുൻപ് ജി ശങ്കരപ്പിള്ള എഴുതിയ നാടകമാണ് 'ഉച്ഛാടനം'.വില കൂടിയവസ്ത്രങ്ങൾ ധരിക്കുന്ന ആഡംബരപ്രിയനും അല്പനുമായ ഒരു രാജാവ്.നാട്ടിലാണേൽ പട്ടിണിയാണ്,കൊടുംപട്ടിണി.വിശന്നു മരിച്ചു വീഴുന്ന പ്രജകൾ.തെരുവുകളിൽ വിശക്കുന്നേ എന്ന ഹൃദയം പിളർക്കുന്ന നിലവിളികൾ.

രാജാവ് സുഖലോലുപനായി തുടർന്നു.

നാശം പിടിച്ച ഇവറ്റകളുടെ നിലവിളി സഹിക്കാനാവുന്നില്ല.രാജാവ് അസ്വസ്ഥനായി.എങ്ങനെയും ഈ ദാരിദ്ര്യം ഉച്ഛാടനം ചെയ്യണം.രാജാവ് അടിയന്തിരമായി സഭ വിളിച്ചു.നമുക്ക് ഈ നിലവിളികൾ നിർത്തണം.ദാരിദ്ര്യം ഉച്ഛാടനം ചെയ്യാനുള്ള നിർദേശങ്ങൾ മന്ത്രിമാരും വിദൂഷകരും തിരുമുന്നിൽ സമർപ്പിച്ചു..എല്ലാം കേട്ടിരിക്കുന്ന രാജാവ് ഒടുവിൽ ദാരിദ്ര്യ ഉച്ഛാടനത്തിനുള്ള തന്റെ ബുദ്ധി മുന്നോട്ട് വച്ചു.വിശക്കുന്നേ എന്ന് ആരും ഇനി നിലവിളിക്കരുത്,വിശപ്പിന്റെ നിലവിളികൾ രാജ്യത്തിന് അപമാനമാണ്.നമുക്കത് ഉച്ഛാടനം ചെയ്യണം.

അതിന് അവറ്റകളുടെ നാവറുക്കണം.

സൈന്യം പുറപ്പെടട്ടെ...വിശന്നുകരയുന്നവരുടെ നാവറുക്കണം ..വിശപ്പിന്റെ നിലവിളികൾ അവസാനിക്കണം...പട്ടിണി ഉച്ഛാടനം ചെയ്യണം.

തിരുമനസ്സിന്റെ കല്ലേപ്പിളർക്കുന്ന കല്പനയ്ക്ക് പിന്നാലെ കിങ്കരന്മാർ നാവറുക്കാനുള്ള കത്തിയുമായി നാടു ചുറ്റി.അന്നത്തിനായി അലമുറയിട്ടനാക്കുകൾ അരിഞ്ഞെടുത്തു.

ഉച്ഛാടനം പുരോഗമിക്കുന്നു...രാജ്യമാകെ നിലവിളികൾ രക്‌തം വാർന്നൊഴുകി മരിച്ചു വീണു.എന്നാൽ ഒരു കഥാപാത്രത്തിന് മുന്നിൽ രാജകല്പന തോറ്റുപോകുന്നു.അറുത്തുമാറ്റുംതോറും അവന്റെ നാവ് വളരുന്നു....

പ്രാണവായുവിനായി പിടയുന്ന ഇന്ത്യയുടെ നാവറുക്കാനല്ല മുതലാളി ശ്രമിക്കേണ്ടത്.ഓക്സിജനും വാക്സിനും മനുഷ്യന് യഥേഷ്ടം ലഭിക്കാൻ വേണ്ട പണിയെടുക്കണം സർ.

വാക്സിനും ജീവൻ രക്ഷാ മരുന്നും പെട്രോളും ഡീസലും പാചക വാതകവും മുതൽ രാജ്യ സുരക്ഷയ്ക്കുള്ള ആയുധങ്ങൾ വരെ സകലതും ഇന്ന് അതിസമ്പന്നരായ കമ്പനികൾ ഉല്പാദിപ്പിക്കുന്നു.അവർ വിലയിട്ട് വിൽക്കുന്നു.എല്ലാം വിപണിക്ക് വിട്ടു കൊടുത്ത ഈ ഒടുക്കത്തെ സാമ്പത്തികനയം തിരുത്തുകയാണ് വേണ്ടത്.

ജീവവായുവിന് വേണ്ടി രാജ്യത്തെ ക്യൂ നിർത്തിയ ഭരണാധികാരിയായി ചരിത്രം മോദിയെ രേഖപ്പെടുത്തും.

കമ്പനികളുടെ ലാഭക്കണക്കിലെ അക്കങ്ങൾ മാത്രമാണ് ഇന്നത്തെ ഇന്ത്യയിലെ മനുഷ്യർ.

ലജ്ജിച്ചു തലതാഴ്ത്തുകയല്ല,പൊരുതാൻ തല ഉയർത്തുകയാണ് രാജ്യം.ശ്മാശനങ്ങളിൽ തലകുനിച്ചിരുന്നു കരയുന്ന ഈ മനുഷ്യർ ഇന്ദ്രപ്രസ്ഥത്തിലേക്ക് തലയുയർത്തിപ്പായുന്ന കാലം വിദൂരമല്ല.

അറുത്തുമാറ്റുമ്പോഴും,വളരുന്ന നാവുകൾ നാടുണർത്തുന്ന മുദ്രാവാക്യങ്ങൾ പാടും.

പ്രാണവായുവിനായി കൈകൂപ്പിനിൽക്കുന്ന കൈകൾ ഇടിമുഴക്കമായി ഉയർന്നു താഴും..

നിസ്വരുടെ നിലവിളികൾക്ക് അസാധാരണമായ കരുത്താണ്‌.

കല്ലേപ്പിളർക്കാൻ കരുത്തുള്ള ശക്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AA RAHIM, RAHIM, DYFI, NARENDRA MODI, MODI, OXYGEN, COVID, COVID19, TWITTER, TWEET BAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.